തിരുത്തിത്തുടങ്ങിയ ജോ ബൈഡന്‍ നല്‍കുന്ന പ്രതീക്ഷകള്‍
ഐക്യഅമേരിക്കയിലെ ഭരണമാറ്റം ആ രാജ്യത്തേക്കാള്‍ സ്വാധീനിക്കുന്നത് ലോകരാജ്യങ്ങളെയാണ്. അമേരിക്കയുടെ ഓരോ നയങ്ങളും ലോകത്തെ സ്വാധീനിക്കും. അവിടെയുള്ള ഓരോ നീക്കങ്ങളും മറ്റു രാജ്യങ്ങള്‍ ഉറ്റുനോക്കുന്നതു സ്വാഭാവികം. എന്നാല്‍ ഇത്തവണ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതല്‍ അധികാരക്കൈമാറ്റം വരെ പതിവില്ലാത്ത സന്ദേഹത്തോടെയാണ് ലോകം വീക്ഷിച്ചത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഫലംവന്ന ശേഷം അധികാരക്കൈമാറ്റം വരെയുള്ള സംഭവബഹുലമായ നാളുകളും അമേരിക്കയുടെ ചരിത്രത്തിലെ വേറിട്ട അനുഭവങ്ങളാണ്. ധാര്‍ഷ്ട്യത്തോടെയുള്ള തീരുമാനങ്ങളും നയങ്ങളുമായി മുന്നോട്ടു പോയ ട്രംപിനെ അമേരിക്കന്‍ പൗരന്മാര്‍ അവരുടെ സമ്മതിദാന അവകാശത്തിലൂടെ പുറംതള്ളി എന്നതിനൊപ്പം അമേരിക്കയുടെ പ്രതീക്ഷ ജോ ബൈഡന്‍ എന്ന വൈറ്റ് ഹൗസില്‍ പരിചയ സമ്പന്നനായ പ്രസിഡന്റിലൂടെയാണെന്ന പൗരബോധമാണ് ട്രംപിന്റെ പാളയത്തില്‍ പോലും ജോ ബൈഡന് ഉന്നത വിജയം സമ്മാനിച്ചത്.
ട്രംപിന്റെ യുഗം അമേരിക്കയില്‍ അവസാനിച്ചതോടെ ഏവരും ഉറ്റുനോക്കുന്നത് യു.എസ് നയങ്ങളില്‍ ബൈഡന്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതാണ്. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ജോ ബൈഡന്‍ തന്റെ പ്രകടന പത്രിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ മുന്‍നിരയിലുണ്ടായ പ്രഖ്യാപനങ്ങളിലെല്ലാം എക്‌സിക്യൂട്ടീവ് ഉത്തരവുകളാക്കി ബൈഡന്‍ ആദ്യ ദിനം ഒപ്പുവച്ചു. അധികാരമേറ്റ ശേഷം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസിലെത്തിയ ബൈഡന്‍ 17 എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവച്ചത്. ഇതില്‍ പ്രധാനമാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ ഉത്തരവ് തിരുത്തിയതും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്മാറിയ ഉത്തരവ് തിരുത്തിയതും.
വിദ്വേഷം, വെറുപ്പ്, വര്‍ണവിവേചനം തുടങ്ങിയവ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പയറ്റാനും ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യാനുമുള്ള ട്രംപിന്റെ ശ്രമങ്ങളായിരുന്നു ഇത്തരം നീക്കങ്ങള്‍. രാഷ്ട്രീയത്തില്‍ വലിയ പരിചയമോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത ബിസിനസുകാരന്‍ മാത്രമായിരുന്നു അധികാരത്തിലെത്തും മുന്‍പ് ട്രംപിന്റെ പ്രൊഫൈല്‍. അമേരിക്കയുടെ പരമ്പരാഗത രീതികളെയെല്ലാം അദ്ദേഹം പാടെ തള്ളുകയും തന്റേതായ ഒരു സംസ്‌കാരം അമേരിക്കയില്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചു. ഇതിനായി വിദ്വേഷത്തിനും വര്‍ഗീയ പ്രചാരണത്തിനും തണലൊരുക്കുകയും ചെയ്തു. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഇതു ബാധിക്കുമെന്ന പൗരന്മാരുടെ തിരിച്ചറിവാണ് ബൈഡനെ അധികാരത്തിലെത്തിച്ചത്.
