ഐക്യസംഘം ഒരു നൂറ്റാണ്ടിന്റെ വായന
അൻവർ സ്വാദിഖ് ഫൈസി, താനൂർ
1921 ലെ മലബാർ കലാപത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പണ്ഡിത ത്രയങ്ങളായിരുന്നു നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്നിവർ. 1921 ആഗസ്ത് 16 ന് കലക്ടർ ഇ.എഫ് തോമസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരിൽ ഈ മൂന്നുപേരും ഉണ്ടായിരുന്നു. പിന്നീടുള്ള അവരുടെ അവസ്ഥ പിൽക്കാല കേരള മുസ്‌ലിം ചരിത്രത്തെ മൂന്നു രീതിയിലാണ് അടയാളപ്പെടുത്തുന്നത്. പോരാട്ട വീഥിയിൽ ഉറച്ചു നിന്ന ആലി മുസ്‌ലിയാർ (1861-1922) പിന്നീട് പിടിക്കപ്പെടുകയും ജയിലിൽ വച്ചു കൊല മരത്തിലേക്കു നീങ്ങാൻ വിധിക്കപ്പെടുകയും ചെയ്തു.
അവശേഷിച്ച പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ(1888-1946) ട്രാക്ക് തെറ്റിയോടുന്ന സമരത്തെയും സമരഭടന്മാരെയും സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തന്റെ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി മാപ്പിളമാർക്കിടയിൽ ഓടിനടന്നു. കലാപത്തിന്റെ പേരിൽ ആരംഭിച്ച കൊള്ളയ്ക്കും കവർച്ചയ്ക്കും തീവ്രവാദത്തിനുമെതിരേ തന്റെ ഉജ്ജ്വമായ വാഗ് വിലാസം ഉപയോഗപ്പെടുത്തി ശബ്ദിച്ചു. സമൂഹത്തിന്റെ നിർമാണാത്മക പ്രവർത്തനങ്ങൾക്കായി തന്റെ ശിഷ്ടകാലം നീക്കിവച്ചു. താനൂരിൽ ഇസ് ലാഹുൽ ഉലൂം എന്ന ഉന്നത മത കലാലയം സ്ഥാപിച്ചും പൊന്നാനി മഊനത്തുൽ ഇസ് ലാം സഭയുടെ അമരത്തിരുന്നും സമുദായ അവകാശങ്ങൾക്കായി സർക്കാറിനോട് വാദിച്ചും അദ്ദേഹം തന്റെ നിർമാണാത്മക പ്രവർത്തനങ്ങൾ തുടർന്നു.
മൂന്നാമൻ തയ്യിൽ മമ്മുട്ടി മുസ്‌ലിയാർ(1886 1964) സമര മുഖത്തു നിന്ന് അറസ്റ്റ് ഭയന്നു കൊച്ചി സ്റ്റേറ്റിന്റെ ഭാഗമായ കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. സമരമുഖത്തുള്ള അനുയായികളെ മുഴുവൻ അരാജകത്വത്തിലേക്ക് തള്ളിവിട്ടു, സ്വന്തം ഭാവി സുരക്ഷ മാത്രം മുന്നിൽ കണ്ടു നാടുവിട്ട മമ്മുട്ടി മുസ്ലിയാർക്ക് മലബാറിൽ നിന്നും തികച്ചും വേറിട്ട അവസ്ഥയാണ് കൊടുങ്ങല്ലൂരിൽ അനുഭവിക്കേണ്ടി വന്നത്. ഭൗതിക വിദ്യാഭ്യാസത്തിലും സാഹചര്യത്തിലും മലബാറിനെ അപേക്ഷിച്ചു നാട്ടുരാജ്യക്കാരായ അവർ അന്നേ മുന്നിലായിരുന്നു. അതോടൊപ്പം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഉദയം ചെയ്ത ഭൗതികവാദ പ്രസ്ഥാനങ്ങളും അവിടെ ശക്തി പ്രാപിച്ച ഹൈന്ദവ മതനവീകരണ പ്രസ്ഥാനങ്ങളും അവരിലെ അഭ്യസ്ഥവിദ്യരെ സ്വാഭാവികമായും സ്വാധീനിച്ചു. ശ്രീ നാരായണ ഗുരു(1856-1929), ചട്ടമ്പി സ്വാമികൾ (1853-1923), അയ്യങ്കാളി(1863-1914), വാഗ്ഭടാനന്ദൻ( 1885-1939), വി.