അഫ്ഗാനുള്ള ഇന്ത്യൻ സഹായം: നല്ല തീരുമാനമെന്ന് താലിബാൻ 50,000 മെട്രിക് ടൺ ഗോതമ്പ് ഫെബ്രുവരിയിൽ എത്തിക്കും
കാബൂൾ
കടുത്ത ദാരിദ്ര്യം മൂലം പട്ടിണിയുടെ പിടിയിലായ അഫ്ഗാന് 50,000 മെട്രിക് ടൺ ഗോതമ്പ് നൽകാനുള്ള ഇന്ത്യൻ തീരുമാനം നല്ല കാര്യമെന്ന് താലിബാൻ സർക്കാർ.
പാകിസ്താനിലൂടെ സഹായമെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ശുഭകരമായ നടപടിയാണെന്നും അത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും താലിബാൻ്റെ നിയുക്ത യു.എൻ അംബാസഡർ സുഹൈൽ ഷഹീൻ പറഞ്ഞു.
ഇത് പോസിറ്റീവായ ചുവടുവയ്പാണ്. അഫ്ഗാൻ ജനതയ്ക്കുള്ള ഈ മാനുഷിക സഹായത്തിന് ഇന്ത്യക്ക് നന്ദി അറിയിക്കുന്നു. ഗോതമ്പ് അഫ്ഗാനിലെത്തിക്കാൻ ഗതാഗത സൗകര്യം നൽകാമെന്ന് സമ്മതിച്ച പാക് സർക്കാരിനും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാന് ഗോതമ്പ് വാഗ്ദാനം ചെയ്ത ഇന്ത്യയുടെ നടപടിയെ നേരത്തെ തന്നെ താലിബാൻ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർ അഫ്ഗാനിൽ തിരിച്ചെത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് എല്ലാ വിദേശ നയതന്ത്രജ്ഞരെയും താലിബാൻ സ്വീകരിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ഷഹീൻ പറഞ്ഞു.
അഫ്ഗാൻ നേരിടുന്ന മാനുഷിക ദുരന്തം ഒഴിവാക്കാൻ 500 കോടി ഡോളറിൻ്റെ സഹായമെത്തിക്കാൻ യു.എൻ ആഹ്വാനം ചെയ്തിരുന്നു. പല രാജ്യങ്ങളും വൻ തുക വാഗ്ദാനം ചെയ്തതല്ലാതെ ഇതുവരെ ഒന്നും കൈമാറിയിട്ടില്ല. ഈവർഷം അഫ്ഗാനിലെ 47 കോടിയാളുകൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുമെന്നാണ് യു.എൻ കണക്ക്. ഇന്ത്യയുടെ സഹായം യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിലൂടെയാണ് അഫ്ഗാനു ലഭ്യമാവുക. ഇന്ത്യൻ ഗോതമ്പ് അടുത്തമാസമാദ്യം അഫ്ഗാനിലെത്തിത്തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബറിലാണ് ഇന്ത്യ അഫ്ഗാന് ഗോതമ്പ് വാഗ്ദാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."