HOME
DETAILS

അവര്‍ക്ക് വേണ്ടത് ഗുരുവല്ല.., ശങ്കരന്‍

  
backup
January 22 2022 | 19:01 PM

78529563-2022

വീണ്ടുവിചാരം
എ. സജീവൻ
8589984450

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കപ്പെടുന്ന കാലത്തെ റിപ്പബ്ലിക് ദിനപരേഡില്‍ കേരളം അവതരിപ്പിക്കുന്ന നിശ്ചലദൃശ്യമുണ്ടാവില്ല. കേരളത്തിൻ്റെ മാത്രമല്ല, പശ്ചിമബംഗാളിന്റെയും തമിഴ്‌നാട്ടിന്റെയും നിശ്ചലദൃശ്യങ്ങളുമുണ്ടാവില്ല. കാരണമെന്ത് ?
രാജ്യം ഭരിക്കുന്ന ഭരണകൂടം എപ്പോഴേ കൈമലര്‍ത്തി, 'ഞങ്ങളല്ല ഫ്‌ളോട്ടുകള്‍ തീരുമാനിച്ചത്, വിദഗ്ധ കമ്മിറ്റിയാണ്' എന്ന്.
വിദഗ്ധ കമ്മിറ്റി തലപുകഞ്ഞാലോചിച്ചായിരിക്കുമല്ലോ നിശ്ചലദൃശ്യങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടാവുക! മോദീവിരുദ്ധര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യദ്രോഹപരമായ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചാല്‍ ലോകത്തിനു മുന്നില്‍ തലതാഴ്‌ത്തേണ്ടി വരിക കേന്ദ്രസര്‍ക്കാരായിരിക്കുമല്ലോ! അപ്പോള്‍, അരിച്ചുപെറുക്കി പരിശോധന വേണം.
ഒഴിവാക്കപ്പെട്ട നിശ്ചലദൃശ്യങ്ങള്‍ ഏതൊക്കെയാണ് ?


പശ്ചിമബംഗാള്‍ അനുമതിക്കായി സമര്‍പ്പിച്ചത് സുഭാഷ് ചന്ദ്രബോസിന്റേത്. സുഭാഷ് ചന്ദ്രബോസ് രാജ്യദ്രോഹിയാണെന്നു പണ്ട് ബ്രിട്ടീഷുകാര്‍ മുദ്രകുത്തിയിരുന്നു. പക്ഷേ, ഇന്ത്യക്കാരാരും അങ്ങനെ ആരോപിക്കില്ല. നെഹ്‌റുവിനോടും കോണ്‍ഗ്രസിനോടുമുള്ള അതൃപ്തിയുടെ ഭാഗമായി കുറേക്കാലം സുഭാഷ്ചന്ദ്രബോസിനെ തലയിലേറ്റാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍, ബോസിനെപ്പോലൊരു കറകളഞ്ഞ മതേതരവാദിയെ കാവി പുതപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ തന്നെ തുറന്നെതിര്‍ത്തു.
അതാണോ, അതല്ല, തങ്ങള്‍ പിടിച്ചെടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടും മോദിക്കു പകരം ദീദിയെ പിന്തുണച്ച ബംഗാളികളോടുള്ള പകയാണോ ബംഗാളിയായ ബോസിന്റെ നിശ്ചലദൃശ്യം നിരാകരിക്കുന്നതിന് കാരണമെന്നേ ഇനി അറിയേണ്ടതുള്ളൂ.
തമിഴ്‌നാട് അവതരിപ്പിക്കാന്‍ അപേക്ഷ നല്‍കിയത് ഭാരതീയാര്‍, വി.ഒ ചിദംബരം പിള്ള, റാണി വേലു നാച്ചിയാര്‍ എന്നിവരുടേതടങ്ങുന്ന നിശ്ചലദൃശ്യമാണ്.
മഹാകവിയെന്നതു മാത്രമല്ല, ഭാരതീയാറുടെ മേന്മ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കടുത്ത ജാതിവിരുദ്ധനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു അദ്ദേഹം. ആണും പെണ്ണുമെന്ന രണ്ടു ജാതിയല്ലാതെ വേറേ ജാതിയില്ലെന്ന നിലപാടുകാരൻ. സവർണതയുടെ അടയാളമായ പൂണൂലൂരിയെറിയുകയും പട്ടികജാതിക്കാരെ പൂണൂല്‍ ധരിപ്പിക്കുകയും ചെയ്തു ജാതിക്കോമരങ്ങളെ വെല്ലുവിളിച്ച ധീരൻ. മതവെറിക്കാലത്ത് മുസ് ലിം കടകളില്‍ നിന്നു പരസ്യമായി ചായ കുടിച്ചയാൾ. സ്ത്രീകള്‍ക്കു പുരുഷനുതുല്യം നീതി ലഭിക്കണമെന്നു ശക്തിയുക്തം വാദിച്ചയാൾ.