ടി ഭട്ടതിരിപ്പാട് (1896-1982) തുടങ്ങിയ ഇസ്‌ലാമേതര മതപരിഷ്‌കർത്താക്കളുടെ ഭൂമിക അതായിരുന്നല്ലോ. അതുകൊണ്ടുതന്നെ മറ്റു മതങ്ങളിൽ നടക്കുന്ന മാറ്റങ്ങളും പരിവർത്തനങ്ങളും അവിടെയുള്ള മുസ് ലിം അഭ്യസ്ത വിദ്യരെയും പണക്കാരെയും ആകർഷിച്ചു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, അദ്ദേഹത്തിന്റെ പിതാവ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് തുടങ്ങിയവർ ആ ആകർഷണ വലയത്തിൽ പെട്ടു പോയവരായിരുന്നു. അവരുടെ ഇടയിലേക്കാണ് തയ്യിൽ മമ്മുട്ടി മുസ്ലിയാർ എത്തിപ്പെടുന്നത്. അതോടെ തിരൂരങ്ങാടിക്കാരൻ തൃക്കുളം തയ്യിൽ മമ്മുട്ടി മുസ്ലിയാർ പേരുമാറ്റി കെ.എം മൗലവിയായി. അദ്ദേഹത്തോടൊപ്പം ഭാര്യാ സഹോദരൻ എം.സി.സി അബ്ദുറഹ്മാൻ മൗലവിയും ഇ.കെ മൗലവിയുമൊക്കെ ചേർന്നപ്പോൾ അവർക്കിടയിൽ പുതിയൊരു സംഘടന രൂപീകരണം ചർച്ചയായി. അങ്ങനെയാണ് 1922ൽ ഏറിയാട് വച്ച് ''നിഷ്പക്ഷ സംഘ''വും പിന്നീട് ''ഐക്യസംഘ''വും പിറവിയെടുക്കുന്നത്.
പഴയ സമ്പന്നരും തറവാട്ടുകാരും കൂടുതൽ വസിച്ചിരുന്ന ഒരു പ്രദേശമെന്ന നിലക്ക് കൊടുങ്ങല്ലൂരിലും പരിസരത്തുമുള്ള ജനങ്ങൾക്കിടയിൽ കക്ഷി വഴക്കും കിടമത്സരവും ശക്തമായിരുന്നു. ജനങ്ങൾക്കിടയിലെ ഈ അനൈക്യവും ഛിദ്രതയും പറഞ്ഞു അവസാനിപ്പിക്കാൻ ഒരു സംഘടന വേണമെന്നു പറഞ്ഞാണ് 1922ൽ, ഹമദാനീ-നഖ്ശബന്ദീ ത്വരീഖത്തുകാരനും കൊടുങ്ങല്ലൂർ പ്രദേശത്തുകാരുടെ ഗുരുവുമായിരുന്ന ശൈഖ് മുഹമ്മദ് മാഹീൻ ഹമദാനി(മരണം: 1922) യുടെ അധ്യക്ഷതയിൽ ഏറിയാട് നടന്ന ഒരു യോഗത്തിൽ വച്ച് ''നിഷ്പക്ഷ സംഘം'' രൂപീകൃതമാകുന്നത്. കെ.എം സീതി സാഹിബിന്റെ പിതാവ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി സെക്രട്ടറിയും കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്ദുറഹ്മാൻ മൗലവി തുടങ്ങിയവർ അംഗങ്ങളായും സംഘം നിലവിൽ വന്നു.
ശൈഖ് ഹമദാനിയുടെ ജനസ്വാധീനവും ആദരവും ഉപയോഗപ്പെടുത്തി രംഗ പ്രവേശം ചെയ്ത നിഷ്പക്ഷ സംഘം, 1922 ൽ തന്നെ ഏറിയാട് നടന്ന മറ്റൊരു യോഗത്തിൽ വച്ചു പേരു മാറ്റി ''കേരള മുസ്‌ലിം ഐക്യസംഘ''മായി. കക്ഷി വഴക്കുകൾ പക്ഷം ചേരാതെ പറഞ്ഞു തീർക്കുന്ന ഒരു സംഘടന എന്ന നിലയിലായിരുന്നു സംഘത്തിന്റെ ആദ്യകാല പ്രവർത്തനം. അപകടകരമായ വാദങ്ങളൊന്നും അക്കാലത്ത് അത് മുന്നോട്ടുവച്ചിരുന്നില്ല. ഐക്യസംഘത്തിന്റെ സ്ഥാപിത താൽപര്യവും ഉദ്ദേശ്യലക്ഷ്യങ്ങളും അതിന്റെ '' നിയമബുക്കി ''ൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അതുകൊണ്ടുതന്നെ ഐക്യസംഘത്തെ മുസ്‌ലിം പൊതു സമൂഹം പിന്തുണച്ചു.
