HOME
DETAILS

കോര്‍പറേറ്റുകള്‍ക്കെതിരേ ട്രാക്ടറുരുളുമ്പോള്‍

  
backup
January 24 2021 | 21:01 PM

351534546-2021

രാജ്യം ട്രാക്ടര്‍ റാലിയിലേക്ക് നീങ്ങുകയാണ്. ഇത് അംബാനിമാരുടെയും അദാനിമാരുടെയും കമ്പനി രാജല്ല, കര്‍ഷകരുടെയും തൊഴിലാളികളുടെയും റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ ലക്ഷക്കണക്കിന് ട്രാക്ടറുകളിലായി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ രാജ്യത്തെമ്പാടും ബഹുജനങ്ങള്‍ ഐക്യദാര്‍ഢ്യറാലികളും പരേഡുകളും നടത്തും. കൃഷിയെ അന്താരാഷ്ട്ര കോര്‍പറേറ്റുകളുടെ ബിസിനസാക്കി മാറ്റുന്ന നവകൊളോണിയല്‍ മൂലധനശക്തികള്‍ക്കെതിരായ പോരാട്ടമാണിത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കിയ സാന്താള്‍ കര്‍ഷകപോരാട്ടങ്ങളുടെയും മലബാറിലെ മാപ്പിള കുടിയാന്മാരുടെയും ചമ്പരാനിലെ നീലം കര്‍ഷകരുടെയും തെലങ്കാനയിലെ മണ്ണിന്റെ മക്കളുടെയും രണോത്സുക സമരങ്ങളുടെ സ്മൃതികളുണര്‍ത്തുന്ന ചരിത്രമാണ് ഇന്ന് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചുകൊണ്ടിരിക്കുന്നത്. കരിനിയമങ്ങളുപയോഗിച്ചും എന്‍.ഐ.എയെ അഴിച്ചുവിട്ടും സമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഓരോ ദിവസം കഴിയുന്തോറും സമരത്തിനുള്ള പിന്തുണയും ശക്തിയും കൂടി വരികയാണ്. അപ്രതിരോധ്യമായ വര്‍ഗ ശക്തിയും ബഹുജന ശേഷിയുമായി എല്ലാ പ്രതികൂലതകളെയും അതിജീവിച്ച് സമരം മുന്നേറുകയാണ്.


ഇന്ത്യന്‍ കര്‍ഷകന്റെയും സമ്പദ്ഘടനയുടെയും അതിജീവനത്തിനായുള്ള ജീവന്മരണ സമരമാണിത്. 1991 ലെ റാവു സര്‍ക്കാര്‍ തുടക്കമിട്ട നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ദുരന്ത പരിണതിയാണ് രാജ്യമെത്തിച്ചേര്‍ന്ന കാര്‍ഷിക പ്രതിസന്ധി. ഗാട്ട് കരാറിന്റെയും ഡബ്ലു.ടി.ഒ വ്യവസ്ഥകളുടെയും തുടര്‍ച്ചയിലാണ് ഇന്ത്യന്‍ കര്‍ഷകന് ലഭിക്കുന്ന താങ്ങുവിലയും പരിമിതമായ വിപണി പരിരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്ന ഈ നിയമ ഭേദഗതികള്‍. കാര്‍ഷിക രംഗത്തെ വിഴുങ്ങുന്ന കോര്‍പറേറ്റനുകൂല നയങ്ങള്‍ക്കെതിരായ പോരാട്ടമാണ് കര്‍ഷകര്‍ നടത്തുന്നത്. അതിന്റെ രാഷ്ട്രീയം അഗ്രിബിസിനസ് കുത്തകകളുടെ രാക്ഷസമോഹങ്ങളില്‍ നിന്നും കൃഷിയെയും നാടിനെയും രക്ഷിക്കുക എന്നതാണ്. ആഗോളമൂലധനാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍കര്‍ഷകന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. വളരെ പ്രതികൂലമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും സമരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകജനത. ജനുവരി 26 ന്റെ ട്രാക്ടര്‍ റാലിയോടെ ലോകജനതയുടെയും മനുഷ്യവിമോചനത്തിന്റെയും ചരിത്രത്തില്‍ കര്‍ഷക മുന്നേറ്റം പുതിയൊരധ്യായമാണ് എഴുതിച്ചേര്‍ക്കാന്‍ പോവുന്നത്.


11 തവണ സര്‍ക്കാരുമായി സംയുക്ത കര്‍ഷകമോര്‍ച്ച ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ ലജ്ജാ രഹിതമായ കോര്‍പറേറ്റ് ദാസ്യവും സമരസംഘടനകളുടെ അനുരഞ്ജന രഹിതമായ കര്‍ഷക താല്‍പര്യവുമാണ് ചര്‍ച്ചകളില്‍ പ്രകടമായത്. സംയുക്ത കര്‍ഷകമോര്‍ച്ച നേതാക്കള്‍ നിയമങ്ങള്‍ റദ്ദാക്കിയാലേ പിന്മാറാനാവൂ എന്നാണ് എല്ലാ ചര്‍ച്ചകളിലും അറിയിച്ചത്. അതിനുശേഷം കാര്‍ഷിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കാര്‍ഷിക നിയമങ്ങളില്‍ ഉപരിതല മാറ്റങ്ങള്‍ മാത്രം വരുത്തുന്ന ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു സര്‍ക്കാര്‍. എം.എസ്.പി തുടരുമെന്ന രേഖാപരമായ ഉറപ്പുനല്‍കാന്‍ തയാറാണെന്നതുപോലുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വെറും കബളിപ്പിക്കല്‍ മാത്രമാണെന്ന് സംയുക്ത കര്‍ഷകമോര്‍ച്ച വിലയിരുത്തി. എം.എസ്.പിയില്‍ എല്ലാ വിളകളെയും മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തണമെന്നും മോര്‍ച്ച ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങളും വൈദ്യുതി നിയമവും പിന്‍വലിച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുള്ളതാണ് സര്‍ക്കാരുമായുള്ള എല്ലാ ചര്‍ച്ചകളിലും സംയുക്ത കര്‍ഷകമോര്‍ച്ച ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാതെ കര്‍ഷകരോട് കോടതിയില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് കേന്ദ്രകൃഷിമന്ത്രി തന്നെ ചെയ്തത്. ഒടുവില്‍ സുപ്രിംകോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നു. സര്‍ക്കാരിന്റെ സമീപനങ്ങളെയും ചര്‍ച്ച ചെയ്യാതെ നിയമമുണ്ടാക്കിയ രീതിയെ കോടതി വിമര്‍ശിച്ചുവെങ്കിലും നിയമം പരിശോധിക്കാനായി നിയമിച്ച നാലംഗ വിദഗ്ധ സമിതി നിയമത്തെ അനുകൂലിക്കുന്നവരുടേതായതോടെ ഉന്നത നീതിപീഠത്തില്‍ നിന്നും കര്‍ഷകര്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്ന സൂചനയായി. നാലംഗസമിതിയിലുള്ള കാര്‍ഷിക, സാമ്പത്തിക ശാസ്ത്രജ്ഞരായ അശോക് ഗുലാത്തിയും പി.കെ ജോഷിയും കടുത്ത നിയോലിബറലിസ്റ്റുകളാണ്. ഈ നിയമങ്ങളെ ന്യായീകരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയവര്‍. മറ്റൊരംഗമായ ഭുപിന്ദര്‍മാനെ മുന്‍ രാജ്യസഭാംഗവും നിയമങ്ങളെ അനുകൂലിക്കുന്ന കിസാന്‍കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതാവുമാണ്. പുതിയ കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടയാള്‍. മറ്റൊരംഗമായ അനില്‍ ഘല്‍വാത് ഷേത്വാരി സംഘടനാ നേതാവാണ്. തുറന്ന ഉദാരവല്‍ക്കരണവാദി. ഇവരില്‍ നിന്ന് എന്തുനീതിയാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാനാവുക? ഇപ്പോള്‍ ഭൂപേന്ദര്‍ മാന്‍ സമിതിയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയുമാണ്. വിദഗ്ധ സമിതി വിശ്വാസം നഷ്ടപ്പെട്ട പരിഹാസ്യതയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.


കൃഷിയെ ലാഭകരമല്ലാതാക്കിയതും സബ്‌സിഡികളും സഹായങ്ങളും വെട്ടിക്കുറച്ചും നഷ്ടത്തിലാക്കിയതും ആഗോളവല്‍ക്കരണ നയങ്ങളാണ്. ഗാട്ടു കരാറും ആസിയാന്‍ കരാറും ഇറക്കുമതി ഉദാരവല്‍ക്കരണവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിച്ചതും സര്‍ക്കാര്‍ സഹായങ്ങള്‍ ഇല്ലാതായതും കര്‍ഷകരെ കടക്കെണിയിലാക്കി. ഇത് കാര്‍ഷികോല്‍പാദനം തകരുന്നതിലേക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കും എത്തിച്ചു. വിദര്‍ഭകള്‍ സൃഷ്ടിച്ചു. ലക്ഷോപലക്ഷം കര്‍ഷകരുടെ ആത്മഹത്യകളിലേക്ക് രാജ്യമെത്തി. കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകരെ പുറന്തള്ളുന്ന അപകാര്‍ഷികവല്‍ക്കരണത്തിലേക്കും കോര്‍പറേറ്റുവല്‍ക്കരണത്തിലേക്കുമാണ് കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ രാജ്യത്തെ തള്ളിവിട്ടത്.
ലോകത്തിലെ ഏറ്റവും വലിയ അരി, ഗോതമ്പ് കമ്പനികളായ കാര്‍ഗില്‍ ഇന്‍കോര്‍പറേറ്റും ആസ്‌ത്രേലിയന്‍ വീറ്റ് ബോര്‍ഡും പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യന്‍ പാടങ്ങള്‍ കൈയടക്കുന്നതും ഗൗതം അദാനി ആസ്‌ത്രേലിയയില്‍ കല്‍ക്കരി ഖനന മേഖലയില്‍ നിക്ഷേപം നടത്തുന്നതും റിലയന്‍സും ടാറ്റയുമെല്ലാം അമേരിക്കയിലെയും ഫ്രാന്‍സിലെയും ഐ.ടി കമ്പനികളും ഓട്ടോമൊബൈല്‍ കമ്പനികളും യുദ്ധോപകരണ നിര്‍മാതാക്കളുമായി കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുന്നതും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഉത്തരമുണ്ടാവും. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് അതിവേഗം ഇന്ത്യന്‍ കുത്തകകളും സമ്പദ്ഘടനയും ഉദ്ഗ്രഥിക്കപ്പെടുകയാണല്ലോ. അന്താരാഷ്ട്ര കോര്‍പറേഷനുകള്‍ ഇന്ത്യന്‍ കൃഷിയെയും വ്യവസായങ്ങളെയും കീഴടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വന്‍കിട ബൂര്‍ഷാസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണകൂടം സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം രൂപപ്പെടുത്തിയ രാജ്യത്തിന്റെ പരമാധികാരവും സമ്പദ്ഘടനയുടെ ആപേക്ഷികമായ സ്വാശ്രയത്വവും നഷ്ടപ്പെടുത്തുകയാണ്.


ഉല്‍പാദന, വിപണന, സംഭരണരംഗങ്ങളിലെ കര്‍ഷകര്‍ക്കും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും അനുകൂലമായ പരിരക്ഷാ വ്യവസ്ഥകളും നിയന്ത്രണങ്ങളും എടുത്തുകളയുന്ന നിലവിലെ കരിനിയമങ്ങള്‍ വ്യവസ്ഥാരഹിതമായ കോര്‍പറേറ്റ് കൊള്ളക്ക് അവസരമൊരുക്കുന്നു. കര്‍ഷകരെയും ഭക്ഷ്യ സംഭരണ, വിപണന രംഗത്തെ കോടിക്കണക്കിന് ചെറുകിട, ചില്ലറ വ്യാപാരികളെയും വഴിയാധാരമാക്കുന്നതാണ് ഈ നിയമങ്ങള്‍. അംബാനിക്കും അദാനിക്കും ആമസോണിനും മോറിനും വേണ്ടി ഇന്ത്യന്‍ കാര്‍ഷികോല്‍പന്ന വിപണി തുറന്നുകൊടുക്കുന്നതോടെ കര്‍ഷകരെ പോലെ ഉപജീവനോപാധിയില്‍ നിന്നും നാലു കോടിയോളം ചെറുകിട കച്ചവടക്കാരും പുറന്തള്ളപ്പെടും. റിലയന്‍സുള്‍പ്പെടെയുള്ള കുത്തകകളുടെ റീട്ടെയില്‍ ശൃംഖലകള്‍ ചെറുകിടക്കാരെ വിഴുങ്ങും.


