പോരാട്ടങ്ങളിലെ ആത്മീയ സാന്നിധ്യം
ഹുസൈന്‍ രണ്ടത്താണി
കൊളോണിയൽ വിരുദ്ധ സമരങ്ങളിലും കർഷക പോരാട്ടങ്ങളിലും സൂഫികളുടെ പങ്ക് സുവിദിതമാണ്. കൊളോണിയലിസം അനുഭവിക്കേണ്ടിവന്ന ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പൊതുവെ സൂഫികൾ തന്നെയാണ് പ്രതിരോധങ്ങൾക്കു നേതൃത്വം നൽകിയത്. പ്രാദേശിക രേഖകൾ അവലംബിച്ചുള്ള ഗവേഷണങ്ങൾ സൂഫീപോരാട്ടങ്ങളെ കുറിച്ച് പുതിയ അറിവുകൾനൽകുന്നു.
ഒന്നാംലോക യുദ്ധത്തിനു ശേഷം സാമ്രാജ്യത്വ ശക്തികളായ യൂറോപ്യർ അറബ് ലോകത്തെ പങ്കിട്ടെടുത്തല്ലോ. ഏഴ് യൂറോപ്യൻ രാജ്യങ്ങൾ വിവിധ അറബ്‌ദേശങ്ങളെ തങ്ങളുടെ വരുതിയിലാക്കി. മുഖ്യമായും ഇംഗ്ലണ്ടും ഫ്രാൻസും തന്നെ. നിരന്തരമായ സമരത്തിലൂടെയാണ് ഈ പ്രദേശങ്ങൾ സാമ്രാജ്യത്വത്തെ തുരത്തിയത്. ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് മുഖ്യമായും മുസ്‌ലിം പണ്ഡിതരും സൂഫികളുമാണ്. ഈ സമരങ്ങളിൽ സൂഫി തരീഖകൾ (സംഘം/മാർഗം) സജീവമായിരുന്നു. അൾജീരിയയിൽ ഖാദിരി തരീഖയുടെ ഗുരു സൂഫി അബ്ദുൽ ഖാദിറാണ് ഫ്രാൻസിനെതിരേ സമരങ്ങൾക്കു നേതൃത്വം കൊടുത്തത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വിപ്ലവത്തിനനുകൂലമായ ഫത്‌വകൾ ശേഖരിച്ചുകൊണ്ടാണ് അദ്ദേഹം സമരത്തിനിറങ്ങുന്നത്. ശക്തമായ സൈനിക വിന്യാസത്തിലൂടെയാണ് അബ്ദുൽ ഖാദറിനെ ഫ്രാൻസ് പരാജയപ്പെടുത്തിയത്.
ജയിൽവാസക്കാലത്ത് അദ്ദേഹം നിരവധി ലഘുലേഖകൾ സൂഫിസത്തെ കുറിച്ച് രചിച്ചു. ലിബിയയിൽ ഇറ്റലിക്കെതിരേ അണിനിരന്നത് സനൂസി സൂഫി മാർഗക്കാരാണ്. നേതൃത്വം കൊടുത്തത് ഈ തരീഖയുടെ സ്ഥാപകന്റെ പൗത്രൻ അൽ ശരീഫ്. പിന്നീട് മുഹമ്മദ് ഇദ്‌രീസ് സനൂസിയും ഉമർ മുഖ്താറും സമരം തുടർന്നു. സൂഫീ ഗുരുവായ ഉമർ മുഖ്താർ 20 വർഷം പൊരുതി. യുദ്ധത്തിൽ മുറിവേറ്റ മുഖ്താറിനെ ഇറ്റലിയൻ സൈന്യം പിടിച്ച് തൂക്കിക്കൊല്ലുകയായിരുന്നു. യൂറോപ്പിൽ മരുഭൂമിയുടെ സിംഹം എന്നാണദ്ദേഹം അറിയപ്പെട്ടത്. ഉത്തരാഫ്രിക്കയിൽ സ്പാനിഷ് ആധിപത്യത്തിനെതിരേ പൊരുതിയ സൂഫി മുഹമ്മദ് അബ്ദുൽ കരീമും സനൂസി മാർഗക്കാരനാണ്. ആന്വലിൽ വച്ച് 1921ൽ നടന്ന യുദ്ധത്തിൽ 19,000 സ്പാനിഷ് സൈനികരെ കരീമിന്റെ നേതൃത്വത്തിൽ വധിച്ചുവെന്നാണ് പറയുന്നത്.
