സര്‍ക്കാര്‍ ആയുര്‍വേദ കോളജ് പേ വാര്‍ഡ് മന്ദിരം പ്രവേശനോദ്ഘാടനം നടന്നില്ല
തിരുവനന്തപുരം: കോടികള്‍ മുടക്കി തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിര്‍മിച്ച പേ വാര്‍ഡ് മന്ദിരത്തിന്റെ പ്രവേശനോദ്ഘാടനം ഇന്നലെ നടന്നില്ല.
ഇന്നലെയാണ് പ്രവേശനോദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും ആശുപത്രി മുറികള്‍ തുറക്കാത്തത് പല തവണ വാര്‍ത്തയായിരുന്നു.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും കണക്ഷന് ലഭിക്കാത്തതിനാല്‍ ഒന്നര വര്‍ഷമായി അടച്ചിട്ടിരുന്ന ആശുപത്രി വന്‍ പരിപാടികളോടെ രോഗികള്‍ക്ക് തുറന്നുകൊടുക്കാനായിരുന്നു പദ്ധതി.
എന്നാല്‍ ശബരിമലയില്‍ ഉന്നതതല യോഗത്തിനായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പോയതാണ് ഉദ്ഘാടനം നടക്കാതെപോവാനുള്ള കാരണം. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉള്‍പ്പെടെ അനുമതി ലഭിച്ചശേഷമാണ് ഓഗസ്റ്റ് 18ന് ഉദ്ഘാടനം നടത്താമെന്ന് അധികൃതര്‍ നിശ്ചയിച്ചിരുന്നത്. ഇന്നലെ പ്രവേശനോദ്ഘാടനത്തിനായി ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഉദ്ഘാടനം നടക്കില്ലെന്ന വിവരം അറിയുന്നത്.
ഉദ്ഘാടനം മാറ്റിവച്ച വിവരം ആശുപത്രി അധികൃതര്‍ ആരെയും അറിയിച്ചതുമില്ല. മാറ്റിവച്ച പ്രവേശനോദ്ഘാടനം അടുത്തയാഴ്ച തന്നെ നടത്തുമെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അശോക് പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഒഴിവുകൂടി കണക്കിലെടുത്ത് കൃത്യമായ തിയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പേ വാര്‍ഡിന്റെ ഉദ്ഘാടനം നടന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ആശുപത്രിയില്‍ നിലവിലുള്ളത് 20 മുറികളാണ്. ഈ മുറികള്‍ അപര്യാപ്തമായപ്പോഴാണ് കൂടുതല്‍ മുറികളുള്ള പുതിയ കെട്ടിടമെന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. 5.75 കോടി രൂപ മുടക്കിയാണ് ആയുര്‍വേദ കോളജില്‍ പേ വാര്‍ഡ് മന്ദിരം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."