കുടുംബ പ്രശ്നം: റിയാദിൽ യുവാവിന്റെ വെടിയേറ്റ് ഭാര്യാ സഹോദരനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു
റിയാദ്: കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ കലഹം മൂന്ന് പേരുടെ മരണത്തിൽ കലാശിച്ചു. സഊദി തലസ്ഥാന നഗരിയായ റിയാദിൽ നടന്ന സംഭവത്തിൽ ഭാര്യാ സഹോദരനും പ്രശ്നത്തിൽ ഇടപെടാനായെത്തിയ രണ്ടു സുരക്ഷ ഉദ്യോഗസ്ഥരുമാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് നാൽപത് കാരനായ സ്വദേശി യുവാവ് ഭാര്യാ സഹോദരനെ ബന്ധിയാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കിഴക്കൻ റിയാദിലെ മുആസില ഗ്രാമത്തിൽ തോക്കിൻ മുനയിൽ ഭാര്യ സഹോദരനെ നിർത്തിയതോടെ പ്രശ്നം അറിഞ്ഞാണ് സുരക്ഷാ സേന ഇവിടെയെത്തിയത്.
സംഭവത്തിൽ സുരക്ഷ സേന ഇടപെട്ടതിന് പിന്നാലെ യുവാവ് കയ്യിലുള്ള മെഷീൻ ഗണ്ണുമായി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ട് സുരക്ഷ സേന അംഗങ്ങളും തോക്കിൻ മുനയിലായിരുന്ന ഭാര്യ സഹോദരനും കൊല്ലപ്പെട്ടത്. വെടിയേറ്റ് ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തതായും റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖിറിദിസ് പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ റിയാദിന്റെ 300 കിലോമീറ്റർ അകലെയുള്ള ഹിജ്‌റ അൽ റഫീഅയിലെ കൃഷിയിടത്തിൽ വെച്ചാണ് പിന്നീട് പിടികൂടിയത്. ഏറെ സാഹസികമയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇദ്ദേഹത്തിൽ നിന്ന് മയക്കു മരുന്നും പിടികൂടിയിട്ടുണ്ട്. പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."