റഷ്യ
1800കളുടെ അവസാനത്തിൽ കൊക്കാസസ് പ്രദേശത്ത് സർ ചക്രവർത്തിമാർക്കെതിരേ നടത്തിയ വിപ്ലവത്തിനു നേതൃത്വം കൊടുത്തത് നഖ്ശബന്ദി, ഖാദിരി സൂഫികളാണ്. 1791ൽ മരണപ്പെട്ട ചെച്‌നിയൻ ഗുരു മൻസൂർ ഉശുർമയാണ് ഈ പ്രതിരോധങ്ങൾക്കു തുടക്കമിടുന്നത്. ദാഗിസ്ഥാനിൽ ഇമാം ഗാസി മുഹമ്മദ്, ഹംസത് ബെക്, ഗാസി മുല്ല, ഇമാം ഷാമിൽ എന്നിവരാണ് പോരാട്ടം സംഘടിപ്പിച്ചത്. ഇവരുടേത് മുരീദീൻ പ്രസ്ഥാനം എന്നറിയപ്പെട്ടു. മധ്യേഷ്യയിൽ തന്നെ ശൈഖ് ഖുന്ദാ ഹാജിയുടെ നേതൃത്വത്തിലുള്ള ഖാദിരി ദിക്‌രിസ്സറ്റ് (ദിക്‌രിസം) പ്രസ്താവ്യമാണ്.
ഖാദിരി സൂഫികൾ നിരന്തരമായ ദൈവനാമജപങ്ങൾ വഴി ജനങ്ങളിൽ പ്രതിരോധശക്തി വളർത്തിയിരുന്നു. ദാഗിസ്ഥാനിലും ഫർഗാനയിലും നഖ്ശബന്ദി സൂഫീ വിഭാഗങ്ങളായ മുജദ്ദിദി, ഖാലിദി വിഭാഗങ്ങൾ പ്രതിരോധം തീർത്തു. ശൈഖ് ഖാലിദ് ഷഹ്‌റാസൂരിയാണ് നേതൃത്വം നൽകിയത്. റഷ്യക്കെതിരേ നടന്ന ബോൾഷെവിക് വിപ്ലവത്തിലും നഖ്ശബന്ദികളുണ്ടായിരുന്നു. പിന്നീട് സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യക്കെതിരേ നടന്ന സമരങ്ങളിലും ഇവർ നേതൃപാടവം തെളിയിച്ചു. ഇവരുടെ ഗറില്ലാ യുദ്ധ പാടവത്തെ ചരിത്രകാരൻമാർ അഭിനന്ദിക്കുന്നു.
കിഴക്കൻ ആഫ്രിക്ക
കിഴക്കൻ ആഫ്രിക്കയിലെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളും സൂഫികളാണേറ്റെടുത്തത്. ഖാദിരിയ്യ-സാലിഹിയ്യ ത്വരീഖയുടെ കീഴിൽ സയ്യിദ് മുഹമ്മദ് അബ്ദുല്ലാ ഹസനും (സോമാലിയ) അദ്ദേഹത്തിന്റെ ദർവേശ് പോരാളികളും യൂറോപ്യരെ ഏറെകാലം പ്രതിരോധിച്ചു. ഖാദിരി ഗുരു ഉവൈസ് അൽബറാവിയാണ് മറ്റൊരു സമരനേതാവ്. മൊഗാദിഷു, സോമാലിയ, കെനിയ, സുഡാൻ, ടാൻസാനിയ, സൻസിബാർ എന്നിവിടങ്ങൾ ശൈഖ് ഹസന്റെ പോരാട്ടത്തിനു വേദിയായി. അൽബറാവിയുടെ ശൃംഖല കിഴക്കൻ ആഫ്രിക്കയിലെങ്ങും വ്യാപിച്ചിരുന്നു. ജർമനിയുടെയും ഇംഗ്ലണ്ടിന്റെയും കീഴിലായിരുന്നു കിഴക്കൻ ആഫ്രിക്കയുടെ വലിയൊരു ഭാഗം. വളരെ ക്രൂരമായാണ് അവർ പോരാട്ടങ്ങളെ അടിച്ചമർത്തിയത്. ഇതിൽ ഏറ്റവും കുപ്രസിദ്ധമാണ് മാജി മാജി കൂട്ടക്കൊല. 'ദിക്ർ ഡാൻസു'കളിലൂടെ ഒരു പ്രത്യേക അവസ്ഥയിലെത്തുമ്പോഴാണ് ദർവേശുകൾ ശക്തി പ്രാപിക്കുന്നതെന്നും അതിനാൽ ഈ നൃത്തങ്ങൾ നിറുത്തണമെന്നും 1909ൽ കിഴക്കൻ ആഫ്രിക്കയിലെ ജർമൻ ഗവർണർ വോൺ റിക്കൻ ബർസ് നിർദേശിച്ചു. സെനിഗലിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരേ രംഗത്തുവന്നത് സൂഫീഗുരു ശൈഖ് അഹ്മദ് ബംബയാണ്.
