യമനിൽ ജയിലിൽ മിസൈൽ പതിച്ച സംഭവം; നിഷേധിച്ച് അറബ് സഖ്യ സേന, ഹൂതികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിശദീകരണം
റിയാദ്: യമനിലെ സഅദയിൽ മിസൈൽ ആക്രമണത്തിൽ ജയിൽ തകർന്ന് നിരവധിയാളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അറബ് സഖ്യ സേന രംഗത്തെത്തി. നൂറോളം ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അറബ് സഖ്യ സേനയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് സഖ്യ സേന കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സഅദയിലെ ജയിലിനെ ലക്ഷ്യം വച്ചത് നിഷേധിച്ച അറബ് സഖ്യ സേന, യമനിലെ ഇറാൻ അനുകൂല ഹൂതി മിലിഷ്യ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ശക്തമായ മുന്നൊരുക്കത്തോടെയാണെന്നും ലക്ഷ്യങ്ങളുടെ പട്ടികയിൽ നിന്ന് ജയിലുകളെ ഒഴിവാക്കുന്നുവെന്നും അൽ-ഇഖ്ബാരിയ ടിവി നടത്തിയ പ്രസ്താവനയിൽ സംയുക്ത സേനാ കമാൻഡ് വ്യക്തമാക്കി.സഅദ ജയിലിൽ കഴിഞ്ഞയാഴ്ച സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 90 ഓളം പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ യഥാർത്ഥ പ്രവർത്തനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൂതികളുടെ ഈ ശ്രമം. യെമനിലെ തടങ്കൽ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണം അന്വേഷിക്കുന്ന സംയുക്ത സംഘത്തിന് എല്ലാ വസ്തുതകളും വിശദമായ വിവരങ്ങളും കൈമാറുമെന്നും സേന കമാൻഡ് വ്യക്തമാക്കി. തകർന്ന കേന്ദ്രത്തിന്റെ സൈനിക പ്രവർത്തനത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന ഹൂതി വിവരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങൾ നടക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
ഇറാൻ അനുകൂല ഹൂത്തി പ്രസ്ഥാനം യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും അയൽരാജ്യമായ സഊദി അറേബ്യയിലേക്ക് അതിർത്തി കടന്നുള്ള വിക്ഷേപണങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതിശക്തമായ വ്യോമാക്രമണമാണ് അറബ് സഖ്യ സേന ഹൂതികൾക്കെതിരെ നടത്തുന്നത്.
നിയമാനുസൃതമായ ആക്രമണങ്ങൾക്കെതിരെ ഹൂതികൾ സിവിലിയൻ കേന്ദ്രങ്ങളെ ഒരു കവചമായി ഉപയോഗിക്കുന്നുവെന്ന് സഖ്യ സേന നേരത്തെയും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."