മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; ലഭിച്ചത് 30 അപേക്ഷകള്‍ മാത്രം
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ മുസ്‌ലിം, നാടാര്‍ സമുദായത്തില്‍പ്പെട്ട പ്ലസ് വണ്‍, കോളജ് വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇത്തവണ അപേക്ഷകര്‍ നാമമാത്രം.
സ്‌കോളര്‍ഷിപ്പ് തുക ഒരു വര്‍ഷം 125 രൂപ മാത്രമായതിനാലാണ് അപേക്ഷകര്‍ ഇല്ലാതായത്. ഈ മാസം 20ന് അവസാനിക്കാനിരിക്കേ 14 ജില്ലകളിലായി ഇതുവരെ ആകെ ലഭിച്ചത് 30ല്‍ താഴെ അപേക്ഷകള്‍ മാത്രമാണ്.
പെണ്‍കുട്ടികളുടെ പഠന ചെലവിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 300 മുതല്‍ 5000വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോഴാണ് 15 വര്‍ഷം മുമ്പുള്ള സ്‌കോളര്‍ഷിപ്പ് തുകയായ 125 രൂപ അതേപ്പടി ഇപ്പോഴും സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പ് തുടര്‍ന്നുവരുന്നത്.
എന്നാല്‍ സ്‌കോളര്‍ഷിപ്പിനു വേണ്ടി വിദ്യാര്‍ഥിനി ചെലവഴിക്കേണ്ടത് 750 രൂപയിലധികം. സ്‌കോളര്‍ഷിപ്പിന് ദേശാല്‍കൃത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണെന്നിരിക്കേ അക്കൗണ്ട് തുടങ്ങണമെങ്കില്‍ മിനിമം 500-1000 രൂപ ബാലന്‍സ് നിര്‍ത്തണം.
ഓണ്‍ലൈനായതിനാല്‍ അപ്‌ലോഡ് ചെയ്യുന്നതിനും വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകള്‍ ഉണ്ടാക്കുന്നതിനു വേറെ തുകയും ചെലവഴിക്കണം.
എല്ലാം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വര്‍ഷാവസാനം പത്തുമാസത്തേക്കായി അക്കൗണ്ടിലേക്ക് 125 രൂപ ഒറ്റതവണയായി സര്‍ക്കാര്‍ നല്‍കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മറ്റെല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും 5000 മുതല്‍ 10000വരെയാണ് വാര്‍ഷിക തുക ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് സ്‌കോളര്‍ഷിപ്പ് ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. തുക കുറവാണെന്നു കണ്ട് പെണ്‍കുട്ടികള്‍ അപേക്ഷിക്കാന്‍ മടിക്കുകയാണെന്ന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു. അപേക്ഷകള്‍ കുറഞ്ഞുവരുന്നതോടെ ഭാവിയില്‍ ഈ സ്‌കോളര്‍ഷിപ്പ് നിര്‍ത്താനാണ് ശ്രമമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."