അമർജവാൻ ജ്യോതി ഇനി ഓർമ; യുദ്ധ സ്മാരകത്തിലെ കെടാവിളക്കിൽ ചേർത്തു വിമർശനവുമായി പ്രതിപക്ഷം
ന്യൂഡൽഹി
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരോടുളള ആദരസൂചകമായി ഇന്ത്യാഗേറ്റിൽ സ്ഥാപിച്ചിരുന്ന അണയാത്ത തീനാളമായ അമർജവാൻ ജ്യോതി ഇന്ത്യാഗേറ്റിൽനിന്ന് മാറ്റി 400 മീറ്റർ അകലെയുള്ള നാഷണൽ വാർ മെമ്മോറിയലിലെ ജ്യോതിയിൽ ലയിപ്പിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനം വകവയ്ക്കാതെയാണ് തീനാളം ഇന്ത്യാഗേറ്റിൽനിന്ന് സ്വീകരിച്ച് വാർ മെമ്മോറിയലിൽ കത്തിക്കുകയും ഇന്ത്യാഗേറ്റിലെ തീ അണയ്ക്കുകയും ചെയ്തത്. 2019ൽ നിർമിച്ച വാർമെമ്മോറിയലിലും അണയാത്ത തീനാളമുണ്ട്. സൈനിക ചടങ്ങിലാണ് തീനാളം ഇന്ത്യാഗേറ്റിൽനിന്ന് പകർത്തി വാർ മെമ്മോറിയലിലെത്തിച്ചത്.
1971ലെ പാകിസ്താനുമായുള്ള യുദ്ധവിജയത്തിന്റെ സ്മാരകമായി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അമർജവാൻ ജ്യോതി സ്ഥാപിച്ചത്. 1972ലെ റിപബ്ലിക് ദിനത്തിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. അന്ന് കൊളുത്തിയ തീ ഇതുവരെയും അണയാൻ അനുവദിച്ചിരുന്നില്ല.
1947ന് ശേഷം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മുഴുവൻ സൈനികരോടുള്ള ആദരമായാണ് അമർ ജവാൻ ജ്യോതിയെ കണക്കാക്കിയിരുന്നത്. അജ്ഞാത സൈനികന്റെ മൃതികുടീരമായി കണക്കാക്കുന്ന കറുത്ത മാർബിൾ സ്തംഭവും അതിൽ കുത്തിനിർത്തിയ ബയണറ്റോടെയുള്ള തോക്കിൽ സ്ഥാപിച്ച യുദ്ധഹെൽമറ്റും അമർ ജവാൻ ജ്യോതിയുടെ ഭാഗമാണ്.
ആകെയുള്ള നാലുനാളങ്ങളിൽ ഒരെണ്ണമാണ് സാധാരണ ദിവസങ്ങളിൽ കത്തിച്ചുവയ്ക്കാറ്. റിപബ്ലിക് ദിനം പോലുള്ള വിശേഷ ദിവസങ്ങളിൽ നാലും കത്തിച്ചുവയ്ക്കും.
ഇന്ത്യാഗേറ്റിലെയും വാർമെമ്മോറിയലിലെയും തീനാളങ്ങൾ ഒരുപോലെ അണയാതെ സൂക്ഷിക്കാൻ പ്രയാസമായത് കൊണ്ടാണ് രണ്ടും ഒന്നാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.
രാജ്യസ്‌നേഹവും ജീവത്യാഗവും അറിയാത്തവരാണ് അമർജവാൻ ജ്യോതി അണച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദുഖകരമായ നടപടിയാണെന്നും രണ്ടും ഒരു പോലെ നിലനിർത്തുന്നതിൽ എന്താണ് പ്രയാസമെന്ന് ശിവസേന എം.പി പ്രിയങ്കാ ചതുർവേദി ചോദിച്ചു.
രാജ്യത്തിന്റെ തിളക്കമുള്ള ഭൂതകാലത്തിൽ സർക്കാരിന് താൽപര്യമില്ലെന്നാണ് ഇതിൽനിന്ന് മനസിലാകുന്നതെന്ന് ആർ.ജെ.ഡി എം.പി മനോജ് ഝാ കുറ്റപ്പെടുത്തി. ഇന്ത്യാഗേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."