റിപ്പബ്ലിക്കും രാഷ്ട്രവും
ദാമോദർ പ്രസാദ്
1949 നവംബര്‍ 26നാണ് ഭരണഘടന അസംബ്ലി മുമ്പാകെ ഡോ. ബി.ആര്‍ അംബേദ്കര്‍ അവതരിപ്പിച്ച കരട് ഭരണഘടനാ പ്രമേയം ശബ്ദവോട്ടോടെ അംഗീകരിച്ചത്. 308 പേരടങ്ങുന്ന അസംബ്ലിയില്‍ യു.പിയില്‍ നിന്നുള്ള സോഷ്യലിസ്റ്റും പ്രമുഖ മുസ്‌ലിം നേതാവുമായ ഹസ്രത് മൊഹാനിയാണ് കരട് ഭരണഘടനയെ എതിര്‍ത്ത് വോട്ടുചെയ്ത ഏക അംഗം. സോവിയറ്റ് സോഷ്യലിസ്റ്റ് രീതിയിലെ ഭരണഘടനയാണ് ഇന്ത്യയ്ക്ക് അഭികാമ്യമെന്നാണ് അദ്ദേഹം വാദിച്ചത്. നവംബര്‍ 26 ഭരണഘടനാ ദിനമായാണ് ആചരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 894 ദിവസങ്ങള്‍ക്കുള്ളില്‍ ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26ന് ഇന്ത്യാ മഹാരാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം 1930ല്‍ കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് ആവശ്യം ആദ്യമായി ഉന്നയിച്ചതിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു അന്ന് എന്നതിനാലാണ്. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു റിപ്പബ്ലിക്കിന്റെ വ്യവസ്ഥാപനവും.
ഭരണഘടനാ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു വിവരം ഇവിടെ പങ്കുവയ്ക്കുന്നു. ഭരണഘടനാ നിര്‍മാണ പ്രക്രിയയ്ക്ക് മൊത്തം ചെലവു വന്നത് 63.96 ലക്ഷമാണ്. ആളോഹരി അടിസ്ഥാനത്തില്‍ ഒരു പൗരന് 5.25 രൂപ വരും. ഭരണഘടനയുടെ പൊതുസ്വഭാവം വിശദീകരിച്ചതിനു ശേഷം ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റായ രാജേന്ദ്ര പ്രസാദ് സഗൗരവം അഭിമാനത്തോടെ പറഞ്ഞത് 'ഇവിടെ സാമ്രാജ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കിനോട് താരതമ്യപ്പെടുത്താനാവുന്നതൊന്നും ഇന്ത്യയിലുണ്ടായിരുന്നില്ല' എന്നാണ്. വ്യത്യസ്തങ്ങളായ രാഷ്ട്രസങ്കൽപങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്ത്യന്‍ ബഹുജനങ്ങള്‍ക്ക് ഭരണഘടനാധിഷ്ഠിതമായ റിപ്പബ്ലിക് എന്നത് ഒരു നൂതനലോകത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. സമത്വവും സാഹോദര്യവും പ്രധാനം ചെയ്യുന്ന ജാതീയ വിവേചനം നിയമാനുസൃതം റദ്ദു ചെയ്യുന്ന ഭരണഘടന നവലോകാനുഭവമല്ലാതെ മറ്റെന്താകാനാണ്. ഭാരതത്തിന്റെ പുരാതന സംസ്‌കൃതിയുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കാന്‍ സ്വാതന്ത്ര്യാനന്തര അധികാരനേതൃത്വം ബാധ്യസ്ഥരായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. ഇങ്ങനെ ആധുനിക ദേശരാഷ്ട്രം സ്ഥാപിതമാകുന്നതിനോടൊപ്പം ദേശീയതയെ മുന്‍നിര്‍ത്തിയ വ്യത്യസ്ത രാഷ്ട്രഭാവനകളെ റിപ്പബ്ലിക്കിന്റെ സങ്കൽപങ്ങളിലേക്ക് മെരുക്കിയെടുക്കുകയോ ഉള്‍ച്ചേര്‍ത്തുവയ്ക്കുകയോ പുനര്‍രൂപീകരിക്കുകയോ ചെയ്യേണ്ടത് ആവശ്യമായിരുന്നു. എന്നിരുന്നാലും, ആധുനിക റിപ്പബ്ലിക്കും റിപ്പബ്ലിക്ക് പൂര്‍വ ദേശസങ്കൽപങ്ങളും തമ്മിലെ ടെന്‍ഷന്‍ രാഷ്ട്രീയ സമസ്യയായി തുടര്‍ന്നും നിലനിന്നു.
