എന്‍.ഡി.എയില്‍ പ്രവേശനം കാത്ത് എന്‍.എസ്.എസ് പിന്തുണയുള്ള പുതിയ പാര്‍ട്ടി
കൊച്ചി: എന്‍.ഡി.എ പ്രവേശനംകാത്ത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി കൂടി. എന്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെ മുന്നോക്ക വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ്.ജെ.പി)യാണ് മുന്നണി പ്രവേശനത്തിന് അനുമതി കാത്തിരിക്കുന്നത്.
ഇതിനായി പാര്‍ട്ടി നേതൃത്വം എന്‍.ഡി.എ സംസ്ഥാന ഘടകത്തിന് ആറു മാസം മുമ്പ് കത്തു നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍ ഡി.എസ്.ജെ.പിയുടെ വരവിനെ എന്‍.എസ്.എസുമായി അടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സ്വാഗതം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മുന്നോക്കക്കാരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം പിന്നോക്ക വിഭാഗങ്ങളോട് സൗഹൃദ മനോഭാവം പുലര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നമ്പ്യാര്‍ സമാജം, വാര്യര്‍ സമാജം, ശൈവ വെള്ളാള സംഘം തുടങ്ങിയ മുന്നോക്ക വിഭാഗ സംഘടനകളും പാര്‍ട്ടിയില്‍ അണിനിരക്കുമെന്നാണ് അവകാശവാദം. സാക്ഷരതാ മിഷന്‍ മുന്‍ ഡയരക്ടറും മുന്‍ മന്ത്രി കെ.എം മാണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പ്രൊഫ. കോന്നി ഗോപകുമാര്‍ ജനറല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എസ്.ആര്‍ മേനോന്‍ പ്രസിഡന്റും മല്ലേലി ശ്രീധരന്‍ നായര്‍ ട്രഷററുമായാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അനുവാദത്തോടെയാണ് സംഘടനാ രൂപീകരണമെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ജനറല്‍ സെക്രട്ടറിയുടെ ആശിര്‍വാദമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പഴയ എന്‍.ഡി.പിക്കു പകരമായൊരു പാര്‍ട്ടി വേണ്ടെന്ന നിലപാടാണ് അദ്ദേഹത്തിനെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തില്‍ സുകുമാരന്‍ നായര്‍ എതിര്‍പ്പറിയിച്ചിട്ടുമില്ല.
എന്നാല്‍ ഡി.എസ്.ജെ.പിയുടെ മുന്നണി പ്രവേശനത്തിന് തടസ്സം കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ഡി.ജെ.എസും ആണെന്നാണ് സൂചന. തങ്ങളുടെ സ്ഥാനത്തിനു കോട്ടം തട്ടുമെന്ന ആശങ്കയാണ് ബി.ഡി.ജെ.എസിനുള്ളത്. ബി.ജെ.പി അനുഭാവ നായര്‍ വോട്ടുകള്‍ക്കൊപ്പം നിഷ്പക്ഷ വോട്ടുകള്‍ കൂടി സമാഹരിക്കുക എന്ന ലക്ഷ്യമാണ് സുകുമാരന്‍ നായരെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമത്തിനു പിന്നില്‍. മുന്നണി പ്രവേശനത്തിന് ആര്‍.എസ്.എസ് നേതൃത്വവുമായും ഡി.എസ്.ജെ.പി ചര്‍ച്ച നടത്തുന്നതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."