എക്കാലത്തും അമേരിക്കന്‍ ദേശീയതയ്‌ക്കൊപ്പംനിന്ന ചരിത്രമാണ് യു.എസ് മുസ്‌ലിംകള്‍ക്കുള്ളത്. മുസ്‌ലിം വിദ്വേഷത്തിന്റെ പേരില്‍ അവരും ആക്രമിക്കപ്പെട്ടു. കുടിയേറ്റക്കാരായ അമേരിക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പു നേരിട്ടത്. അവരെല്ലാം വന്‍ വിജയം നേടുകയും ചെയ്തു. തന്റെ സ്റ്റാഫിലും അദ്ദേഹം വര്‍ണവിവേചനം കാണിച്ചില്ല. മുസ്‌ലിംകള്‍ക്ക് യു.എസില്‍ വരാനും തൊഴിലെടുക്കാനും സ്വതന്ത്രമായി ജീവിക്കാനും അനുമതി നിഷേധിക്കുന്ന മുന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളാണ് ബൈഡന്‍ ഇല്ലാതാക്കിയത്. ഭരണരംഗത്തും പൊതുരംഗത്തും സത്യവും സുതാര്യതയും ഉറപ്പു വരുത്തുമെന്നാണ് ബൈഡന്റെ വക്താവ് ആദ്യമായി പ്രതികരിച്ചതും.
ലോകരാജ്യങ്ങളെ ബാധിക്കുന്ന പുതിയ ഉത്തരവുകളില്‍ സുപ്രധാനമാണ് പാരിസ് ഉടമ്പടിയിലും ലോകാരോഗ്യ സംഘടനയിലും വീണ്ടും അംഗമാകാനുള്ള തീരുമാനം. കൊവിഡ് നിലപാടില്‍ പ്രതിഷേധിച്ചാണ് യു.എസ് ലോകാരോഗ്യ സംഘടനയില്‍നിന്ന് വിട്ടുനിന്നത്. കൊവിഡ് ജലദോഷ പനി മാത്രമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. മാസ്‌ക് ധരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന രാജ്യം അമേരിക്കയാണ്. അമേരിക്കയുടെ പിന്മാറ്റം സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി. മറ്റു രാജ്യങ്ങള്‍ക്ക് ആരോഗ്യ സുരക്ഷയ്ക്കുള്ള ഫണ്ട് നല്‍കുന്നതിനെയും ട്രംപിന്റെ നിലപാട് തിരിച്ചടിയായിരുന്നു.
വ്യവസായികളെ സഹായിക്കാനാണ് പാരിസ് ഉച്ചകോടിയില്‍നിന്ന് ട്രംപ് പിന്മാറിയത്. ബരാക് ഒബാമയുടെ കാലത്ത് 187 രാജ്യങ്ങള്‍ ഒപ്പുവച്ച പാരിസ് കാലാവസ്ഥാ ഉടമ്പടി ആഗോളതാപനം 1.5 ഡിഗ്രിയായി നിലനിര്‍ത്തുകയെന്നത് ലക്ഷ്യം വച്ചുള്ളതാണ്. വികസിത രാജ്യങ്ങളാണ് ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കൂടുതലും പുറംതള്ളുന്നത്. ഒബാമ മുന്‍കൈയെടുത്ത് നടപ്പാക്കിയ ഉടമ്പടിയില്‍ നിന്ന് യു.എസ് തന്നെ പിന്മാറിയത് ലോകത്തെ ആശങ്കയിലാക്കി. ലോകത്തെ ഓരോ ജീവികളെയും ബാധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍. ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകം പുറംതള്ളുന്ന യു.എസ് വിട്ടുനിന്നതോടെ ഉടമ്പടിയുടെ ലക്ഷ്യം ചോദ്യം ചെയ്യപ്പെട്ടു. ഇതും ആദ്യ ദിനം ബൈഡന്‍ തിരുത്തി.
എല്ലാ അമേരിക്കക്കാരും 100 ദിവസത്തേക്ക് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. ദേശീയ തലത്തില്‍ കൊവിഡ് പ്രതിരോധത്തിന് കോഡിനേറ്ററെ നിയോഗിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്നായിരുന്നു യു.എസ്. ട്രംപിന്റെ വികലമായ നയമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടൊപ്പം കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ പണിയുന്ന മതിലിന് പണം നല്‍കുന്നത് അടിയന്തര പ്രാധാന്യത്തോടെ നിര്‍ത്തി. ട്രംപിന്റെ മുഖ്യ അജന്‍ഡയായിരുന്നു വിവേചനത്തിന് ആക്കം നല്‍കുന്ന മതില്‍ നിര്‍മാണം. ഇതു തുടക്കമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഉത്തരവുകളും നിയമനിര്‍മാണങ്ങളും ഉണ്ടാകുമെന്നുമാണ് ബൈഡന്‍ വ്യക്തമാക്കിയത്. ട്രംപ് തകിടം മറച്ച അമേരിക്കയെ പുനഃസൃഷ്ടിക്കുകയാണ് ബൈഡന്റെ ലക്ഷ്യം. അതോടൊപ്പം സഖ്യകക്ഷികളുടെ കാര്യത്തിലും വിദേശനയത്തിലും മാറ്റമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."