വി.ഒ ചിദംബരം പിള്ളയ്ക്ക് ഒരു വിളിപ്പേരുണ്ട്. കപ്പലോട്ടിയ തമിഴന്‍. ആ പേര് ദേശാഭിമാന പ്രവൃത്തിയുടെ പ്രതീകമാണ്. സ്വാതന്ത്ര്യസമര സേനാനിയായ പിള്ള ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ച് സ്വദേശി ആവിക്കപ്പല്‍ കമ്പനിക്കു രൂപം നല്‍കിയതു ചരിത്രം.
റാണി നാച്ചിയാര്‍ ശിവഗംഗയിലെ രാജ്ഞിയായിരുന്നു. ഝാന്‍സി റാണിക്കുമേറെ മുമ്പ്, ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ധീരമായി പോരാടിയ ആദ്യ വനിതാ ഭരണാധികാരി. അതുകൊണ്ടാണ്, തമിഴ്‌നാട്ടുകാര്‍ അവരെ അന്നുമിന്നും 'വീരമങ്കൈ' എന്നു ബഹുമാനത്തോടെ സംബോധന ചെയ്യുന്നത്.


ഇന്നത്തെ ആസുരകാലത്ത് ഒഴിവാക്കപ്പെടേണ്ടതു തന്നെയാണല്ലോ ഈ വ്യക്തിത്വങ്ങള്‍!
ഇനി കേരളത്തിലേക്ക്.


കേരളം കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ച നിശ്ചലദൃശ്യം ജഡായുപ്പാറയും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ചേര്‍ന്നതായിരുന്നു. കേന്ദ്ര വിദഗ്ധസമിതിക്ക് ഈ ദൃശ്യം പാതി സമ്മതമായി. 'ജഡായുപ്പാറ കൊള്ളാം' അവര്‍ സമ്മതിച്ചു. ഭരിക്കുന്ന പാര്‍ട്ടി ഏറെ ആവേശത്തോടെ വിറ്റഴിക്കുന്ന രാമകഥയിലെ ശ്രദ്ധേയമായ അധ്യായമാണല്ലോ ജഡായുവിന്റെ രാമഭക്തിയും രാവണനുമായുള്ള ഏറ്റുമുട്ടലും ചിറകരിയപ്പെടലുമെല്ലാം.
ജഡായുപ്പാറയുടെ ദൃശ്യം അംഗീകരിച്ച സമിതി ഒരു മാറ്റം നിര്‍ദേശിച്ചു. ശ്രീനാരായണ ഗുരുവിനു പകരം ആദിശങ്കരനാണ് നല്ലത്. അതിനു കേരളം തയാറാകാതിരുന്നപ്പോള്‍ ശങ്കരനൊപ്പം ഗുരുവിനെയും പരിഗണിക്കാമെന്നായി. അതിനും തയാറാവാതെ വന്നപ്പോള്‍ കേരളത്തിന്റെ നിശ്ചലദൃശ്യം പട്ടികയില്‍ നിന്നു പുറത്ത്.


