സി.ബി.ഐയെന്ന് കേട്ടാല്‍ മുട്ടുവിറക്കുക സി.പി.എമ്മുകാര്‍ക്ക്: കെ.പി.എ മജീദ്
കോഴിക്കോട്: കേന്ദ്ര ഏജന്‍സിയെന്ന് കേട്ടാല്‍ നിലവിളിക്കുകയും ഖജനാവിലെ കോടികളെടുത്ത് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ സോളാര്‍ ദുരാരോപണത്തിലെ സി.ബി.ഐ പ്രേമം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊള്ളയും കൊലയും പീഡനവും നടത്തിയ സി.പി.എം കേന്ദ്ര അന്വേഷണ ഏജന്‍സികളെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറക്കുകയാണ്. യു.ഡി.എഫ് നേതാക്കള്‍ക്ക് ആ ബേജാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പൊലിസ് തന്നെ എഴുതിത്തള്ളിയ സോളാര്‍ വിവാദം സി.ബി.ഐക്ക് വിട്ടത് അവരുടെ തനിസ്വരൂപം കൂടുതല്‍ അനാവരണം ചെയ്യപ്പെടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. അരിയില്‍ ഷുക്കൂറിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഷുഹൈബിനെയുമെല്ലാം അറുംകൊല ചെയ്ത സി.പി.എമ്മുകാരെ രക്ഷിക്കാന്‍ സി.ബി.ഐ വരുന്നത് തടയാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചവരുടെ മലക്കം മറിച്ചില്‍ ജനം വിലയിരുത്തും.
വാളയാറിലെ സഹോദരിമാരായ പിഞ്ചു ബാലികമാരെ പീഡിപ്പിച്ച് കൊന്ന സി.പി.എമ്മുകാരെ പൊലിസിനെ ഉപയോഗിച്ച് രക്ഷിച്ചപ്പോള്‍ മാതാപിതാക്കള്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറല്ലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധം സംസ്ഥാന സര്‍ക്കാരിന്റെ വജ്രായുധമാകുന്നത് ജനം വിലയിരുത്തും.
അഞ്ചു വര്‍ഷത്തെ ഭരണ നേട്ടമായി ഒന്നും പറയാനില്ലാത്ത പിണറായി സര്‍ക്കാരിന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കത്തിലൂടെ വ്യക്തമാകുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പകപോക്കല്‍ രാഷ്ട്രീയത്തെ നേരിടുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."