ഇന്തോനേഷ്യയിൽ ഡച്ച് അധിനിവേശത്തിനെതിരേ ഖാദിരി, നഖ്ശബന്ദി, ശത്താരി സൂഫീ തരീഖകൾ രംഗത്തുവന്നു. ഈ തരീഖകൾക്ക് പൊതുജനങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്നു. രക്തസാക്ഷികളെ വർണിക്കുന്ന ലഘുലേഖകൾ ഇവർ യുദ്ധസമയത്ത് രാജ്യമെങ്ങും വിതരണം ചെയ്തിരുന്നു. 20 വർഷത്തോളം ബ്രിട്ടീഷ്, ഇറ്റാലിയൻ, എത്യോപ്യൻ സൈന്യത്തെ നേരിട്ട സൂഫീഗുരുവാണ് മുഹമ്മദ് അബ്ദുല്ലാ ഹസൻ (മരണം- 1920). മുരീദിയ്യ എന്നാണ് തന്റെ തരീഖ അറിയപ്പെട്ടത്. സുമാത്രയിൽ ഡച്ചു സർക്കാറിനെ തുരത്തിയത് സൂഫികളുടെ കീഴിലുള്ള പോരാട്ടങ്ങളാണ്.
ഷാ അബ്ദുൽ അസീസ്
ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ തുടങ്ങുന്നത് ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പുത്രൻ ഷാ അബ്ദുൽ അസീസ് രാജ്യം ദാറുൽ ഹർബ് (യുദ്ധമഭൂമി) ആണെന്ന് പ്രഖ്യാപിച്ചതോടെയാണ്. വലിയുല്ലാഹിയുടെ കുടുംബം മുഖ്യമായും നഖ്ശബന്ദി സൂഫീമാർഗമാണ് പ്രചരിപ്പിച്ചത്. ഷാ അബ്ദുൽ അസീസിന്റെ ശിഷ്യൻ സയ്യിദ് അഹ്മദ് ഷഹീദാണ് മുജാഹിദീൻ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സയ്യിദ് അഹ്മദ് മുഹമ്മദീ തരീഖയിലൂടെയാണ് സിക്കുകാർക്കും ബ്രിട്ടീഷുകാർക്കമെതിരേ യുദ്ധം നയിച്ചത്. നഖ്ശബന്ദി തരീഖയുടെ ഉപവിഭാഗമാണ് മുഹമ്മദിയ്യ. ഇതു മുസ്‌ലിംകളെ സംസ്‌കരിക്കാനും ഒന്നിപ്പിക്കാനും വഴിതുറന്നു.
മുസ്‌ലിം നാട്ടുരാജ്യങ്ങളിലെ പട്ടാളക്കാർ സയ്യിദ് അഹ്മദിന്റെ മുരീദു (ആത്മീയ ശിഷ്യൻമാർ) മാരായിരുന്നു. അദ്ദേഹം പോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ തന്റെ തരീഖയിൽ ബൈഅത്ത് (തരീഖയിൽ അംഗമാവുക) ചെയ്യാൻ വരുമായിരുന്നു. എല്ലാവർക്കും കൈകൊടുക്കാൻ കഴിയാതെ വരുമ്പോൾ അദ്ദേഹം തന്റെ ഷാൾ എറിഞ്ഞുകൊടുക്കും. അതിൽ സ്പർശിക്കുന്ന എല്ലാവർക്കും ശിഷ്യത്വം നൽകി. തന്റെ യുദ്ധങ്ങൾ ഉത്തരേന്ത്യയിലെങ്ങും പടർന്നു.
