ആസൂത്രണം വിജയിച്ചു; ഉമ്മന്‍ചാണ്ടി എത്തുന്നത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുമായി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈകളിലേക്ക് വീണ്ടും യു.ഡി.എഫിന്റെ കടിഞ്ഞാണെത്തുന്നത് വ്യക്തമായി നടപ്പാക്കിയ ആസൂത്രണത്തിലൂടെ. യു.ഡി.എഫ് ഘടകകക്ഷികള്‍ക്കു പുറമെ എന്‍.എസ്.എസും ക്രൈസ്തവ സഭകളുമടക്കം വിവിധ സാമുദായിക വിഭാഗങ്ങളുടെ പിന്തുണകൂടി ഉറപ്പിച്ചാണ് ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായതോടെ യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. യു.ഡി.എഫ് ചെയര്‍മാനാകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെങ്കിലും രണ്ട് അധികാരകേന്ദ്രങ്ങള്‍ വേണ്ടെന്ന നിലപാടില്‍ അദ്ദേഹം പദവി നിരസിച്ചു. പിന്നീട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമായെങ്കിലും കേരളത്തില്‍ മുന്നണിയെ നയിക്കാന്‍ തയാറായില്ല.
എന്നാല്‍ നിയമസഭാംഗത്വ സുവര്‍ണജൂബിലി ആഘോഷം മുന്‍നിര്‍ത്തി യു.ഡി.എഫ് നായകത്വം തിരിച്ചുപിടിക്കാന്‍ വ്യക്തമായ ഗെയിം പ്ലാനോടെയാണ് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും നീങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലടക്കം യു.ഡി.എഫ് കനത്ത തിരിച്ചടി നേരിട്ടതോടെ മുന്നണിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി വേണമെന്നതിലേക്ക് കാര്യങ്ങളെത്തി. യു.ഡി.എഫിനെ മുസ്‌ലിം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന വര്‍ഗീയ കാര്‍ഡിറക്കി സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കളി തുടങ്ങിയതും മുന്നണിയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.
പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. എന്നാല്‍ ആ മികവ് വോട്ടാക്കി മാറ്റാനാവുന്നില്ലെന്ന തിരിച്ചറിവാണ് ഉമ്മന്‍ ചാണ്ടിയെ നായകനാക്കാനുള്ള ആലോചനയിലെത്തിയത്. കൂടാതെ മുസ്‌ലിം ലീഗ് അടക്കമുള്ള മറ്റു ഘടകകക്ഷികളും അദ്ദേഹം നേതൃത്വത്തിലേക്കു വരണമെന്ന ആവശ്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചിരുന്നു. മധ്യകേരളത്തില്‍ കൈവിട്ടുപോയ പരമ്പരാഗത യു.ഡി.എഫ് വോട്ട് ബാങ്ക് തിരികെ പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി നേതൃനിരയിലേക്കെത്തുന്നതോടെ കഴിയുമെന്ന ഉറച്ച പ്രതീക്ഷയും ഹൈക്കമാന്‍ഡ് നീക്കത്തിനു പിന്നിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ തന്നെ എന്‍.എസ്.എസുമായും വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സാമുദായിക സമവാക്യങ്ങള്‍ ഉറപ്പാക്കി മുന്നണിയെ ഒറ്റക്കെട്ടായി വിജയത്തിലേക്കു നയിക്കുകയെന്ന വലിയ ദൗത്യമാണ് ഉമ്മന്‍ ചാണ്ടിക്കു മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."