എന്തുകൊണ്ട് ശ്രീനാരായണഗുരുവിനെ ഒഴിവാക്കി ആദിശങ്കരനെ നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു? കാരണമെന്താണെന്ന് അവര്‍ വ്യക്തമാക്കിയതായി അറിയില്ല. അതിനാല്‍ ശ്രീനാരായണഗുരുവിന്റെ അയോഗ്യതയും ശങ്കരാചാര്യന്റെ യോഗ്യതയും പരിശോധിക്കേണ്ടതുണ്ട്.


പ്രതിഷ്ഠാവകാശം സവര്‍ണരില്‍ നിന്ന് അവര്‍ണര്‍ക്കുവേണ്ടി പിടിച്ചെടുത്ത് ബ്രാഹ്മണ്യത്തിന്റെ നെറുക തകര്‍ത്ത സാമൂഹ്യവിപ്ലവകാരിയാണ് ശ്രീനാരായണ ഗുരു. അതുവരെ പട്ടിക്കും പൂച്ചയ്ക്കും വഴിനടക്കാന്‍ വിരോധമില്ലാത്ത ക്ഷേത്രപരിസരത്തിന്റെ നാലയലത്തുപോലും പ്രവേശിക്കാന്‍ അവകാശമില്ലാതിരുന്ന അവര്‍ണര്‍ക്ക്, സവര്‍ണര്‍ ആരാധിക്കുന്ന അതേ ദേവതമാരെ പ്രതിഷ്ഠിച്ച നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു നല്‍കി അവരില്‍ അഭിമാനബോധം വളര്‍ത്തിയ മഹാൻ.
ജാതിനിര്‍മാര്‍ജനത്തിന് ഭരണകൂടം നിയമം കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത ഗുരു. മതങ്ങളുടെ പേരിലുള്ള മതമത്സരം ഇല്ലാതാക്കാന്‍ എല്ലാവരും എല്ലാ മതങ്ങളെയും സമബുദ്ധിയോടെയും സമഭക്തിയോടെയും പഠിക്കണമെന്നും എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നും ഉച്ചൈസ്തരം പ്രഖ്യാപിച്ചു. മതവൈരവും സവര്‍ണമേല്‍ക്കോയ്മയും വളർത്തണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കണ്ണിലെ കരടായിരിക്കും ഗുരു.
ആദ്ധ്യാത്മിക, ബൗദ്ധികതലങ്ങളില്‍ സര്‍വജ്ഞപീഠം അലങ്കരിക്കാവുന്ന മനീഷിയാണ് ശങ്കരാചാര്യര്‍ എന്നതില്‍ സംശയമില്ല. അതേസമയം, സവര്‍ണതയുടെ വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹം. മതസാഹോദര്യമായിരുന്നില്ല, സവര്‍ണമതത്തിന്റെ ആധിപത്യമുറപ്പിക്കലായിരുന്നു ശ്രീശങ്കരന്റെ ദൗത്യവും ലക്ഷ്യവും.
ഒരു കാലത്ത് ഇന്ത്യമുഴുവന്‍ വ്യാപിച്ചിരുന്ന ബുദ്ധമതവും ബുദ്ധസന്യാസിമാരും ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ ബുദ്ധികേന്ദ്രം ശങ്കരാചാര്യനും ശിഷ്യനായ കുമാരിളഭട്ടനുമൊക്കെയായിരുന്നുവെന്നതു ചരിത്രം. ശ്രീശങ്കരന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനം ബൗദ്ധികതലത്തിൽ ഉന്നതസ്ഥാനത്തായിരിക്കാം. ജാത്യാധിക്ഷേപത്തിലും വളരെ മുന്നിൽത്തന്നെ!
സവര്‍ണാധിപത്യം കൊതിക്കുന്നവര്‍ക്കു പ്രിയങ്കരന്‍ ഗുരുവായിരിക്കില്ല, ശ്രീശങ്കരനായിരിക്കും.., തീർച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago