ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി 10.30 തോടെയാണ് ആന്ധ്രയില്‍ നിന്ന് സിമറ്റുമായി വന്ന ഗുഡ്സ് ട്രെയിന്‍ ആലുവ റെയില്‍വെ സ്റ്റേഷനു സമീപം പാളം തെറ്റിയത്. പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു.
ട്രെയിന്‍ എന്ജിന് കഴിഞ്ഞ് രണ്ട്, മൂന്ന്, നാല്, അഞ്ച് വാഗണുകളാണ് ആലുവ റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള പാളത്തില്‍ വച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി (16341), എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), കോട്ടയം നിലമ്പൂര്‍ എകസ്പ്രെസ് (16326), നിലമ്പൂര്‍ കോട്ടയം എക്സ്പ്രസ്സ് (16325), ഗുരുവായൂര്‍ എര്‍ണാകുളം എക്സ്പ്രെസ് (06439) ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
ഉച്ചയോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിന്‍ സര്‍വിസ് പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍. പാളം തെറ്റിയ ബോഗിയുടെ മുകള്‍ ഭാഗം മുറിച്ച് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പാളത്തിന്റെ ഭാഗം അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയും തകരാറിലായ സിഗ്നല്‍ ബോക്സുകള്‍ പുനസ്ഥാപിച്ച ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാനാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."