പിൻഗാമികളായ വിലായത് അലി ഇനായത് അലി, യഹ്‌യ അലി എന്നിവരും ഇതേ മാർഗത്തിൽ രക്തസാക്ഷികളായി. സിതാനയിൽ ഭരണം സ്ഥാപിച്ച് തന്റെ മുരീദുമാരെ സയ്യിദ് അഹ്മദ് വിവിധ സ്ഥലങ്ങളിൽ ഖലീഫമാരാക്കി. അവരാണ് ഭരണം നിർവഹിച്ചത്. സയ്യിദ് അഹ്മദിന്റെ മുജാഹിദീൻ പ്രസ്ഥാനമാണ് യഥാർഥത്തിൽ 1857ലെ സ്വാതന്ത്ര്യസമരത്തിന് കരുത്തുപകർന്നത്. ബംഗാളിൽ സമീന്ദാർമാർക്കെതിരേ പടനയിച്ച ഹാജി ശരീഅത്തുല്ലയും തന്റേതായ സൂഫീമാർഗമാണ് യുദ്ധത്തിന് സ്വീകരിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് പോകുംവരെ നിർബന്ധ അനുഷ്ഠാനങ്ങളൊന്നും ചെയ്യേണ്ടതില്ലെന്ന വിചിത്രവാദങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ശരീഅത്തുല്ലയുടെ രക്തസാക്ഷിത്വത്തിനു ശേഷം ശിഷ്യൻമാരും സമീന്ദാർ-ബ്രിട്ടീഷ് കൂട്ടുകെട്ടിനെതിരേ പടനയിച്ചു.
1857നു മുമ്പുതന്നെ ബംഗാളിൽ ബ്രിട്ടീഷുകാർക്കെതിരേ സൂഫികളും സന്യാസികളും ഒരുമിച്ചു സമര രംഗത്തിറങ്ങിയിരുന്നു. ഫഖീർ സന്യാസി പ്രസ്ഥാനം എന്നാണിതറിയപ്പെട്ടത്. സൂഫി മജ്‌നൂൻ ഷാ ബുർഹാൻ ആണ് നേതൃത്വം നൽകിയത്. അദ്ദേഹം പല സ്ഥലത്തും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. തുടർന്ന് മുരീദുമാരായ ഫെറാഗുൽ ഷായും ചിറാഗലി ഷായും യുദ്ധം തുടർന്നു. സുബ്ഹാനലി, അമൂദി ഷാ, മുതീഉ ഷാ എന്നീ സൂഫികളും ബംഗാളിൽ നടന്ന യുദ്ധങ്ങളിൽ മരണം വരിച്ചു.
ഒന്നാം സ്വാത്രന്ത്ര്യ സമരത്തിൽ സൂഫികളുടെയും മതപണ്ഡിതൻമാരുടെയും പങ്ക് ശ്രദ്ധേയമാണ്. ഗാസികളെന്നറിയപ്പെടുന്ന മുസ്‌ലിം യോദ്ധാക്കൾ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു. ഇവരുടെ മരണത്തെ കുറിച്ചുള്ള ഭയമില്ലായ്മയെപ്പറ്റി ബ്രിട്ടീഷ് ചരിത്രകാരൻമാർ തന്നെ പറയുന്നു. വെളുത്ത വസ്ത്രം ധരിച്ച ഗാസിമാർ പ്രവാചക സ്തുതികൾ ആലപിച്ച് ബ്രിട്ടീഷുകാരെ അരിഞ്ഞുവീഴ്ത്തുന്ന സംഭവങ്ങൾ ഉർദു സാഹിത്യത്തിലും വായിക്കാം.
ഗാസിമാർ മരിക്കുന്നതുവരെ യുദ്ധം ചെയ്യുമെന്നും തോൽക്കുമെന്നുറപ്പായാലും യുദ്ധക്കളം വിടില്ലെന്നും ബ്രിട്ടീഷ് സേനാപതിയുടെ ഒർമക്കുറിപ്പ്. നിരവധി സൂഫി പണ്ഡിതൻമാർ സമരരംഗത്ത് നിറഞ്ഞുനിന്നു. നഖ്ശബന്ദി സൂഫിയും പണ്ഡിതനുമായ ഫസ്‌ലുൽ ഹഖ് ഖൈറാബാദി, സൂഫി അഹ്മദുല്ലാ ഷാ, മൗലവി സർഫറാസ് അലി, മൗലവി ലിയാഖത് അലി, ഇമാം ബക്ഷ് സഹബായി തുടങ്ങിയവർ പ്രധാനികൾ. കലാപത്തിന്റെ ഉത്തരവാദിത്വം മുഴുവൻ മുസ്‌ലിംകളുടെ തലയിലാണ് ബ്രിട്ടീഷുകാർ കെട്ടിവച്ചത്.
