ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സംവിധായകരായ റാഫിയെയും അരുണ്‍ഗോപിയേയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനെയും വിളിപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്കുമാറിന്റെ മൊഴിയില്‍ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.
സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.
ദിലീപ് ജയിലിലാകും മുന്‍പ് അഭിനയിച്ച രാമലീലയുടെ സംവിധായകനാണ് അരുണ്‍ ഗോപി. രാമലീലയുടെ സെറ്റില്‍ വെച്ച് ഗൂഢാലോചന നടന്നിരുന്നുവെന്ന് നേരത്തെ മൊഴികളുണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റ് തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."