എന്നാൽ, മതത്തിനകത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഐക്യസംഘം നടത്തുന്നത് എന്ന സംശയം ബലപ്പെടുന്നത് 1923 ൽ നടന്ന ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനത്തിനു വക്കം അബ്ദുൽ ഖാദിർ മൗലവി(18731932) അധ്യക്ഷനായി വന്നതോടെയാണ്. വളരെ മുമ്പു തന്നെ വഹാബി ഇസ്ലാഹി ചിന്തകൾ പേറി നടക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തയാളാണ് വക്കം മൗലവി. മാസോണിസ്റ്റ് ഫ്രീ മേഴ്‌സൺ പ്രസ്ഥാനങ്ങളുടെ ചാരന്മാരെന്ന് മുസ്ലിം ലോകം വിധിയെഴുതിയ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിള എന്നിവരുടെ ആരാധകനും വായനക്കാരനുമായിരുന്നു അദ്ദേഹം. പാശ്ചാത്യൻ മാതൃകയിൽ ഇസ്ലാമിനെ ഉടച്ചുവാർക്കാൻ ഇറങ്ങിത്തിരിച്ചവരായിരുന്നു ഈ ഈജിപ്ഷ്യൻ ത്രിമൂർത്തികൾ. അവർ പുറത്തുവിട്ട ആധുനികതാവാദങ്ങളുടെ മലയാളത്തിലെ പ്രഥമ പ്രചാരകനും പ്രബോധകമായിരുന്നു മൗലവി. ഒരു ഭാഗത്ത് പരിഷ്‌കരണത്തിന്റെ വേഷം കെട്ടുകയും മറുഭാഗത്ത് ജാതീയത ഉൾപ്പടെയുള്ള മാലിന്യങ്ങളെ പേറി നടക്കുകയുമായിരുന്നു വക്കം മൗലവി. പുലയ സമുദായത്തിലെ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നൽകിയതിനെതിരെ, മൗലവി മുതലാളിയായ ''സ്വദേശാഭിമാനി'' പത്രം നിരന്തരം ശബ്ദിച്ചതും, ജാതി വെറി വാരി വിതറിയ രാമകൃഷണൻ പിള്ളയെന്ന പത്രാധിപർക്ക് എല്ലാവിധ ഒത്താശകളും മൗലവി തന്നെ ചെയ്തുകൊടുത്തതും ചരിത്രത്തിന്റെ ഭാഗമാണല്ലോ.
വക്കം മൗലവിയുടെ പരസ്യ സാന്നിധ്യത്തോടെ ട്രാക്ക് തെറ്റിത്തുടങ്ങിയ ഐക്യസംഘം, വഹാബി ഇസ് ലാഹീ ആശയങ്ങൾ വിളമ്പാൻ തുടങ്ങി. സംഘത്തിന്റെ മുസ്ലിംഐക്യം, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരങ്ങളിലൂടെ അവ വെളിയിലെത്തി. അതോടെ മുഖ്യധാര പണ്ഡിതന്മാരുടെ എതിർപ്പ് ശക്തമായി.1925 ജൂൺ 1, 2 തിയതികളിൽ മൂന്നാം വാർഷികം കോഴിക്കോട് സംഘടിപ്പിച്ചു മലബാറിൽ കടന്നു കയറാൻ ഐക്യസംഘം തീരുമാനിച്ചു. പാരമ്പര്യ ഇസ് ലാമിന്റെ തനിമ നശിപ്പിച്ചു മതത്തിന്റെ പേരിൽ ആധുനികതാവാദങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഐക്യസംഘം നടത്തുന്നതെന്ന് മലബാറിലെ ക്രാന്തദർശികളായ പണ്ഡിതന്മാർ തിരിച്ചറിഞ്ഞു. അവരെ പ്രതിരോധിക്കാൻ പാരമ്പര്യ മുസ്‌ലിംകളും സംഘടിക്കുകയേ മാർഗമുള്ളൂ എന്നവർക്ക് ബോധ്യം വന്നു. ആ ബോധ്യമാണ് 1926 ജൂൺ 26 ന് കോഴിക്കോട് ടൗൺ ഹാളിൽ വച്ചു സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമാ എന്ന സംഘശക്തിയുടെ പിറവിയിലേക്ക് നയിച്ചത്.
