ഖുർആനിക പഠനങ്ങളെ സമീപിക്കേണ്ടത് ആധികാരികതയോടെ: ജിഫ്‌രി തങ്ങൾ അന്താരാഷ്ട്ര ഖുർആൻ ഗവേഷണ കേന്ദ്രം പ്രൊജക്ട് ലോഞ്ചിങ് നിർവഹിച്ചു
കോഴിക്കോട്
ഖുർആനിക പഠനങ്ങളെ സമീപിക്കേണ്ട രീതിശാസ്ത്രം ആധികാരികവും ഗഹനവുമാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. ശംസുൽ ഉലമ ഇസ് ലാമിക് കോംപ്ലക്‌സിനു കീഴിൽ മുണ്ടക്കുളത്ത് ഒരുക്കുന്ന ഇന്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തഫ്‌സീർ അൽഖുർആനിന്റെ (ഇരിതാഖ്) പ്രൊജക്ട് ലോഞ്ചിങ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിക പഠനങ്ങൾക്ക് ആഗോള തലത്തിൽ സ്വീകരിക്കപ്പെടുന്ന അഹ്‌ലുസുന്നയുടെ പ്രാമാണിക തഫ്‌സീറുകളെ അവലംബമാക്കിയാകണം ഇത്തരം പഠനങ്ങളെ സമീപ്പിക്കേണ്ടതെന്നും ഇതിലൂടെ ഖുർആനിന്റെ സത്യസന്ദേശം സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടത് പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വലിയൊരു ദൗത്യത്തിനാണ് ശംസുൽ ഉലമ ഇസ് ലാമിക് കോംപ്ലക്‌സ് ഒരുങ്ങുന്നത്. ഖുർആനിന്റെ ആഴമറിഞ്ഞ പണ്ഡിതനായ ശംസുൽ ഉലമയുടെ അന്ത്യാഭിലാഷമാണ് ഇതോടുകൂടി പൂവണിയുന്നത്. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനിനെ കൃത്യമായി വ്യാഖ്യാനിക്കാനാവില്ല. ഭാഷയെ പോലെ തന്നെ ഖുർആനിന്റെ ആശയങ്ങളും ആഴത്തിലറിഞ്ഞ് വേണം ഖുർആനിനെ വ്യാഖ്യാനം ചെയ്യാൻ. യോഗ്യരായ പണ്ഡിതൻമാരെ വാർത്തെടുക്കുകയാണ് ഇരിതാഖിന്റെ ലക്ഷ്യമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന സംഗമത്തിൽ എസ്.എം.ഐ.സി പ്രസിഡന്റ് സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. നമ്മുടെ ജീവിതത്തിൽ കൈവന്ന വലിയൊരു സൗഭാഗ്യമാണ് ഇരിതാഖെന്നും അന്താരാഷ്ട്ര തലത്തിലേക്ക് യോഗ്യരായ പണ്ഡിതൻമാരെ വാർത്തെടുക്കാൻ ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലായ യൂനിവേഴ്‌സിറ്റി സീനിയർ പ്രൊഫസർ ഡോ. സയ്യിദ് മൂസ അൽഖാളിമി തങ്ങൾ മലേഷ്യ ആമുഖ പ്രഭാഷണം നിർവഹിച്ചു. മാനു തങ്ങൾ വെല്ലൂർ പദ്ധതിയുടെ വിഡിയോ പ്രകാശനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പദ്ധതി വിശദീകരിച്ചു. ബോർഡ് അംഗങ്ങളുടെ പ്രഖ്യാപനം മുസ്തഫ മുണ്ടുപാറ നടത്തി. സമസ്ത മുശാവറ അംഗങ്ങളായ എം.പി മുസ്തഫൽ ഫൈസി, ഉമർ ഫൈസി മുക്കം, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, എ.കെ അലവിക്കുട്ടി ഒളവട്ടൂർ, പൂക്കോയ തങ്ങൾ, സിദ്ദീഖ് ഹാജി എറണാകുളം, ഡോ. കെ.പി ഹസൻ ശരീഫ് വാഫി സംസാരിച്ചു. ശംസുൽ ഉലമ ഇസ് ലാമിക് കോംപ്ലക്‌സ് ജന. സെക്രട്ടറി അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം സ്വാഗതവും പി. മുഹമ്മദ് കാമിൽ കരിപ്പൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."