ആസിം ആത്മവിശ്വാസത്തോടെ നീന്തിക്കയറി; ചരിത്രത്തിലേക്ക്
ആലുവ
ആസിം വെളിമണ്ണയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വൈകല്യങ്ങൾ വഴിമാറി. ജന്മനാ രണ്ടു കൈകളില്ല, സ്വധീനമില്ലാത്ത വലതുകാൽ, നട്ടെലിനു വളവ്, ഒരു ചെവിക്കു കേൾവിക്കുറവ് അങ്ങനെ 90 ശതമാനം വൈകല്യമുണ്ട് കോഴിക്കോട് താമരശേരി വെളിമണ്ണ സ്വദേശിയായ 15കാരൻ മുഹമ്മദ് ആസിമിന്. പക്ഷേ, ഇതൊന്നും പെരിയാറിന്റെ ഏറ്റവും വീതികൂടിയതും 30 അടിയിലേറെ താഴ്ചയുള്ളതുമായ അദ്വൈതാശ്രമം കടവിൽ നിന്ന് ആലുവ മണപ്പുറം വരെ നീന്തുന്നതിന് തടസമായില്ല. നീന്തൽ രാവിലെ 8.50ന് ആലുവ അദ്വൈതാശ്രമം കടവിൽ നിന്ന് അൻവർ സാദത്ത് എം.എൽ.എയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ആശ്രമം കടവിൽ നിന്നാരംഭിച്ച് റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി മണപ്പുറം കടവിൽ 9.51ന് നീന്തിയെത്തി. ഒരു മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു കിലോമീറ്ററോളമാണ് നീന്തിയത്.
കഴിഞ്ഞ 12 വർഷമായി ആലുവ മണപ്പുറം കടവിൽ ഭിന്നശേഷിക്കാരെയടക്കം 5,000 ത്തിലധികംപേരെ നീന്തൽ പഠിപ്പിച്ച പരിശീലകൻ സജി വാളശേരി യാദൃശ്ചികമായി ആസിമിനെക്കുറിച്ചുള്ള പത്രവാർത്ത വായിക്കാനിടയാവുകയായിരുന്നു. തുടർന്ന് ആസിമിനെ കാണാനായി പത്രവാർത്തയിലെ മേൽവിലാസത്തിൽ കോഴിക്കോട് വെളിമണ്ണ എത്തിയെങ്കിലും ആസിമും മാതാപിതാക്കളും സ്ഥലത്തില്ലാത്തതിനാൽ കാണാൻ സാധിച്ചില്ല. തുടർന്ന് അയൽവീട്ടിൽ നിന്ന് ഫോൺ നമ്പർ വാങ്ങി ആസിമുമായും മാതാപിതാക്കളുമായും സംസാരിച്ചു. ആദ്യതവണ സജി വാളശേരി കോഴിക്കോട്ടെത്തുമ്പോൾ 12 വയസായിരുന്നു ആസിമിൻ്റെ പ്രായം.
ഇത്രയും ശാരീരികപരിമിതികളുള്ള ആസിമിനെ നീന്തൽ പഠിപ്പിക്കാൻ പറ്റില്ലെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ഭിന്നശേഷിക്കാർ നീന്തുന്ന വിഡിയോകൾ സജി ആസിമിനെയും മാതാപിതാക്കളെയും കാണിക്കുകയും വീണ്ടും കോഴിക്കോട്ടെത്തി മാനസികമായി ആസിമിനെ അതിനു തയാറെടുപ്പിക്കുകയും ചെയ്തു. അങ്ങനെ മൂന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനുവരി ആദ്യം ആസിമും പിതാവും ആലുവയിലെത്തുകയായിരുന്നു.
വീട്ടിലെ ഒരു മുറി ആസിമിനും പിതാവിനും താമസിക്കാനും നിസ്കരിക്കാനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയാണ് സജി ആലുവയിലെ വീട്ടിൽ അവരെ സ്വീകരിച്ചത്.
ആസിമിന്റെ പിതാവ് ഷാഹിദ് കോഴിക്കോട് ആലിൻതറ റബ്ബാനിയ്യ കോളജിലെ ഖുർആൻ അധ്യാപകനാണ്. മാതാവ്: ജംസീന. സഹോദരങ്ങൾ: മുഹമ്മദ് ബിശ്റ്, മുഹമ്മദ് ഗസ്സാലി, അഹ് മദ് മുർസി, ഹംന ലുബാബ, സൗദ, ഫാതിമതുൽ ബതൂൽ.
മുഹമ്മദ് ആസിമിനെയും പരിശീലകൻ സജി വാളശേരിയെയും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, നഗരസഭ ചെയർപേഴ്സൺ എം.ഒ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."