ആരാണ് മുഖ്യശത്രു?
ആരാണ് മുഖ്യശത്രുവെന്നത് കമ്യൂണിസ്റ്റുപാർട്ടികൾ ആരംഭം മുതൽ നേരിടുന്ന സമസ്യയാണ്. പാർട്ടിയുടെ അന്താരാഷ്ട്ര മുഖ്യശത്രു ബൂർഷ്വാ മുതലാളിത്ത രാഷ്ട്രമായി അവർ പറഞ്ഞു പഠിച്ച അമേരിക്കയാണ്. ഇന്ത്യയിലാരാണു മുഖ്യശത്രുവെന്നു നാലു സി.പി.എം നേതാക്കളോട് ചോദിച്ചാൽ നാലുവഴിക്കു ചൂണ്ടും. സി.പി.ഐ നേതാവ് ബിനോയ് വിശ്വമാണ് കഴിഞ്ഞ ദിവസം മുഖ്യശത്രു പ്രയോഗം വീണ്ടും ചർച്ചയാക്കിയത്. സി.പി.എം മറക്കാൻ ആഗ്രഹിക്കുന്ന സമസ്യയിൽ ചർച്ച തുടങ്ങിവച്ച അദ്ദേഹം പറയുന്നത് കേരളത്തിലെ രാഷ്ട്രീയസ്ഥിതി നോക്കി കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ കാണാനാവില്ലെന്നാണ്-ഇപ്പോഴും കൺഫ്യൂഷൻ. മുഖ്യശത്രുവിനെ നിശ്ചയിച്ചാൽ ചെറുത്തുതോൽപ്പിക്കാൻ എങ്ങനെ കഴിയുമെന്നും വിപ്ലവപ്രസ്ഥാനത്തെ എങ്ങനെ അജയ്യമാക്കാമെന്നുമുള്ള നിലപാടു പറയേണ്ടി വരും. അതു സാധ്യമല്ലാത്തതിനാലാണോ മുഖ്യശത്രുവിനെ വെളിപ്പെടുത്താത്ത അഴകൊഴമ്പൻ നയമെന്നു വ്യക്തവുമല്ല. അന്തരിച്ച പി.ടി തോമസ് എം.എൽ.എയുടെ അനുശോചന യോഗത്തിലാണ് സഖാവ് ബിനോയ് വിശ്വം മുഖ്യശത്രു പ്രയോഗത്തിലേക്കുള്ള വഴിമരുന്നിട്ടത്. അനുശോചനയോഗത്തിൽ മുഖ്യശത്രു പരാമർശ വിധേയമാകണമെങ്കിൽ കൃത്യമായ ലക്ഷ്യമുണ്ട്.
കോൺഗ്രസുമായി ദേശീയതലത്തിൽ കൂട്ടുവേണ്ടെന്ന കേരള സി.പി.എം നിലപാടിനെതിരായ പൊട്ടാസ് പ്രയോഗമായിരുന്നു അത്. കോൺഗ്രസ് തകർന്നാൽ ബി.ജെ.പിയെ ചെറുക്കാൻ ആരുമില്ലെന്നതു ബിനോയ് വിശ്വത്തിന്റെ കണ്ടെത്തലൊന്നുമല്ലെങ്കിലും സി.പി.എമ്മിന്റെ ബോധമണ്ഡലത്തെ പിടിച്ചുലയ്ക്കാൻ അത് ധാരാളം. സി.പി.ഐക്ക് കോൺഗ്രസ് മമത ഇന്നുമിന്നലെയും തുടങ്ങിയതല്ല. അതിന് ആചാര്യൻ ഡാങ്കേയോളം പഴക്കമുണ്ട്. കോൺഗ്രസ് സഹകരണമായിക്കൂടേയെന്ന ചോദ്യം അമ്പതുകളിൽ അവിഭക്ത കമ്യൂണിസ്റ്റ് മനസിൽ ഉയർത്തിയതു ഡാങ്കേയാണ്. വർഗീയ, ഫാസിസ്റ്റ്, വലതുപക്ഷ ശക്തികളെ ഒതുക്കണമെന്നതും ഡാങ്കേയുടെ കാഴ്ചപ്പാടായിരുന്നു.
സ്വാതന്ത്ര്യം നെഹ്‌റുവിന്റെ കൺകെട്ട് വിദ്യയാണെന്നും അതുകൊണ്ട് കമ്യൂണിസ്റ്റുകാർ ആ ദിനം കരിദിനമായി ആചരിക്കണമെന്നും വാദിച്ച ഇടതു താത്വികാചാര്യന്മാരുണ്ടായിരുന്നു. 1948ലെ കൽക്കത്ത തിസീസ് സായുധസമരത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാമെന്ന് ചിന്തിച്ചിരുന്നു.നെഹ്‌റുവിനെ പുറത്താക്കാൻ തെലങ്കാന മോഡൽ സമരം നടത്തണമെന്നത് രണദിവെ സ്വപ്‌നം കണ്ടു. അതു പിന്നീടു പിൻവലിച്ചെങ്കിലും മുഖ്യശത്രു തർക്കം തുടർന്നു- ബ്രിട്ടനോ അമേരിക്കയോ നെഹ്‌റുവോ? അന്ന് ബി.ജെ.പിയുടെ പൂർവരൂപമായ ജനസംഘം നാമമാത്ര പാർട്ടിയായിരുന്നു. അതുകൊണ്ട് ഇന്ത്യക്കകത്തല്ല, പുറത്താണ് അവർ മുഖ്യശത്രുവിനെ തിരഞ്ഞത്. മൂലധന ശക്തികളാണ് മുഖ്യശത്രുക്കളെന്നതിനാൽ ആഗോളതലത്തിൽ അമേരിക്കയെയും ഇന്ത്യയിൽ വലതുപക്ഷ മുതലാളിത്ത ശക്തികളെയും എതിർക്കണമെന്നായിരുന്നു ഡാങ്കേ നിലപാട്.