പഞ്ചാബിൽ 20ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സൂഫി ഗുരുവാണ് അംബ പ്രസാദ്. അദ്ദേഹം ഇന്ത്യയ്ക്ക് പുറത്തും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മുഴുകി. അവസാന കാലത്ത് ഇറാനായിരുന്നു പ്രവർത്തനകേന്ദ്രം. ഷിറാസിൽ വച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിടികൂടി. ജയിലിലാക്കിയതിന്റെ പിറ്റേ ദിവസം മരണപ്പെട്ടു. ഖിലാഫത്ത് സമരങ്ങളിലും അതോടനുബന്ധിച്ച് ഇന്ത്യയുടെ പല ഭാഗത്തും നടന്ന കർഷക സമരങ്ങളിലും പ്രാദേശികരായ പണ്ഡിതൻമാരും സൂഫികളും പ്രവർത്തന നിരതരായി. ഒന്നാം സ്വാതന്ത്ര്യസമര കാലത്തുതന്നെ ദയൂബന്ദ് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. ദയൂബന്ദി പണ്ഡിതൻമാർ പൊതുജനങ്ങളിൽ സ്വാധീനം ചെലുത്തിയത് നഖ്ശബന്ദി സൂഫീമാർഗത്തിലൂടെയാണ്.
ദയൂബന്ദ് ദാറുൽ ഉലൂം സ്ഥാപകൻ മുഹമ്മദ് ഖാസിം നാനൂതവി, സൂഫീഗുരു ഇമാദുല്ലാ മുഹാജിർ മക്കി, ശിഷ്യൻമാരായ റഷീദ് അഹ്മദ് ഗങ്കോഹി, മുഹമ്മദ് യാഖൂബ് നാനൂതവി എന്നിവരുടെ നേതൃത്വത്തിൽ മുസ്‌ലിംകൾ താനാ ഭവനിൽവച്ച് ബ്രിട്ടീഷുകാരോടേറ്റു മുട്ടി. ഇത് ഷാമിൽ യുദ്ധം എന്നറിയപ്പെടുന്നു.
1913 മുതൽ ശൈഖ് നാനൂതവിയുടെ ശിഷ്യൻ മഹ്മൂദ് ഹസൻ ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്ത് ശ്രദ്ധേയനായി. നാനാതുറകളിലുമുള്ള നിരവധി പേർ മഹ്മൂദ് ഹസന്റെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഹുസൈൻ അഹ്മദ് മദനി, മുഹമ്മദ് അസദ് മദനി, ഉബൈദുല്ലാ സിന്ധി തുടങ്ങിയ ശിഷ്യൻമാരും സമരരംഗത്ത് സജീവമായി. ഉബൈദുല്ലാ സിന്ധി അഫ്ഗാനിൽ ഇന്ത്യയ്ക്കു വേണ്ടി സ്ഥാപിച്ച വിപ്രവാസ സർക്കാരിൽ ഫിനാൻസ് മിനിസ്റ്റർ കൂടിയായിരുന്നു. രാജാ മഹേന്ദ്രപ്രതാപായിരുന്നു പ്രസിഡന്റ്. മഹ്മൂദ് ഹസനൊപ്പം അഫ്ഗാനിൽ ചേന്ന് ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യാൻ സിന്ധി ആസൂത്രണമുണ്ടാക്കി. മഹ്മൂദ് ഹസൻ ജർമനിയുമായി ബന്ധപ്പെട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മറ്റൊരു നേതാവ് അബ്ദുൽ ബാരി ഫിറങ്കി മഹലി ചിശ്തി ഖാദിരി തരീഖകളുടെ ഗുരുവായിരുന്നു. ഭൗതികരംഗത്തുള്ള തന്റെ മുരീദുമാരാണ് എം.എ അൻസാരി, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, ഹകീം അജ്മൽ ഖാൻ തുടങ്ങിയവർ. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ദയൂബന്ദ് സന്ദർശിച്ച വേളയിൽ പറഞ്ഞത് ശ്രദ്ധേമയമാണ്. 'ദയൂബന്ദിന്റെ ഓരോ മണൽത്തരിയും എനിക്ക് സുറുമ പോലെയാണ്. രാജ്യത്തെ സ്വതന്ത്രമാക്കുന്നതിൽ ഈ പ്രസ്ഥാനവും പണ്ഡിതൻമാരും വഹിച്ച പങ്ക് അവഗണിക്കാനാവില്ല'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."