ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ: ഐ.എൻ.എല്ലിൽ തമ്മിലടി തുടരുന്നു സമാന്തരയോഗം വിളിക്കാനൊരുങ്ങി ഒരുവിഭാഗം
തിരുവനന്തപുരം
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ നിശ്ചയിക്കുന്ന കാര്യത്തിലും ഐ.എൻ.എല്ലിൽ തമ്മിലടി തുടരുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിൽ വീണ്ടും അങ്കംമുറുകുമ്പോൾ സമാന്തരയോഗം വിളിക്കാൻ ഒരുവിഭാഗം നീക്കം തുടങ്ങി.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലേക്ക് ഉടൻ ആളെ തീരുമാനിച്ചില്ലെങ്കിൽ ഈ പദവികൾ തിരിച്ചെടുക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകിയതിനിടെയാണ് വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ഇരുപക്ഷവും നിലയുറപ്പിച്ചിരിക്കുന്നത്.ഇടതു മുന്നണി ധാരണപ്രകാരം പാർട്ടിക്ക് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നിശ്ചയിക്കാൻ അഖിലേന്ത്യാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഡിസംബറിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതിനുശേഷം ഇതുവരെ ചർച്ച നടന്നിട്ടില്ല. സംസ്ഥാന പ്രവർത്തക സമിതിയാണ് പട്ടികയ്ക്ക് അനുമതി നൽകേണ്ടതെന്നും എന്നാൽ, സമിതിയെ നേരിടാൻ ധൈര്യമില്ലാത്തതിനാൽ പ്രസിഡന്റ് അബ്ദുൽ വഹാബ് പ്രവർത്തക സമിതി വിളിക്കുന്നില്ലെന്നുമാണ് സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ആക്ഷേപം.
അതേസമയം, കാന്തപുരത്തിന്റെ സാന്നിധ്യത്തിൽ പാർട്ടിയിലെ പിളർപ്പ് പരിഹരിച്ചപ്പോൾ തയാറാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ ആദ്യം കാസിം ഇരിക്കൂർ തയാറാകട്ടെയെന്നാണ് അബ്ദുൽ വഹാബ് പറയുന്നത്. പാർട്ടിക്ക് ലഭിച്ച ഏക ചെയർമാൻ സ്ഥാനത്തേക്ക് വഹാബ് പക്ഷവും കാസിം പക്ഷവും വ്യത്യസ്ത പേരുകൾ മുന്നോട്ടു വച്ചതാണ് ആദ്യ ചർച്ച പരാജയപ്പെടാൻ കാരണം. അനുവദിച്ച സമയത്തിനുള്ളിൽ അംഗങ്ങളെ തീരുമാനിച്ചില്ലെങ്കിൽ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ സി.പി.എം നിർബന്ധിതരാകും. ഇനിയും യോഗം ചേരാൻ വൈകിയാൽ സമാന്തരയോഗം വിളിക്കാനാണ് അബ്ദുൽ വഹാബിനെ അനുകൂലിക്കുന്ന വിഭാഗം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."