വളർത്തുമകൾ കൊല്ലപ്പെട്ടതിലുള്ള പൊലിസ് ക്രൂരത ; ഉദ്യോഗസ്ഥർക്കെതിരേ നടപടിയും ദമ്പതികൾക്ക് നഷ്ടപരിഹാരവും നൽകണം: വി.ഡി സതീശൻ
തിരുവനന്തപുരം
വളർത്തുമകൾ കൊല്ലപ്പെട്ട കേസിൽ നിരപരാധികളായ കോവളം ആഴാകുളംചിറയിൽ ചരുവിളവീട്ടിൽ ആനന്ദൻ ചെട്ടിയാരോടും ഭാര്യ ഗീതയോടും കോവളം പൊലിസ് കാട്ടിയ ക്രൂരതയിൽ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണെന്നും പൊലിസിന് ഗുണ്ടാ മനോഭാവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും രോഗികളായ ദമ്പതികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അപരിഷ്‌കൃതമായ അന്വേഷണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വളർത്തുമകളുടെ മരണം ഏറ്റെടുക്കാൻ പൊലിസ് ദമ്പതികളെ മർദിച്ചു. ഇങ്ങനെയാണെങ്കിൽ ഗുണ്ടകളും പൊലിസും തമ്മിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. കാൻസർ ബാധിതയായ ഗീതയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞ വി.ഡി സതീശൻ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കത്തുനൽകി. മകളെ നഷ്ടപ്പെടുകയും ഒപ്പം കടുത്ത നീതി നിഷേധം നേരിടുകയും ചെയ്ത കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്ന് സതീശൻ കത്തിൽ ആവശ്യപ്പെട്ടു. മക്കളില്ലാത്തതിനാൽ ആനന്ദൻ-ഗീത ദമ്പതികൾ എടുത്ത് വളർത്തിയതാണ് 14കാരിയായ പെൺകുട്ടിയെ. 2020 ഡിസംബറിലാണ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതികളായ റഫീഖയും മകൻ ഷെഫീഖും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. എന്നാൽ ഒരു വർഷത്തിനുശേഷം ശാന്തകുമാരിയെന്ന സ്ത്രീകൂടി ഇവരുടെ കൈകളാൽ കൊല്ലപ്പെട്ടതോടെയാണ് പൊലിസ് ക്രൂരമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ച ദമ്പതികൾ നിരപരാധികളാണെന്ന് തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."