ഭരണഘടനയെ ആധാരമാക്കിയാണ് ജനകീയ പരമാധികാരം നിലനില്‍ക്കുന്നത്. ജനകീയ പരമാധികാരത്തെ വ്യവച്ഛേദിച്ച് മനസിലാക്കേണ്ടതുണ്ട്. പ്രതിനിധാന ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. എന്നാല്‍ ഭൂരിപക്ഷാത്മകതയുടെ ഇച്ഛയാണോ ജനകീയ പരമാധികാരമായി വ്യാഖ്യാനിക്കേണ്ടത് എന്നത് തര്‍ക്കപ്രശ്‌നമായി നില്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരും ജനങ്ങളും എന്ന നിലയില്‍ തികച്ചും ഔപചാരികതയുടെ അടിസ്ഥാനത്തിലല്ല ജനകീയ പരമാധികാരത്തെ ഭരണഘടന വിഭാവനം ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരം അപ്രതിരോധ്യമായ ഒന്നല്ല. സമഗ്രാധികാര പ്രവണതകളെ നിയന്ത്രിക്കാന്‍ പലതട്ടിലുള്ള പരിശോധനകളും സന്തുലിതത്വവും ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ജനകീയ പരമാധികാരം അമൂര്‍ത്ത സങ്കല്‍പമല്ല, മറിച്ച് അത് സ്ഥാപനപ്രക്രിയകളിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ജനകീയ പരമാധികാരം കേവലം ഭൂരിപക്ഷാത്മകതയല്ല. ഒരാധുനിക രാഷ്ട്രത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. റിപ്പബ്ലിക്കിന്റെ അസ്തിത്വത്തെ സംബന്ധിച്ച് ഭരണഘടന, രാഷ്ട്രം, ജനകീയ പരമാധികാരം എന്നിവ പരസ്പരബന്ധിതമാണ്. എന്നാല്‍ റിപ്പബ്ലിക്ക് പൂര്‍വകമായോ അല്ലെങ്കില്‍ അതിനെ അതിവര്‍ത്തിക്കുകയോ ചെയ്യുന്ന ദേശീയതയെ മുന്‍നിര്‍ത്തിയ രാഷ്ട്രസങ്കല്‍പം ഒരധീശത്വവ്യവഹാരമായി അന്നുമിന്നും നിലനില്‍ക്കുന്നു. ഈ രാഷ്ട്രസങ്കൽപത്തെ ആധാരമാക്കി ഭരണഘടന പുനര്‍രചിക്കപ്പെടണമെന്നാണ് റിപ്പബ്ലിക് പൂര്‍വരാഷ്ട്ര സങ്കൽപത്തിന്റെ വക്താക്കള്‍ ആവശ്യപ്പെടുന്നത്.
കേവലമായ അധികാര കൈമാറ്റമല്ല കോളോണിയല്‍ ഭരണസംവിധാനത്തില്‍ ഒരു രാജ്യം സ്വതന്ത്രമാകുമ്പോള്‍ സംഭവിച്ചത്. ജനകീയ പരമാധികാരത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ അടിമുടി മാറുന്നുണ്ട്. റിപ്പബ്ലിക് സ്ഥാപിതമാവുന്നതോടെ പുതിയ പൗരസ്വത്വമാണ് സാധ്യമാകുന്നത്. അത് കേവലം പ്രതിനിധാന ജനാധിപത്യത്തില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല. സ്വയം പ്രതിനിധാനം ചെയ്യാനുള്ള അവകാശമായാണ് പൗരനു ജനകീയ പരമാധികാരം അനുഭവവേദ്യമാവുക. ആധുനിക റിപ്പബ്ലിക്കിന് യോഗ്യമായ പൗരദേശീയതയാണ് ഇതിനു അടിസ്ഥാനം. മത -ജാതി വിവേചനങ്ങളെ നിരാകരിക്കുന്ന സമഭാവന ഈ സങ്കൽപത്തില്‍ നിക്ഷിപ്തമാണ്.