എ.പി.എം.സിയെയും മിനിമം സപ്പോര്‍ട്ട് പ്രൈസ് സംവിധാനങ്ങളെയും തകര്‍ത്ത് അവരുടെ ശീതീകരണ സംഭരണശാലകളും റീട്ടെയില്‍ ശൃംഖലകളും ഇന്ത്യന്‍ കര്‍ഷകന്റെയും ഉപഭോക്താവിന്റെയും ജീവിക്കാനുള്ള അവകാശത്തിന് മരണവാറന്റ് പുറപ്പെടുവിക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഈ കര്‍ഷകദ്രോഹ നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര അഗ്രിബിസിനസ് കമ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് സൗകര്യമൊരുക്കുന്ന നിയമങ്ങള്‍ ഇന്ത്യയെ ബഹുരാഷ്ട്രകുത്തകകളുടെ നവകോളനികളായി മാറേണ്ടിവന്ന ലാറ്റിനമേരിക്കന്‍ ബനാന റിപ്പബ്ലിക്കുകളുടെ ദുരന്ത യാഥാര്‍ഥ്യങ്ങളിലേക്കാണ് എത്തിക്കുക. ഗ്വാട്ടിമലയെ കലക്കിയെറിഞ്ഞ യുണൈറ്റഡ് ഫ്രൂട്‌സ് കമ്പനികള്‍ക്ക് സമാനമായ അഗ്രിബിസിനസ് കമ്പനികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ഫാം നിയമങ്ങളിലൂടെയും ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങളിലൂടെയും മോദി സര്‍ക്കാര്‍. ഇതിനെ പ്രതിരോധിച്ചേ കോര്‍പറേറ്റുകളുടെ ബകമോഹങ്ങളില്‍ നിന്ന് നാടിനെയും കൃഷിയെയും സംരക്ഷിക്കാനാവൂ. മോദിയുടെ കോര്‍പറേറ്റ് ഹിന്ദുത്വരാജിനെതിരായ പോരാട്ടമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്. കൊടുംശൈത്യത്തിലും മഴയിലും കര്‍ഷകലക്ഷങ്ങളുടെ പോരാട്ടം രാജ്യത്തെ വിശാല ജനവിഭാഗങ്ങളുടെ പിന്തുണയോടെ മുന്നോട്ടുനയിക്കുകയാണ് തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളുടെയും രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കടമ. നാടിന്റെ വിധി നിര്‍ണയിക്കുന്ന വര്‍ഗ പോരാട്ടമാണ് കര്‍ഷക മുന്നേറ്റങ്ങളിലൂടെ കരുത്താര്‍ജിക്കുന്നത്. മുത്വലാഖ് നിയമം, കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, പൗരത്വ നിയമ ഭേദഗതി, തൊഴില്‍ നിയമ ഭേദഗതി ഫാസിസ്റ്റധികാരത്തിന്റെ തേര്‍വാഴ്ചയുടെ തുടര്‍ച്ചയിലാണ് കാര്‍ഷിക പരിഷ്‌കരണ ഭേദഗതി നിയമങ്ങളും പിറന്നു വീണത്. കോര്‍പറേറ്റ് ഹിന്ദുത്വ രാജായി ഇന്ത്യന്‍ റിപ്പബ്ലിക്കിനെ അധഃപതിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോരാടുമെന്നുമുള്ള താക്കീതും പ്രഖ്യാപനവുമാണ് ജനുവരി 26 ന്റെ കര്‍ഷകരുടെ ട്രാക്ടര്‍റാലി. കോര്‍പറേറ്റ് മൂലധനാധിപത്യത്തിനും ഹിന്ദുത്വ ഫാസിസത്തിനും കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ഇന്ത്യന്‍ കര്‍ഷകരുടെയും ജനങ്ങളുടെയും വീരചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ സമര മുന്നേറ്റങ്ങളിലൂടെ കുറിക്കപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago