മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ മത്സരിച്ചേക്കും
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് ഇറങ്ങാന്‍ സാധ്യത. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ കല്‍പ്പറ്റയില്‍ നിന്നും ജനവിധി തേടാനാണ് ആലോചന.
മുല്ലപ്പള്ളി മത്സരിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അനുകൂല നിലപാടാണുള്ളത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനുള്ള സാധ്യത തള്ളിയതുമില്ല.
ദേശീയ നേതൃത്വത്തിന്റെ തീരുമാനം അച്ചടക്കത്തോടെ അനുസരിക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. കല്‍പ്പറ്റയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും മുല്ലപ്പള്ളി മറുപടി നല്‍കി. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഏഴു പ്രാവശ്യം ലോക്‌സഭാ അംഗവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കാനെത്തുന്നത്.
ഇതോടെ കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനുണ്ടാകും. കെ.പി.സി.സി അധ്യക്ഷന് ചുമതലക്കാരനെ കണ്ടെത്തേണ്ടി വരുന്നതോടൊപ്പം മൂവരുടെയും സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയ്ക്കും യു.ഡി.എഫിനും നിര്‍ണായകമായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കി പത്തംഗ സമിതി കഴിഞ്ഞ ദിവസം എ.ഐ.സി.സി. രൂപീകരിച്ചിരുന്നു.
തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ചിരുന്ന സീറ്റാണ് കല്‍പ്പറ്റ. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി യു.ഡി.എഫിലെത്തിയപ്പോള്‍ കല്‍പ്പറ്റ അവര്‍ക്ക് നല്‍കി. എന്നാല്‍ ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ സീറ്റ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വന്നിരിക്കുകയാണ്.
വടകരയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു. സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് ഇപ്പോള്‍ കല്‍പ്പറ്റയിലേക്ക് മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."