2024 മെയ് വരെ പ്രക്ഷോഭം തുടരാന്‍ കര്‍ഷകര്‍ തയാര്‍: രാകേഷ് ടിക്കായത്ത്
നാഗ്പുര്‍: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം 2024 മെയ് വരെ തുടരാന്‍ കര്‍ഷക സംഘടനകള്‍ തയാറാണെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.
നാഗ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടിക്കായത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
സമരം എത്രകാലം തുടര്‍ന്നു കൊണ്ടുപോകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ' 2024 മെയ് വരെ സമരമിരിക്കാന്‍ തങ്ങള്‍ തയാറാണ്. മൂന്നു നിയമങ്ങളും പിന്‍വിലിക്കണെന്നും താങ്ങുവില സംബന്ധിത്ത് സര്‍ക്കാര്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യം' ടികായത് പറഞ്ഞു.
2024 ഏപ്രില്‍ - മെയ് മാസങ്ങളില്‍ രാജ്യത്ത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബികെയു നേതാവ് ഇക്കാര്യം പറഞ്ഞത്. കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജം പകരുന്നത് സമ്പന്ന കര്‍ഷകരാണെന്ന ആരോപണം അദ്ദേഹം തള്ളി. ഗ്രാമവാസികളായ കര്‍ഷകരും വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഗ്രാമവാസികളായ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുത്ത നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരവും നീണ്ടുപോകും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാണ്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ പ്രക്ഷോഭം നടത്തേണ്ടിവന്നത്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേസുകള്‍ നേരിടാനും ജയിലില്‍ കിടക്കാനും വസ്തുവകകള്‍ കണ്ടുകെട്ടുന്ന സാഹചര്യം നേരിടാനും തയാറായിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന പലര്‍ക്കും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നോട്ടീസ് നല്‍കിയകാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് രാകേഷ് ടിക്കായത്ത് ഇക്കാര്യം പറഞ്ഞത്. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഞായറാഴ്ചയും ആവര്‍ത്തിച്ചു. അതിനിടി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."