ഇവിടെ ഇനി രഹസ്യങ്ങളൊന്നുമില്ല
നിങ്ങളെ രഹസ്യമായി പ്രണയിക്കുന്ന പെണ്‍കുട്ടി, എത്രപേര്‍ നിങ്ങളെ രഹസ്യമായി പിന്തുടരുന്നു, കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു, നിങ്ങള്‍ സ്ത്രീയായിരുന്നെങ്കില്‍ എങ്ങനെയിരിക്കും, നിങ്ങള്‍ എവിടെവച്ച് എങ്ങനെ മരിക്കും തുടങ്ങിയ ആകര്‍ഷകമായ പേരുകളുള്ള ഫേസ്ബുക്കിലെ ആപ്പുകള്‍ക്ക് തലവച്ചുകൊടുക്കാത്തവര്‍ കുറവായിരിക്കും. ആപ്പ് റിസള്‍ട്ടുകള്‍ പലരും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നതും കണ്ടിട്ടുണ്ട്. 2018ലെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കാംബ്രിഡ്ജ് അനലിറ്റിക്ക മേധാവി അലക്‌സാണ്ടര്‍ നിക്‌സ്, ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് ലിമിറ്റഡ് മേധാവി അലക്‌സാണ്ടര്‍ കോഗെന്‍ എന്നിവര്‍ക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഫേസ്ബുക്ക് വഴി നിയമവിരുദ്ധമായി ഡാറ്റ ശേഖരിച്ചുവെന്നതാണ് കേസ്. സംഗതി ഇതാണ്. ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന പേരില്‍ ഒരു ക്വിസ് ആപ്പുണ്ടാക്കി കാംബ്രിഡ്ജ് അനലിറ്റിക്കയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് ലിമിറ്റഡും ചേര്‍ന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തി. അലക്‌സാണ്ടര്‍ കോഗെനാണ് ഈ ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്വന്തം ഡിജിറ്റല്‍ ലൈഫിനെക്കുറിച്ചറിയാന്‍ നിരവധി പേര്‍ ആപ്പുപയോഗിച്ചു. ഇതുവഴി കാംബ്രിഡ്ജ് അനലിറ്റിക്ക 87 മില്യന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി. ഇത്തരത്തില്‍ അലക്‌സാണ്ടര്‍ കോഗെന്‍ ശേഖരിച്ച വിവരങ്ങളില്‍ സ്വകാര്യ സന്ദേശങ്ങളും ഉള്‍പ്പെടും.
സ്വകാര്യ സന്ദേശങ്ങളെന്നാല്‍ വളരെ വ്യക്തിപരമായി കൈമാറിയ തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ സ്വകാര്യ ചിത്രങ്ങള്‍, കുടുംബങ്ങള്‍ക്കുള്ളില്‍ മാത്രം അറിയേണ്ട വിവരങ്ങള്‍, വ്യക്തിഗതമായ രഹസ്യങ്ങള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അതിലുള്‍പ്പെടും. ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആക്‌സസ് നല്‍കണം. ഇവിടെ മനുഷ്യന്റെ സ്വാഭാവികമായ ആകാംക്ഷയെയാണ് ഉപയോഗിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധമായി ഡാറ്റ ചോര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആപ്പ് പിന്നീട് നശിപ്പിച്ചതായും ഡാറ്റകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായും കണ്ടെത്തി. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഈ വിവരങ്ങള്‍ വിറ്റിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ആക്‌സസിന് അനുമതി നല്‍കാതെ തന്നെ ഡാറ്റ ചോര്‍ത്തുന്ന ആപ്പുകള്‍ ഫേസ്ബുക്കിലുണ്ടെന്നാണ് ട്രസ്റ്റ്‌ലുക്ക്‌സ് എന്ന സംഘടന നടത്തിയ പഠനം പറയുന്നത്. മലയാളത്തിലുമുണ്ട് ഇത്തരത്തിലുള്ള ആപ്പുകള്‍. എല്ലാം ഡാറ്റ ചോര്‍ത്തുന്നവയാണെന്ന് കണ്ടെത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നുണ്ടോയെന്ന് അന്വേഷണം നടന്നിട്ടില്ലെന്നതാണ് വസ്തുത.