ആവഡി എ.ഐ.സി.സി സമ്മേളനം നെഹ്‌റുവിയൻ കാഴ്ചപ്പാടിലുള്ള സോഷ്യലിസമാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചപ്പോൾ ഇതിനോട് യോജിച്ച കമ്യൂണിസ്റ്റുകൾ ഒരു പക്ഷത്തും സമരം ആയുധമേന്തിയാവണമെന്നു ശഠിച്ചവർ മറുപക്ഷത്തുമായി. മുതലാളിത്ത കൊളോണിസ്റ്റുകളായ അമേരിക്കയെ എതിർക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ യോജിപ്പിക്കണമെന്നും നെഹ്‌റുവിനെ കൂടെക്കൂട്ടണമെന്നും ഡാങ്കേ വാദിച്ചു. ബ്രിട്ടനെ മുഖ്യശത്രുവായിക്കണ്ട് മറുവാദവും ഉയർന്നു. ആദ്യം സാമ്രാജ്യത്വ യുദ്ധമെന്നും സോവിയറ്റ് യൂനിയനെ ജർമനി ആക്രമിച്ചതോടെ ജനകീയ യുദ്ധമെന്നും കമ്യൂണിസ്റ്റുകാർ വിളിച്ച രണ്ടാം ലോകയുദ്ധത്തോടെ ആടിത്തീർന്ന ബ്രിട്ടൻ ഇടതിനു മുഖ്യശത്രുവായി. ജപ്പാനോടും ജർമനിയോടും ചേർന്നു ബ്രിട്ടനെ നേരിടാനൊരുങ്ങിയ സുഭാഷ് ചന്ദ്രബോസ് മുഖ്യശത്രുവുമായി.
ബ്രിട്ടനുമായി നീക്കുപോക്കുണ്ടാക്കിയ നെഹ്‌റുവാണ് മുഖ്യശത്രുവെന്നും കോൺഗ്രസോ സഖ്യകക്ഷികളോ പുരോഗമനവാദികളല്ലെന്നും ഇടയ്ക്ക് വാദമുണ്ടായി. സ്റ്റാലിന്റെ മരണത്തോടെ ചൈന, റഷ്യ ധ്രുവങ്ങൾ രൂപപ്പെട്ടു. കോൺഗ്രസ് മമത വേണമെന്ന് വാദിച്ചവർ സോവിയറ്റ് യൂനിയനെയും എതിർത്തവർ ചൈനയെയും പിന്തുണച്ചു. അത് ചൈനയുടെ ഇന്ത്യാ ആക്രമണത്തോളമെത്തി. ആക്രമണമുണ്ടായെന്ന് ഡാങ്കേയും അച്യുതമേനോനും എം.എൻ ഗോവിന്ദൻനായരും ഇസഡ്.എ അഹമ്മദുമൊക്കെ വിശ്വസിച്ചു. കമ്യൂണിസ്റ്റ് രാജ്യം അയൽ രാജ്യത്തെ ആക്രമിക്കില്ലെന്നും ഇന്ത്യയാണ് ആക്രമിച്ചതെന്നും നെഹ്‌റു കള്ളം പറയുകയാണെന്നും മറുവാദമുണ്ടായി. ജ്യോതിബസുവും സുന്ദരയ്യയും എ.കെ.ജിയും സുർജിത്തുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇ.എം.എസ് ജനറൽ സെക്രട്ടറിയായപ്പോൾ ജനസംഘം ബി.ജെ.പിയായി പിച്ചവച്ചു തുടങ്ങിയിരുന്നു. അന്ന് മുഖ്യശത്രു ആരാണെന്നു ചോദിച്ചപ്പോൾ കോളറയും പ്ലേഗും തമ്മിലെന്താ വ്യത്യാസമെന്നായിരുന്നത്രെ മറുപടി. 1964ൽ പിളർന്നതോടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മുഖ്യശത്രു തങ്ങളിലാരാണെന്ന ചിന്തപോലുമുണ്ടായി. മുമ്പ് കോൺഗ്രസിനെ മുഖ്യശത്രുവായി കാണണമെന്ന് ചിലരെങ്കിലും വാദിച്ചിരുന്നപ്പോൾ പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായിരുന്നു ഇടതുപക്ഷം.
അന്ന് പഴയ ജനസംഘം പാർലമെന്റിന്റെ മൂലയിലിരുന്നതു പോലെയാണ് ഇന്ന് സി.പി.എം പാർലമെന്റിൽ. കോൺഗ്രസും മുഖ്യശത്രുവല്ലേ എന്ന സംശയം സി.പി.എമ്മിനെ വിടാതെ പിടികൂടിയിട്ടുമുണ്ട്. കോൺഗ്രസിന്റെ പഴയ നെഹ്‌റുവിയൻ സോഷ്യലിസം കടം കൊണ്ടാൽ അവർക്കൊപ്പം ചേർന്നേക്കുമെന്ന അവസ്ഥപോലും ഇടതിൽ ഇന്നുണ്ടാകുന്നു എന്നത് വാസ്തവമാണ്. അപ്പോഴും സി.പി.എം അന്വേഷണം തുടരും, ആരാണ് മുഖ്യശത്രു?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."