റിപ്പബ്ലിക്ക് പൗരത്വത്തെ പുതിയ രീതിയില്‍ വിഭാവനം ചെയ്യുന്നു. സ്വാതന്ത്ര്യപൂര്‍വം മുസ്‌ലിം ജനവിഭാഗത്തിനുണ്ടായിരുന്ന പ്രത്യേക സമ്മതിദാനാവകാശം റിപ്പബ്ലിക്കിന്റെ സന്ദര്‍ഭത്തില്‍ ഒഴിവാക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളെ ഭരണഘടന അംഗീകരിക്കുകയും ചെയ്യുന്നു. അനുകൂലമായ വിവേചനം എന്നാണ് ഇതിനെ നിദര്‍ശിക്കുന്നത്. സമാനമാണ് സംവരണതത്വവും. റിപ്പബ്ലിക്ക് പൂര്‍വദേശീയത മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വരാഷ്ട്ര സങ്കൽപത്തില്‍ പൗരസ്വത്വം കൊളോണിയല്‍ പൂര്‍വം മാത്രമല്ല ആദിമവുമാണ്. അതുകൊണ്ടാണ് പൗരത്വത്തെ വിവേചനപൂര്‍വം സമീപിക്കുന്നത്. ഹിന്ദുത്വ സങ്കൽപത്തില്‍ എവിടെയുമുള്ള ഹിന്ദുവിനും ഈ ദേശരാഷ്ട്രത്തില്‍ സ്വാഭാവികമായ പൗരത്വം ലഭിക്കുന്നു. പരിശുദ്ധവും പ്രാക്തനവുമെന്നും ഹിന്ദുത്വം വിഭാവനം ചെയ്യുന്ന ഈ ദേശീയതയെ മുന്‍നിര്‍ത്തിയ രാഷ്ട്രസങ്കല്‍പമനുസരിച്ച് സ്വദേശീയം/വിദേശീയം എന്ന ഗണത്തിന്റെ അടിസ്ഥാനത്തില്‍ മതപരമായ വിവേചനം നിലനിര്‍ത്തിക്കൊണ്ടാണ് പൗരത്വത്തെ നിര്‍ണയിക്കുന്നത്.
രാഷ്ട്രവും റിപ്പബ്ലിക്കും സങ്കീര്‍ണമായ ദ്വന്ദ്വാത്മകമായ വേര്‍തിരിവുകള്‍ പ്രകടമാക്കുന്ന ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ദേശങ്ങളും സംസ്‌കാരങ്ങളും ഭാഷകളും വൈവിധ്യങ്ങളോടെ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം തന്നെ ഹിന്ദുത്വ ദേശഭാവനയുടെ പരിധികളില്‍ ഏകശിലാരൂപമുള്ള രാഷ്ട്രമാണ്. സര്‍വാശ്ലേഷിയായ ദേശീയതയ്ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്ന രാഷ്ട്രമാണ് ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്നത്. അത് ഹൈന്ദവ ദേശീയതയാണ്. ഉപഭൂഖണ്ഡത്തെ മുഴുവന്‍ രാഷ്ട്രമായി സങ്കൽപിക്കുന്നതിനാല്‍ അതിവിസ്തൃതമാണ് ആ ആദിമരാഷ്ട്ര സങ്കല്‍പമെന്നു പറയാം. എന്നാല്‍ റിപ്പബ്ലിക് വിഭാവനം ചെയ്യുന്നത് സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട രാഷ്ട്രമാണ്. ഇന്ത്യ വിഭജനത്തിന്റെ മുറിവുകള്‍ പേറിക്കൊണ്ടുതന്നെയാണ് റിപ്പബ്ലിക് സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അസ്തിത്വത്തെ വ്യവസ്ഥപ്പെടുത്തിയത്. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലും ബഹുസംസ്‌കാര രാഷ്ട്രത്തെക്കുറിച്ചുള്ള ജനാധിപത്യപരമായ ഭാവന ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷയെ ഒരേകീകരണ സ്വത്വമായി റിപ്പബ്ലിക് കാണുന്നു. എന്നാല്‍ സ്വതന്ത്ര റിപ്പബ്ലിക് രാഷ്ട്രഭാഷാ നയം രൂപീകരിച്ചപ്പോള്‍ ഹിന്ദിക്ക് ഇന്ത്യയിലെ ഇതരഭാഷകളുടെ മേല്‍ അപ്രമാദിത്വം ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിനെതിരേ ഏറ്റവും ശക്തമായ പ്രതിരോധമുയര്‍ത്തിയത് തമിഴരാണ്. പത്തൊമ്പതാം നൂറ്റാണ്ടോടെ മാത്രം ഭാഷ സവിശേഷത കൈവരിക്കുന്ന ഹിന്ദി ഒരു രാഷ്ട്രഭാഷ എന്ന നിലയില്‍ രാഷ്ട്രത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ആദിമ സങ്കൽപമായി ഒത്തുപോകുന്നതല്ല എങ്കിലും ഒരു ഉദ്ഗ്രഥന ഭാഷ എന്ന നിലയ്ക്കാണ് ഹിന്ദിയെ രാഷ്ട്രഭാഷയായി പ്രാധാന്യം കൽപിച്ചത്. ദേശീയ പ്രസ്ഥാനം മുതല്‍ക്കേ ഇതിനായി സംയുക്ത പരിശ്രമങ്ങള്‍ നടന്നിരുന്നു. അതേസമയം, വടക്കേ ഇന്ത്യയില്‍ ദൈനംദിന വ്യവഹാരങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന ഉർദു ഭാഷ അവഗണിക്കപ്പെടുകയും ചെയ്തു.
