ലക്ഷ്യം വോട്ട്; സഹകാരികള്‍ക്ക് വാരിക്കോരി നല്‍കി സര്‍ക്കാര്‍
തൊടുപുഴ: സാധാരണക്കാരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സഹകരണ മേഖലയില്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട് സഹകാരികളെ കൈയ്യിലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്തെ 12,000 ത്തോളം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ അപ്പെക്‌സ് ഫെഡറേഷനുകള്‍, 3,631 വായ്പാ സംഘങ്ങള്‍, കേരള ബാങ്കിന്റെ 769 ശാഖകള്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് സഹകാരികള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്.
വായ്പ സഹകരണ സംഘങ്ങള്‍ വിതരണം ചെയ്യുന്ന കാര്‍ഷികേതര കാര്‍ഷിക അനുബന്ധ വായ്പകളുടെ പലിശ നിരക്ക് കുറച്ചതാണ് ഒടുവില്‍ പ്രഖ്യാപിച്ച ആനുകൂല്യം. നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ചരിത്രത്തിലാദ്യമായി മൂന്നാം വട്ടം നീട്ടുകയും മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ വികലാംഗരായ ജീവനക്കാര്‍ക്ക് പ്രതിമാസം ആയിരം രൂപാ വീതം കണ്‍വെയന്‍സ് അലവന്‍സ് പ്രഖ്യാപിച്ചുവെന്ന് മാത്രമല്ല 2018 നവംബര്‍ ഒന്നു മുതല്‍ മൂന്‍കാല പ്രാബല്യവും നല്‍കി. പ്രാഥമിക സഹകരണ സംഘങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും നിലവിലുള്ള പ്യൂണ്‍, വാച്ച്മാന്‍ ഒഴിവുകളിലേക്കുള്ള നിയമനത്തില്‍ 25 ശതമാനം റിസര്‍വ് ചെയ്തു. ഇത് സര്‍ക്കാര്‍ നിയമമാക്കി ഗസറ്റില്‍ നോട്ടിഫൈ ചെയ്തു. മറ്റ് ആനുകൂല്യങ്ങളെല്ലാം സഹകരണ വകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ മുഖേനയാണ് ഉത്തരവിറക്കിയത്.
വിവാഹ വായ്പ, ചികിത്സാ വായ്പ, വീട് മെയ്ന്റനന്‍സ് വായ്പ, കണ്‍സ്യൂമര്‍ വായ്പ, വിദേശത്തേക്ക് ജോലിക്ക് പോകുന്നതിലേക്കുള്ള വായ്പ, വാഹന വായ്പ, ക്യാഷ് ക്രഡിറ്റ് - ഓവര്‍ ഡ്രാഫ്റ്റ്, ഭവന നിര്‍മാണ വായ്പ, ഇ.എം.എസ് ഭവന പദ്ധതി, സ്വത്ത് വാങ്ങാനുള്ള സാധാരണ വായ്പ, കച്ചവട വായ്പ, വ്യവസായ വായ്പ, സ്വയംതൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണപ്പണയ വായ്പ, കോഴി, താറാവ്, മത്സ്യം വളര്‍ത്തുന്നതിനുള്ള വായ്പ തുടങ്ങിയവയുടെ പലിശ നിരക്കാണ് കുറച്ചത്. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക നിര്‍മാര്‍ജനം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ചിരിക്കുന്നത് മാര്‍ച്ച് 31 വരെയാണ്. 100 ദിന കര്‍മ്മ പരിപാടിയില്‍ പെടുത്തി സഹകരണ മേഖലയില്‍ കൂടുതല്‍ വായ്പകള്‍ അനുവദിച്ച് 10,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."