ഐക്യസംഘം മുന്നോട്ടുവച്ച ആധുനികതാവാദങ്ങളെ ആശയപരമായി നേരിടുകയായിരുന്നു സമസ്തയുടെ ആദ്യകാലത്തെ മുഖ്യ അജണ്ട. മുസ്ലിം ലോകത്ത് പിൽക്കാലത്ത് ഉണ്ടായ ലിബറൽ ചിന്തകളുടെയും മതനവീകരണ മതനിരാസ ശൈലിയുടെയും വേരുകൾ നീണ്ടു കിടക്കുന്നത് അഫ്ഗാനി, അബ്ദു, റിള എന്നീ ഈജിപ്ഷ്യൻ ത്രിമൂർത്തികളിലാണ്. പടിഞ്ഞാറൻ ആധുനികതാവാദങ്ങൾക്കനുസരിച്ച് അവർ ഇസ്‌ലാമിനെ വ്യാഖ്യാനിക്കാനും വളച്ചൊടിച്ചു അവതരിപ്പിക്കാനും ശ്രമിച്ചു. ത്രിമൂർത്തികളിൽ നിന്ന് ആശയം കടമെടുത്ത ഐക്യസംഘക്കാരും അത്തരമൊരു ശൈലിയാണ് സ്വീകരിച്ചത്. അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഇസ്‌ലാം കഠിനമായി നിരോധിച്ച പലിശ സമ്പ്രദായത്തെ അനുവദനീയമാക്കാനുള്ള ഐക്യസംഘത്തിന്റെ ശ്രമം. എറണാകുളത്ത് ഒരു ''മുസ് ലിം ബാങ്ക് '' സ്ഥാപിച്ചുകൊണ്ടാണ് അവർ അതിനു തുടക്കമിട്ടത്. ബാങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാനായി കെ.എം മൗലവി 1929ൽ രിസാലത്തുൻ ഫീ ബങ്ക് എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറക്കി. കെ.എം സീതി സാഹിബ് തന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ഐക്യം മാസികയിൽ അതിനെ ന്യായീകരിച്ചു കൊണ്ട് മുഖപ്രസംഗം എഴുതി.
1929 ഏപ്രിൽ 13 നു ഏറിയാട്ടെ മുഹ് യുദ്ദീൻ പ്രസ്സിൽ അച്ചടിച്ച രിസാലത്തുൻ ഫിൽബങ്കി എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ബാങ്ക് പലിശയെ ഇസ്ലാമികമായി ന്യായീകരിക്കാൻ പറഞ്ഞു വെച്ച കാരണങ്ങൾ ഇങ്ങനെ : ''രണ്ടു ദോഷങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ സ്വീകരിക്കാതെ മതിയാവില്ലെന്നു വന്നാൽ അഖഫ്ഫ്(ലഘുവായത്) എടുത്ത് അശദ്ദി(കഠിനമായത്)ൽ നിന്ന് രക്ഷപ്പെടണമെന്ന ഇസ് ലാമിക നിയമമനുസരിച്ചാണ് ഈ രിസാല എഴുതിയിട്ടുള്ളത്. എന്നു വച്ചാൽ കബീറത്തായ പലിശയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മുഖ്തലഫ് ഫീഹി(ഭിന്നാഭിപ്രായമുള്ള) യായ ''ഹീലത്തുറിബാ'' സ്വീകരിച്ചതാണ്"
