സുപ്രഭാതം മുഖപ്രസംഗത്തിനെതിരേ പി ജയരാജന്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം ജനുവരി 22ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ആ സംഘടനയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രചാരണ തന്ത്രവും സമൂഹം ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ് എന്ന് സി.പി.എം നേതാവ് പി ജയരാജന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ സുപ്രഭാതം മുഖപ്രസംഗത്തിനെതിരേ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് മുക്തകേരളം ആര്‍.എസ്.എസ് അജണ്ടയാണെന്ന കോണ്‍ഗ്രസ് പ്രചാരണം അപ്പടി വിഴുങ്ങി കൊണ്ടുള്ളതാണ് മുഖപ്രസംഗം. മാത്രവുമല്ല ഇന്ത്യയുടേയും കേരളത്തിന്റെയും വര്‍ത്തമാനകാല വസ്തുതകളെ മൂടിവയ്ക്കുന്നതുമാണിത്. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാന്‍ ആവില്ല.
മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ത്രിവിധ ദോഷങ്ങളാണെന്നും അവരെ തുടച്ചു നീക്കണമെന്നും ഗോള്‍ വാള്‍ക്കര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ആര്‍.എസ്.എസ് അജണ്ട. ഏത് കാര്യത്തിലും ബി.ജെ.പി അനുകൂല നിലപാടെടുക്കുന്ന കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണേണ്ട ആവശ്യം അവര്‍ക്കെന്താണ്. ബി.ജെ.പിക്ക് അധികാര കസേര ഉറപ്പിക്കാന്‍ എതിര്‍ക്കുന്നവരെയാകെ തകര്‍ക്കലാണ് ലക്ഷ്യം. അതില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ്സുകാരുമുള്‍പ്പെടും.
കോണ്‍ഗ്രസ് എന്ന വലിയ പാര്‍ട്ടി ഇന്നത്തെ നിലയിലേക്ക് ശോഷിച്ചത് അതിന്റെ ജനവിരുദ്ധ നയങ്ങളുടെ കൂടി ഫലമായാണ്. അല്ലാതെ ആര്‍.എസ്.എസ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. കോണ്‍ഗ്രസിന്റെ ശോഷിപ്പ് ആര്‍.എസ്.എസ് പ്രയോജനപ്പെടുത്തി എന്നതാണ് വസ്തുത . കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളും ചാഞ്ചാട്ട സ്വഭാവവും ഇപ്പോഴും തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കൊവിഡ് കാലത്തുപോലും വര്‍ഗീയത ഇളക്കിവിടാന്‍ മോദി നടത്തിയ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനോട് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട് . അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല ,ആ ചടങ്ങില്‍ തങ്ങളെകൂടി ക്ഷണിക്കേണ്ടിയിരുന്നു എന്ന പരിഭവം പറച്ചിലാണ് നേതൃത്വത്തില്‍ നിന്നും ഉണ്ടായത്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് നാം കേട്ടത്. അതുകൊണ്ടാണ് മതനിരപേക്ഷകതയ്ക്കായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷമാണ് ശരി എന്ന നിലപാടിലേക്ക് നാനാ വിശ്വാസികള്‍ എത്തിച്ചേര്‍ന്നത് .
പൗരാവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരേ ജനാതിപത്യ ശക്തികളുടെ മുന്നേറ്റമാണ് നീണ്ട 30വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചത്. തുടര്‍ന്ന് ജനതാപാര്‍ട്ടി ഗവണ്‍മെന്റ് അധികാരത്തിലെത്തി. ആര്‍.എസ്.എസുകാരും ആര്‍.എസ്.എസ് വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇടതുപക്ഷം ഉറച്ച ആര്‍.എസ്.എസ് വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പിന്നീട് വി.പി സിങ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പിക്ക് മന്ത്രിമാര്‍ ഇല്ലാതിരുന്നതും ഇടതു പക്ഷ നിലപാടിന്റെ ഫലമാണ് . മാത്രവുമല്ല അദ്വാനിയുടെ രഥഘോഷയാത്ര തടഞ്ഞതിന്റെ പേരില്‍ വി.പി സിങ് ഗവണ്‍മെന്റിനെ താഴത്തിറക്കാന്‍ ബി.ജെ.പിക്കൊപ്പം കൊണ്‍ഗ്രസുകൂടി ചേര്‍ന്നു എന്നതാണ് ചരിത്രം. ഈ ചരിത്രവും വര്‍ത്തമാനകാലവും നന്നായറിയുന്ന സമസ്തയിലെ പ്രതികരണ ശേഷിയുള്ളവര്‍ കോണ്‍ഗ്രസിന്റെ വാലായി മത സംഘടനകള്‍ മാറുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക സ്വാഭാവികം. അവരോടുള്ള പരിഹാസ്യമായ മറുവാദമാണ് മുഖ പ്രസംഗത്തിലുള്ളത്. ''സുപ്രഭാതത്തില്‍ ഇരുട്ട് പരത്താനുള്ള നീക്കം !
കേരളത്തിലെ കോണ്‍ഗ്രസുകാരും മറ്റു സംസ്ഥാനങ്ങളിലേതു പോലെ ബി.ജെ.പി പാളയത്തില്‍ പോകാതിരിക്കാന്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാണ് മുഖ പ്രസംഗത്തിലെ ആഹ്വാനം. ഈ ആഹ്വനം ചിന്താ ശേഷിയുള്ള സമസ്തയിലുള്ളവരടക്കം പരിഹസിച്ചു തള്ളും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരേ പോരാടാന്‍ 19 യു.ഡി.എഫുകാരെ ജയിപ്പിച്ചതിന്റെ ഫലം എന്തായി എന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി. മുത്തലാഖ് ബില്‍, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലുള്ള പ്രധാന സമയങ്ങളില്‍ വിമാനം കിട്ടിയില്ലെന്ന് പറഞ് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ കല്യാണ വീട്ടില്‍ ബിരിയാണി തിന്നാന്‍ പോയ ആളുകളാണ് ഗീര്‍വാണം അടിക്കുന്നത്. ഏറ്റവുമൊടുവില്‍ രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ജീവന്മരണ പോരാട്ടം നടത്തുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ്-ലീഗ് എം.പിമാരെയും നേതാക്കളെയും ആ വഴിക്ക് കണ്ടില്ല. സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഇപ്പോളും സമരമുഖത്ത് കര്‍ഷകര്‍ക്കൊപ്പമുണ്ട്.
ഇപ്പോള്‍ ഫാസിസത്തിനെതിരായ ജൂദ്ധം മതിയാക്കി കേരളത്തിലേക്ക് മടങ്ങാനാണത്രെ യു.ഡി.എഫ് എം.പി മാര്‍ക്ക് താല്പര്യം. നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതല്ല എങ്ങനെയെങ്കിലും അധികാരം നേടുക എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ലീഗ് നേതാക്കളുടെ നിലനില്‍പിനായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത് എങ്കിലും ന്യൂനപക്ഷ മതവിശ്വാസികളടക്കം ആഗ്രഹിക്കുന്നത് ഇടതുപക്ഷം ജയിക്കണമെന്നാണ്. ഇതൊക്കെ ഈ നാട് കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ... ജയരാജന്‍ ഫെയ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."