ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍തോതില്‍ സംവരണ അട്ടിമറി നടക്കുന്നെന്ന് ടി.എ അഹമ്മദ് കബീര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയതോതില്‍ സംവരണ അട്ടിമറി നടക്കുന്നതായി ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം എല്ലാ കോഴ്‌സുകളിലേക്കും ഏകീകരിച്ച് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.
സംവരണം പ്രധാന വിഷയമാണ്. സാമൂഹ്യനീതിക്കുവേണ്ടി എല്ലാ സംവരണ വിഭാഗങ്ങള്‍ക്കും തുല്യ അവസരം ലഭിക്കുമ്പോഴാണ് നവോത്ഥാനം സാധ്യമാകുന്നത്. എന്നാല്‍ ഈ രംഗത്ത് ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംവരണ സമുദായങ്ങള്‍ക്ക് വലിയതോതിലുള്ള ആശങ്കയുണ്ട്. എസ്.എന്‍.ഡി.പി ജനറല്‍ കൗണ്‍സില്‍ ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അവര്‍ സര്‍ക്കാരിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്ക സമുദായ വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണമെന്നാണ് എസ്.എന്‍.ഡി.പി മുന്നോട്ടുവയ്ക്കുന്നത്. ജനസംഖ്യാനുപാതികമായി സംവരണം ലഭിക്കുന്നില്ല. രണ്ട് യുവ ഡോക്ടര്‍മാരായ ഹൃദയ, സജിത്‌രാജ് എന്നിവര്‍ സംവരണ അട്ടിമറിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട സമുദായ സംഘടനകള്‍ പറഞ്ഞിട്ടും സര്‍ക്കാരിന് ചലനമില്ല.
കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ സംവരണ അട്ടിമറി നടക്കുന്നത്. ഇത് അടിയന്തരമായി പരിഹരിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് തനിക്കറിയേണ്ടതെന്നും അഹമ്മദ് കബീര്‍ ആവര്‍ത്തിച്ചു ചോദിച്ചു.
അതേസമയം മെഡിക്കല്‍ പി.ജി കോഴ്‌സിന് എസ്.ഇ.ബി.സി സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന പിന്നാക്ക വികസന കമ്മിഷന്റെ പരിശോധനയിലാണെന്നും അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടുന്ന മുറയ്ക്കു മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും മന്ത്രി കെ.ടി ജലീല്‍ മറുപടി നല്‍കി. സംസ്ഥാനത്തെ സര്‍വകലാശാലകളിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനത്തിന് അതത് സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസുകളുടെയും അതത് സമയങ്ങളിലെ സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥി പ്രവേശനത്തിന് സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുവരുന്നത്. നിലവില്‍ സംസ്ഥാനത്തെ ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2006ലെ ഉത്തരവ് പ്രകാരമാണ് സംവരണം നല്‍കിവരുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."