ഇസ് ലാം നിഷിദ്ധമാക്കിയ പലിശ അനുവദനീയമാണെന്നു വരുത്താൻ അവർ കണ്ടെത്തിയ കുറുക്കു വഴിയുടെ രൂപം ഇങ്ങനെ: ''ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിക്കുക. അതിൽ നിന്ന് കടം വാങ്ങുന്ന ഓരോരുത്തരും ഒരു ക്ലിപ്ത സംഖ്യ ബാങ്കിലേക്ക് കൊടുക്കാൻ നേർച്ചയാക്കുക. ഇങ്ങനെ വരുമ്പോൾ കടക്കാരിൽ നിന്ന് ബാങ്കിലേക്ക് വരുന്ന ആദായം പലിശയാവുകയില്ല. ഇത് ''ഹീലത്തുർറിബാ''യാണെന്ന ഒരു സംഗതി മാത്രമേ പറയാനാവുന്നുള്ളൂ''(കെ.എം മൗലവി, രിസാലത്തുൻ ഫിൽ ബങ്കി, പേജ്:34)
മതത്തിന്റെ മഹനീയത മറകളില്ലാതെ തന്നെ കളങ്കപ്പെടുത്താനുള്ള ഐക്യസംഘത്തിന്റെ ശ്രമങ്ങളെ അക്കാലത്തെ പാരമ്പര്യ പണ്ഡിതന്മാർ ചോദ്യം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശക്തമായ നിലപാട് സ്വീകരിക്കുകയും സമുദായത്തെ ബോധവൽക്കരിക്കുകയും ചെയ്തു. 1930 മാർച്ച് മുതൽ സമസ്തയുടെ മുഖപത്രമായ അൽ ബയാനിൽ ഐക്യസംഘത്തിൻ്റെ ഈ പലിശക്കളിക്കെതിരെ തുടർച്ചയായ ഖണ്ഡനം വന്നു. 1933 മാർച്ച് 5 ന് ഫറോക്കിൽ ചേർന്ന സമസ്തയുടെ ആറാം വാർഷിക സമ്മേളനത്തിൽ വച്ചു റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചു. ബാങ്ക് പലിശ അനുവദനീയമാക്കാനുള്ള ഐക്യസംഘക്കാരുടെ ശ്രമങ്ങളെയും മറ്റും ശക്തമായ ഭാഷയിൽ ആ പ്രമേയത്തിലൂടെ അപലപിച്ചു.
ബാങ്ക് പലിശ വിവാദത്തിൽ സമസ്തയുടെ നിലപാട് വന്നതോടെ പൊതു സമൂഹത്തിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായി. കേവല സാമൂഹ്യ പുരോഗതിയല്ല, മതത്തിന്റെ അടിത്തറയിളക്കുന്ന നവീകരണം തന്നെയാണ് ഐക്യസംഘം ലക്ഷ്യമാക്കുന്നതെന്നും തിരിച്ചറിയപ്പെട്ടു. മതനിഷ്ഠയിൽ ജീവിതം നയിക്കുകയും സാമുദായിക പുരോഗതി ലക്ഷ്യം വെക്കുകയും ചെയ്തിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബി(1898-1945)നെ പോലുള്ളവർ ആദ്യകാലത്ത് ഐക്യസംഘത്തിന്റെ പുരോഗമന മുഖം കണ്ടു അതിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ ബാങ്ക് പലിശയെ ചുറ്റിപറ്റിയുള്ള ഐക്യസംഘക്കാരുടെ ഒളിച്ചുകളി അദ്ദേഹത്തെയും ഇരുത്തി ചിന്തിപ്പിച്ചു. അവസാനം മുഹമ്മദ് അബ്ദുറഹ്മാന്റെ അൽ അമീൻ പത്രം പരസ്യമായി സംഘത്തിനെതിരെ വന്നു. ഹീലത്തുർ രിബയെ വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും അൽ അമീനിൽ വന്നു.