ഒന്നും രഹസ്യമല്ലാത്ത കാലത്താണ് നമ്മുടെ ജീവിതം. ഡിജിറ്റല്‍ ഏകാധിപത്യത്തെക്കുറിച്ച് പ്രമുഖ ഡാനിഷ് എഴുത്തുകാരനായ സോറെന്‍ കോര്‍സ്ഗാര്‍ഡ് എഴുതിയ ലേഖനത്തില്‍ സര്‍ക്കാരുകള്‍ പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് എങ്ങനെ കടന്നുകയറുന്നുവെന്നും നിരീക്ഷിക്കുന്നുവെന്നും പറയുന്നുണ്ട്. ചൈനയില്‍ കൂടുതല്‍ വിഡിയോ ഗെയിം കളിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമുണ്ട്. മെട്രോയില്‍ ഭക്ഷണം കഴിക്കുന്നവര്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍, മാലിന്യങ്ങള്‍ യഥാവിധി തരം തിരിച്ച് നിക്ഷേപിക്കാത്തവര്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്താനും സംവിധാനമുണ്ട്. ഓരോ പൗരനെയും സര്‍ക്കാര്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യാതെ ഇത് സാധ്യമല്ല. ഇത്തരത്തില്‍ ഓരോ വ്യക്തിയുടെയും രഹസ്യങ്ങളെ സര്‍ക്കാരിലേക്ക് എത്തിക്കുന്ന സംവിധാനമാണ് സോഷ്യല്‍ മീഡിയകള്‍. 2020ന്റെ അവസാനത്തില്‍ ചൈനയിലൊരു സോഷ്യല്‍ ക്രഡിറ്റ് സംവിധാനം നടപ്പാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്രഡിറ്റ് സ്‌കോര്‍ സംവിധാനവും നടപ്പാക്കി. വരും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ജീവിതം നിരീക്ഷിക്കപ്പെടുകയും സ്‌കോറുകള്‍ കുറയുന്നതിനനുസരിച്ച് നിങ്ങളൊരു ചീത്ത പൗരനായി കണക്കാക്കപ്പെടും. കുടുംബത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും വൈകാതെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിലവാരമുള്ള സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോകുകയും ചെയ്യും. നിങ്ങളുമായി മറ്റൊരാള്‍ സഹകരിക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയും.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത്ര പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. 1940ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡാണ് 76,000 ഫ്രഞ്ച് ജൂതന്‍മാരെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപിലെത്തിക്കാന്‍ സഹായിച്ചതെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയതാണ്. അത്രയും കാലം ജൂതന്‍മാര്‍ എങ്ങനെ, എവിടെയെല്ലാം താമസിക്കുന്നുവെന്ന വിവരങ്ങള്‍ സര്‍ക്കാരിന് ലഭ്യമായിരുന്നില്ല. ഇന്ത്യയുള്‍െപ്പടെയുള്ള രാജ്യങ്ങളിലെ ഡിജിറ്റല്‍ പ്രിസണ്‍ സംവിധാനം സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകരമാവുന്നുണ്ടെന്ന് സോറന്‍ പറയുന്നു. വന്‍തോതിലാണ് പൗരന്‍മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുകയും ആവശ്യക്കാര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്. സോറെന്‍ സമ്പൂര്‍ണ നിരീക്ഷണ രാജ്യങ്ങളുടെ കൂട്ടത്തില്‍ ആദ്യമെണ്ണുന്നത് ഇന്ത്യയെയാണ്. നോട്ടുനിരോധനവും ഡിജിറ്റല്‍ പണം സംവിധാനത്തിലേക്ക് രാജ്യത്തെ പൗരന്‍മാരെ നിര്‍ബന്ധപൂര്‍വം നയിച്ചതും ഇന്ത്യയില്‍ മുസ്‌ലിംകളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ഹിന്ദുത്വവാദികള്‍ കണ്ടെത്തിയ സംവിധാനമായിരുന്നുവെന്ന് സോറെന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പമാണ് ഫേസ്ബുക്ക് ഡാറ്റാ ചോരണം കൂടി നടക്കുന്നത്. ഡാറ്റാ ചോര്‍ച്ചയെ ഫേസ്ബുക്ക് വിമര്‍ശിച്ചുവെങ്കിലും കാംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള അവരുടെ ബന്ധം അത്ര രഹസ്യമല്ല. 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പ് കാംപയിനായി 50 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കമ്പനിയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക. ഇന്ത്യയില്‍ നിന്ന് ചോര്‍ത്തിയത് 5.62 ലക്ഷം പേരുടെ വിവരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഡല്‍ഹി വംശഹത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയാറായില്ലെന്നും അത് കലാപം ശക്തമാകാന്‍ കാരണമായെന്നും ഡല്‍ഹി അസംബ്ലിയുടെ പീസ് ആന്റ് ഹാര്‍മണി സമിതി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ സമിതി മുമ്പാകെ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന് സമിതി നോട്ടിസും നല്‍കി. എന്നാല്‍ സമിതിക്കെതിരേ അജിത് മോഹന്‍ സുപ്രിംകോടതിയെ സമീപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ ചില വര്‍ഗീയ പോസ്റ്റുകള്‍ ഡല്‍ഹി വംശഹത്യയ്ക്ക് കാരണമായെന്നും ഇത്തരം പോസ്റ്റുകള്‍ നയത്തിന് എതിരായിട്ടും ഫേസ്ബുക്ക് മനപ്പൂര്‍വം നീക്കം ചെയ്തില്ലെന്നുമുള്ള പരാതി വസ്തുതയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അതിനാല്‍ ഫേസ്ബുക്കിനെ കലാപക്കേസില്‍ പ്രതിചേര്‍ക്കണമെന്നും ഓഗസ്റ്റ് 31ന് സമിതി നിരീക്ഷണം നടത്തിയിരുന്നു. ഫേസ്ബുക്കിന് ചിലതെല്ലാം മറച്ചുവയ്ക്കാനുണ്ടെന്നാണ് അവരുടെ ഒളിച്ചോട്ടത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് സമിതി ചൂണ്ടിക്കാട്ടിയത്. ബി.ജെ.പി നേതാവിന്റെ വര്‍ഗീയ പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യാ പോളിസി മേധാവി അങ്കിദാസ് നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഡാറ്റ ഒരു ചെറിയ കാര്യമല്ല. അതിന് നിങ്ങളെ വിധേയനാക്കാനുള്ള ശേഷിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."