ലജ്ജിച്ച് തല താഴ്ത്താം... ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായ 20കാരിയെ ചെരിപ്പ് മാലയണിയിച്ച് നഗരപ്രദക്ഷിണം ചെയ്യിച്ചു
നാലു സ്ത്രീകൾ അറസ്റ്റിൽ
ന്യൂഡൽഹി
വടക്കു കിഴക്കൻ ഡൽഹിയിലെ ഷാഹ്ദ്രയിൽ കൂട്ട ബലാത്സംഗത്തിനിരയായ 20കാരിയെ സ്ത്രീകൾ മുടിമുറിച്ച് ചെരിപ്പ് മാലയണിയിച്ച് മുഖത്ത് കരി ഓയിലൊഴിച്ച് നഗരപ്രദക്ഷിണം ചെയ്യിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തിൽ നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലിസ് അറിയിച്ചു.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുടി മുറിച്ച് മുഖത്ത് കരി ഓയിലൊഴിച്ച 20കാരിയെ ഒരു കൂട്ടം സ്ത്രീകൾ ചെരിപ്പുമാലയണിയിച്ച് നഗരപ്രദക്ഷിണം ചെയ്യിക്കുന്നതാണ് വിഡിയോയിലുള്ളത്. യുവതിയെ ഇടയ്ക്കിടെ മർദിക്കുകയും ചെയ്യുന്നുണ്ട്. ചുറ്റും കൂടിയ ആണുങ്ങളടക്കമുള്ളവർ ഇതിനെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കസ്തൂർബാ നഗറിലുള്ള മദ്യവും മയക്കുമരുന്നും വിൽക്കുന്നയാളും സംഘവും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി സ്വാതി മാലിവാൾ പറഞ്ഞു. വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ തന്നെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായാണ് യുവതി വനിതാ കമ്മിഷന് മൊഴി നൽകിയിരിക്കുന്നത്.
തന്നെ ബലാത്സംഗം ചെയ്യുമ്പോൾ ഇതേ സ്ത്രീകൾ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകൾ മുടിമുറിക്കുകയും കരിഓയിലൊഴിക്കുകയും ചെരിപ്പുമാലയിട്ട് നഗരപ്രദക്ഷിണം ചെയ്യിക്കുകയും മർദിക്കുകയും ചെയ്തതെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി. മദ്യക്കച്ചവടക്കാരനെതിരേ നേരത്തെ ലഭിച്ച പരാതിയുടെ വിവരങ്ങൾ അറിയിക്കാനും വനിതാ കമ്മിഷൻ ഡൽഹി പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 72 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.
യുവതിയുടെ അയൽവാസിയായ 16കാരൻ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായി പ്രണയമുണ്ടായിരുന്നതിനാലാണ് ആത്മഹത്യയെന്ന് 16കാരന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ വിരോധം തീർക്കാനാണ് കൂട്ടബലാത്സംഗവും നഗരപ്രദക്ഷിണവുമുണ്ടായതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിക്ക് സംരക്ഷണം നൽകാൻ ഡൽഹി പൊലിസിന് വനിതാ കമ്മിഷൻ നിർദേശം നൽകി. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുള്ളതായും വനിതാ കമ്മിഷൻ അറിയിച്ചു. നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."