മുഹമ്മദ് അബ്ദുറഹ്മാൻ ഐക്യസംഘത്തിനെതിരെ നീങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിനോടു വിധേയപ്പെട്ടു നിൽക്കുന്ന സമീപനമാണ് ഐക്യസംഘക്കാർ എപ്പോഴും സ്വീകരിച്ചത്. സംഘത്തിന്റെ മിക്ക സമ്മേളനങ്ങളിലും അധ്യക്ഷത വഹിച്ചത് ബ്രിട്ടീഷുകാരോ അവരുടെ ഇഷ്ടക്കാരായ ഖാൻ ബഹദൂർമാരോ ആയിരുന്നു. ഇത് കോൺഗ്രസ് നേതാവും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ മുഹമ്മദ് അബ്ദുറഹ്മാന് ഉൾകൊള്ളാൻ സാധിക്കുന്നതായിരുന്നില്ല. അദ്ദേഹം പലപ്പോഴും ഐക്യസംഘത്തെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ട നിരയിലേക്കു കൊണ്ടുവരാനും, സംഘത്തിന്റെ സമ്മേളനങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധ പ്രമേയം അവതരിപ്പിക്കാനും ശ്രമിച്ചു. അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് ചരിത്രകാരനായ എം.റഷീദ് എഴുതുന്നതിങ്ങനെ:
''1924ൽ ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ, ഖിലാഫത്ത് പ്രശ്‌നത്തിൽ മുസ്ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്‌നേഹപൂർവമായ സമ്മർദ്ദം വഴി തങ്ങളുടെ ''കുഞ്ഞഹ്മദി''നെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞു കൊച്ചു ഹാജി (സീതി സാഹിബിന്റെ പിതാവ്)യും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ, സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുമായി ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തമായി എതിർത്തു കൊണ്ടു പ്രസംഗിച്ചു. അതിനു ശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ, എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യസംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി''(എം. റശീദ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പേജ് 70,71)
ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായി പലരും കൊട്ടിഘോഷിക്കുന്ന ഐക്യസംഘത്തിന്റെ തനി നിറമാണ് ഇവിടെ വ്യക്തമാകുന്നത്. ഒരു ഭാഗത്ത് സാമാജ്യത്വത്തിന്റെ വിനീതവിധേയനായി നിലകൊള്ളുക. മറുഭാഗത്ത് സ്വന്തം മതത്തിന്റെ ഐഡന്റിറ്റിയെ പോലും പണയപ്പെടുത്തും വിധം ആധുനികതാവാദങ്ങൾക്ക് അടിമപ്പെടുക. ജാതി വെറിയെ താലോലിച്ച സമുദായത്തിലെ കുബേരന്മാരെ വിപ്ലവകാരികളായി വാഴ്ത്തുക. ഇതൊക്കെയാണ് ഐക്യസംഘം വിലാസത്തിൽ ഇവിടെ നടന്നത്.
മുസ്ലിം പൊതു സമൂഹത്തിന്റെ എതിർപ്പിനെ തുടർന്നു 1934ൽ ഐക്യസംഘം പിരിച്ചുവിടേണ്ടി വന്നു. പിന്നീട് കേരള നദ് വത്തുൽ മുജാഹിദീൻ വഴിയും ജമാഅത്തെ ഇസ്‌ലാമി വഴിയും ഐക്യസംഘത്തിന്റെ ആളുകൾ ഇവിടെ പ്രവർത്തിക്കാൻ തുടങ്ങി. മുമ്പ് സൂചിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ ത്രിമൂർത്തികളുടെ ആശയങ്ങളായിരുന്നു ഈ കക്ഷികളും ഇവിടെ വിറ്റൊഴിക്കാൻ ശ്രമിച്ചത്. മത പ്രമാണങ്ങളെ ആധുനികതക്കൊത്ത് വ്യാഖ്യാനിക്കുകയും തങ്ങളുടെ തലയിൽ കൊള്ളാത്തതിനെ ചാടി കടക്കുകയും ചെയ്യുന്ന ശൈലിയാണവർ മുന്നോട്ടു വെച്ചത്. മത നവീകരണത്തിന്റെ ആ ശൈലിയിൽ നിന്നാണ് ഹദീസ് നിഷേധവും മതനിരാസവും ലിബറൽ ചിന്തകളും സമുദായത്തിലേക്ക് കാര്യമായും കടന്നു വന്നത്. ഈ ലിബറലിസത്തെയും മതനിരാസത്തെയും ചെറുത്തു തോൽപ്പിക്കാൻ ഇപ്പോൾ എല്ലാ മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നു. എന്നാൽ സമസ്തയെ പോലുള്ള മുഖ്യധാര മുസ്‌ലിം പ്രസ്ഥാനങ്ങൾ ഇവിടെ ലിബറലിസത്തെയും മതനിരാസത്തെയും പ്രതിരോധിക്കുക മാത്രമല്ല, അവ സമുദായത്തിലേക്ക് കടന്നു വരുന്ന മതനവീകരണത്തിന്റെ വഴികളെ അടക്കുക കൂടിയാണ് ചെയ്തത്. പാരമ്പര്യ ഇസ്ലാമിക പ്രസ്ഥാനവും മതനവീകരണ കക്ഷികളും തമ്മിലുള്ള പ്രധാന വ്യത്യാസവും അതു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."