കാലിക്കറ്റ് ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ പ്രഖ്യാപിച്ചു: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27ന് തുടങ്ങാനിരിക്കെ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍. നേരത്തെ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച്ചയില്‍ പരീക്ഷ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇപ്പോള്‍ പരീക്ഷ തുടങ്ങുന്നതിന് കേവലം ഒമ്പത് ദിവസം മുമ്പ് മാത്രമാണ് പരീക്ഷയുടെ ടൈംടേബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 5 വരെ ടൂഷന് ക്ലാസുകള്‍ നിശ്ചയിച്ചിരുന്നിട്ടും ക്ലാസുകള്‍ അവസാനിക്കുന്നതിന് മുമ്പെയാണ് പരീക്ഷ നടത്താനുള്ള തീരുമാനം വന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ പണമടച്ചിട്ടുള്ള ടൂഷന് ക്ലാസുകള്‍ കൃത്യമായി നടപ്പിലായുമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ലഭിക്കേണ്ട സ്റ്റഡി മെറ്റീരിയല്‍ ഇതുവരെയും ലഭിച്ചിട്ടുമില്ല.
വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും ദുരിതത്തിലാക്കുന്ന നീക്കമാണ് സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കാവുന്ന ഈ തീരുമാനം അടിയന്തിരമായി പുനഃപ്പരിശോധിച്ച് സ്റ്റഡി മെറ്റീരിയലുകള്‍ ലഭ്യമായതിനും ടൂഷന് ക്ലാസുകള്‍ പൂര്‍ത്തിയായതിനും ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."