തിരുവല്ലയില്‍ കളത്തിലിറങ്ങാന്‍ പി.ജെ കുര്യന്‍; വെട്ടിവീഴ്ത്താന്‍ യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: തിരുവല്ല നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാന്‍ കച്ചകെട്ടുന്ന മുതിര്‍ന്ന നേതാവ് പ്രൊഫ. പി.ജെ കുര്യനെതിരേ യൂത്ത് കോണ്‍ഗ്രസ്. തിരുവല്ല സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. പകരം റാന്നി സീറ്റ് വിട്ടുനല്‍കും.
ഇതുസംബന്ധിച്ച് യു.ഡി.എഫില്‍ ഏകദേശ ധാരണയായിക്കഴിഞ്ഞു. ഇതിനു പിന്നാലെ തിരുവല്ലയില്‍ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ കുര്യന്‍ അറിയിച്ചെന്നാണ് വിവരം. ഇതേതുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ചിലരൊഴിച്ച് 65 വയസിനു മുകളിലുള്ള നേതാക്കള്‍ ആരുംതന്നെ മത്സരിക്കേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തില്‍ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കുമെങ്കില്‍ റിബല്‍ സ്ഥാനാര്‍ഥിയെ ഇറക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി.
പത്തനംതിട്ടയില്‍ ദീര്‍ഘകാലമായി യു.ഡി.എഫിനു നഷ്ടപ്പെടുന്ന മണ്ഡലങ്ങളാണ് തിരുവല്ലയും റാന്നിയും. കേരള കോണ്‍ഗ്രസ് മത്സരിച്ചു തോറ്റുകൊണ്ടിരിക്കുന്ന മണ്ഡലമാണ് തിരുവല്ല. റാന്നിയില്‍ കോണ്‍ഗ്രസും സമാനമായ സാഹചര്യത്തിലാണ്. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലാണ് വില്ലനാകുന്നതെങ്കില്‍ നല്ലൊരു സ്ഥാനാര്‍ഥി ഇല്ലാത്തതാണ് റാന്നിയില്‍ കോണ്‍ഗ്രസ് നേരിട്ടിരുന്ന വിഷയം. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് സീറ്റു വച്ചുമാറ്റം.
കുര്യനെ ഇറക്കി തിരുവല്ല നിഷ്പ്രയാസം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ മൂന്നു ടേമായി ജനതാദള്‍- എസിന്റെ അഡ്വ. മാത്യു ടി. തോമസാണ് തിരുവല്ല എം.എല്‍.എ.
കേരള കോണ്‍ഗ്രസി(എം)ലെ തമ്മിലടിയും മാര്‍ത്തോമ്മാ വോട്ടുകളുമാണ് ഇക്കാലത്തെല്ലാം യു.ഡി.എഫിന് വില്ലനായത്. കുര്യനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം നല്ലൊരു ശതമാനം മാര്‍ത്തോമ്മാ വോട്ടുകളും ലഭിക്കുമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ട്.
മാത്യു ടി. തോമസ് മാര്‍ത്തോമ്മ വിഭാഗക്കാരനാണെങ്കിലും സഭയ്ക്കു കൂടുതല്‍ അടുപ്പവും കടപ്പാടും കുര്യനോടാണെന്നതും അനുകൂല ഘടകമാണ്. കൂടാതെ വിഭജിച്ചുപോയിരുന്ന കേരള കോണ്‍ഗ്രസ് വോട്ടുകള്‍കൂടി സമാഹരിക്കാമെന്നും കോണ്‍ഗ്രസ് കരുതുന്നു.
ഇതിനു റിബല്‍ ഭീഷണി മുഴക്കി തടയിടാനുള്ള നീക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസ്. കുര്യനെ എതിര്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മൗനസമ്മതം ഇതിനുണ്ടെന്നും സൂചനയുണ്ട്. കുര്യനു പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിന്‍ പരുമല അടക്കമുള്ളവരെ നിര്‍ദേശിക്കാനുള്ള ചര്‍ച്ചയും യൂത്ത് കോണ്‍ഗ്രസില്‍ സജീവമാണ്. എന്തായാലും സീറ്റ് വച്ചുമാറല്‍ സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതുവരെ കാക്കാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."