അതിര്‍ത്തി ഗാന്ധി
സിരകളില്‍ പത്താന്‍ വംശത്തിന്റെ പൗരുഷമുള്ള ചോരയാണ് ഒഴുകുന്നതെങ്കിലും അഹിംസയുടെ വഴികളില്‍ ഗാന്ധിജിക്കൊപ്പം സഞ്ചരിക്കാനാണ് ഗാഫര്‍ ഖാന്‍ ഇഷ്ടപ്പെട്ടത്.
ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും അഹിംസയുള്‍പ്പെടെയുള്ള ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ച ജീവിതവുമാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാനെ അതിര്‍ത്തി ഗാന്ധി എന്ന അപരനാമധേയത്തിന് അര്‍ഹനാക്കിയത്.
ഖൈബര്‍ ചുരത്തിനു സമീപത്തുള്ള പഴയ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിലുള്ള ഛര്‍സദ്ദ തെഹ്‌സിലിലെ ഉത്ത്മന്‍സായി എന്ന ഗ്രാമത്തിലാണ് ബാദ്ഷ എന്നറിയപ്പെട്ട ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ 1890-ല്‍ ജനിച്ചത്. 1919-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ റൗലത്ത് ആക്ടിനെതിരായ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഗാഫര്‍ ഖാന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. തന്റെ ഗ്രാമത്തില്‍വച്ച് ബില്ലിനെതിരേ നടത്തിയ ആദ്യ രാഷ്ട്രീയ പ്രസംഗം അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ ശത്രുവാക്കി മാറ്റി. ഇതേ തുടര്‍ന്ന് ഗാഫര്‍ഖാനും പിതാവും അറസ്റ്റിലായി.
ഖിലാഫത്ത് പ്രക്ഷോഭ നേതൃത്വം
1921-ല്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പെഷവാറിലെ നേതൃത്വം ഗാഫര്‍ ഖാനായിരുന്നു. ഇന്ത്യയില്‍ സൈന്യത്തിലെ കമ്മിഷന്‍സ് ഓഫിസര്‍ പദവി സ്വീകരിച്ച അദ്ദേഹം പിന്നീട് സമ്പത്ത് എല്ലാം ഉപേക്ഷിച്ചാണ് ഗാന്ധിജിയുടെ ശിഷ്യനായത്.
നാലുവര്‍ഷത്തോളം പെഷവാറില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ ഗാഫര്‍ ഖാന്‍ 1929-ല്‍ ഖുദായ് ബിദ്മത്ഗര്‍ (ദൈവത്തിന്റെ സേവകര്‍) എന്ന പേരില്‍ ചെങ്കുപ്പായമണിഞ്ഞ ഒരു സന്നദ്ധസേനയും സംഘടനയും രൂപീകരിച്ചു.
ഹിന്ദു-മുസ്‌ലിം മൈത്രി
1924-ല്‍ അതിര്‍ത്തിപ്രദേശത്തുണ്ടായ വര്‍ഗീയ ലഹള ഖാനെ ഏറെ വേദനിപ്പിച്ചു. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ഗാഫര്‍ ഖാന്‍ അഹോരാത്രം പ്രയത്‌നിച്ചു. ദൈവത്തിന്റെ സേവകന്മാര്‍ എന്ന സംഘടനയുടെ പ്രചരണാര്‍ഥം ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് സ്‌നേഹത്തിന്റെയും അഹിംസയുടെയും ത്യാഗത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച ഖാനെ 1937-ല്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് നിരോധിക്കുകപോലുമുണ്ടായി.
സമരായുധം അഹിംസ
അതിര്‍ത്തി ഗാന്ധി എന്ന അപരനാമത്തിലാണ് പിന്നീട് അറിയാന്‍ തുടങ്ങിയത്. പൊതുവേ അക്രമസ്വഭാവമുള്ള പത്താന്‍ വര്‍ഗക്കാരെ ഗാന്ധിജിയുടെ അഹിംസാമാര്‍ഗത്തിലൂടെ നയിക്കുകയായിരുന്നു ഗാഫര്‍ ഖാന്റെ ജീവിതലക്ഷ്യം. ഈ ദൗത്യത്തില്‍ ഒരു പരിധി വരെ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ ജീവിതം വിമര്‍ശനാത്മകമായി പഠിക്കാന്‍ ശ്രമിച്ച ഗാഫര്‍ ഖാന്‍ അദ്ദേഹത്തെ ആവുന്നത്ര സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചു.
ഗാന്ധിജിയുടെ യഥാര്‍ഥ അനുയായി
1920 മുതല്‍ 1947 വരെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായിരുന്ന ഗാഫര്‍ ഖാന്‍ ഈ കാലയളവില്‍ 14 വര്‍ഷത്തോളം ജയില്‍വാസം അനുഷ്ടിച്ചു. ഗാന്ധിജിയുടെ യഥാര്‍ഥ അനുയായി ആയ ഖാന്‍ 1939-ല്‍ രണ്ടാം ലോകമഹായുദ്ധത്തോട് പാര്‍ട്ടി അനുവര്‍ത്തിച്ച നിലപാടിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. 1940-ല്‍ ഗാഫര്‍ ഖാന്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇന്ത്യാ വിഭജനത്തില്‍ ഏറ്റവും ദുഃഖിച്ച വ്യക്തിയായിരുന്നു ഗാഫര്‍ ഖാന്‍. 1928-ല്‍ തന്റെ ആശയപ്രചാരണത്തിനായി പുഷ്‌തോ ഭാഷയില്‍ പഷ്തൂണ്‍ എന്നൊരു മാസിക പുറത്തിറക്കിയിരുന്നു. 1988 ജനുവരി 20-ന് അദ്ദേഹം പെഷ്‌വാറില്‍ അന്ത്യശ്വാസം വലിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിക്കും സാമൂഹിക പുരോഗതിക്കും ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ നല്കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ച് 1987-ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."