റിപ്പബ്ലിക്കും ആദിമ രാഷ്ട്രസങ്കൽപവും തമ്മിലെ അപരിഹാര്യ വൈരുധ്യത്തിന്റെ മറ്റൊരു ഘടകമാണ് മതത്തെ സംബന്ധിച്ചുള്ളത്. ആദിമ രാഷ്ട്രസങ്കൽപം എന്നു വ്യവഹരിക്കുമ്പോള്‍ മനസിലാക്കേണ്ട കാര്യം ഏതോ വിദൂരഭൂതകാലത്തില്‍ ഇതിവിടെ നിലനിന്നിരുന്നുവെന്നല്ല, മറിച്ചു ഇതും അധിനിവേശ ചരിത്രശാസ്ത്രത്തെ ആധാരമാക്കിയ ഭൂതകാലത്തെക്കുറിച്ചുള്ള നിര്‍മിതിയാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള ഭവിഷത്തുകാലത്തെക്കുറിച്ചുള്ള നിര്‍മാണമാണ് റിപ്പബ്ലിക് വിഭാവനം ചെയ്യുന്നത്.
അപകോളനീകരണത്തിനു തുടക്കം കുറിക്കുകയാണ് റിപ്പബ്ലിക്. സെക്കുലര്‍ എന്നുള്ളത് ഭരണഘടനയില്‍ പിന്നീടാണ് എഴുതിച്ചേര്‍ത്തതെങ്കിലും മതേതര രാഷ്ട്രത്തെ തന്നെയാണ് റിപ്പബ്ലിക് ആരംഭം മുതലേ വിഭാവനം ചെയ്തത്. ഭരണകൂടത്തില്‍ നിന്ന് മതം വേറിട്ടുനില്‍ക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. ബഹുമത, ബഹുസംസ്‌കാര, ബഹുഭാഷാ വൈവിധ്യം നിലനില്‍ക്കുന്ന പ്രദേശം ഒത്തൊരുമയില്‍ കൊളോണിയല്‍ വിരുദ്ധസമരം നയിച്ചതിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആത്മവിശ്വാസമാണ് ഒരു രാഷ്ട്രമായി സ്വയം വിഭാവനം ചെയ്യാന്‍ അതിനെ പ്രാപ്തമാക്കുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം ഭരണഘടനാപരമായ വ്യവസ്ഥകളോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഭരണകൂടം ഔപചാരികമായെങ്കിലും മതമുക്തമാകണമെന്ന നിലപാടാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ ഈ മതേതരത്വം ന്യൂനപക്ഷ പ്രീണനമാണെന്ന വാദമുന്നയിച്ചാണ് മതേതര സങ്കൽപങ്ങളെ നിരന്തരം ഹിന്ദുത്വ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. റിപ്പബ്ലിക്കിന്റെ തുടക്കം മുതല്‍ക്കേ ഈ വൈരുധ്യം പ്രകടമായിരുന്നു. മതപരമായ ആത്മീയതയ്ക്ക് വലിയ പ്രാമുഖ്യമുള്ള രാജ്യത്തില്‍ തീര്‍ത്തും മതനിര്‍മുക്തമായ ഭരണനിര്‍വഹണം സാധ്യമായിരുന്നോ എന്നത് ചോദ്യമുയര്‍ത്തുന്ന കാര്യമാണ്. മറ്റൊരു പ്രധാന ടെന്‍ഷന്‍ റിപ്പബ്ലിക് വിഭാവനം ചെയ്യുന്ന ഫെഡറല്‍ സങ്കൽപവും ഭരണകൂടത്തിന്റെ കേന്ദ്രീകരണ പ്രവണതയുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രീകരണം നെഹ്റുവിന്റെ കാലം മുതല്‍ക്കേ വിമര്‍ശന വിധേയമായിരുന്നതാണെങ്കിലും സമഗ്രാധികാര പ്രവണത പ്രകടമായി തുടങ്ങുന്നത് സമീപകാലങ്ങളില്‍ മാത്രമാണ്. ഇലക്ടറല്‍ ഓട്ടോക്രസി അഥവാ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേക്ക് പരിണമിക്കുന്ന രാഷ്ട്രീയമാണ് റിപ്പബ്ലിക് നേരിടുന്ന ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."