#Live: കര്‍ഷകരും പൊലിസും തമ്മില്‍ സംഘര്‍ഷം: യുദ്ധക്കളമായി ഡല്‍ഹി, മരണം രണ്ടായി
ന്യൂഡല്‍ഹി: സുരക്ഷാ ക്രമീകരണങ്ങള്‍ തള്ളിമാറ്റി ട്രാക്ടറോടിച്ച് ചെങ്കോട്ടയിലേക്ക് കടന്ന കര്‍ഷകരും പൊലിസും തമ്മില്‍ സംഘര്‍ഷം. ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്ഷകന് വെടിവയ്പ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്റ്റര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷ സംഘടനാ നേതാവ് കെ.വി ബിജു പറഞ്ഞു. ആറ് ട്രാക്റ്ററുകള്‍ അപകടത്തില്‍പ്പെട്ടുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വെടിവയ്പ്പിനേത്തുടര്ന്നാണ് കര്ഷകന് മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കെങ്കോട്ടയില് കയറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയിരുന്നു. ഏതാണ്ട് 20 ഓളം ട്രാക്ടറുകളാണ് ചെങ്കോട്ടയിലേക്ക് ഓടിച്ചു കയറ്റിയത്. തുടര്‍ന്ന് കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി പതാക ഉയര്‍ത്തുകയായിരുന്നു. കര്‍ഷകരെ ഒഴിപ്പിക്കാനുള്ള പൊലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയില്‍ നിന്ന് നിരവധി പേരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കോട്ടയ്ക്ക് മുകളില്‍ കയറിയ കര്‍ഷകരെ ഒഴിപ്പിച്ചെങ്കിലും പരിസരങ്ങളില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്റ്ററുകള്‍ ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായാണ് വിവരം. കര്‍ഷകരെ നേരിടാന്‍ പൊലിസ് ശ്രമിച്ചതോടെ ഡല്‍ഹി യുദ്ധക്കളമായി മാറുകയായിരുന്നു. പലയിടങ്ങളിലും പൊലിസ് കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകവും ലാത്തിചാര്‍ജും തുടരുകയാണ്. കര്‍ഷകരുടെ മാര്‍ച്ചിനെത്തുടര്‍ന്ന് ഡല്‍ഹിലേക്കുള്ള റോഡുകളെല്ലാം പൊലിസ് അടച്ചിരിക്കുകയാണ്. പല മെട്രോ സ്റ്റേഷനുകളും അടച്ചു.
കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിയപ്പോള്‍ അവരെ തടയാന്‍ മതിയാ പൊലിസ് സേന ഉണ്ടായിരുന്നില്ല. കര്‍ഷക മാര്‍ച്ച് തടയാന്‍ പൊലിസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എല്ലാം തകര്‍ത്തായിരുന്നു കര്‍കരുടെ മുന്നേറ്റം.
നേരത്തെ 12 മണിക്ക് കര്‍ഷകര്‍ എത്തുമെന്നായിരുന്നു ധാരണ. എന്നാല്‍ എട്ടു മണിക്കു തന്നെ കര്‍ഷറാലി ഡല്‍ഹി അതിര്‍ത്തി കടന്നു. പൊലിസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്ത് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കുതിച്ചു.
കര്‍ഷകരെ തടയാനായി പൊലിസ് റോഡില്‍ സ്ഥാപിച്ച കണ്ടെയ്നറുകളും കര്‍ഷകര്‍ തൂത്തെറിഞ്ഞു. പൊലിസിന്റെ ക്രെയിന്‍ പിടിച്ചെടുത്ത കര്‍ഷകര്‍ അതില്‍ കയറി ഇരുന്ന് മാര്‍ച്ച് ചെയ്തു. കണ്ണീര് വാതകം പ്രയോഗിച്ച് പോലിസ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ ലക്ഷ്യസ്ഥാനത്തേക്ക് കുക്കുകയായിരുന്നു. കര്‍ഷക റാലി ഐ.ടി.ഒ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ പൊലിസ് സംയമനം കൈവിട്ട് ലാത്തിയെടുത്ത് കര്‍ഷകരെ നേരിട്ടു. തല തല്ലി പൊട്ടിച്ചും ട്രാക്ടറുകള്‍ അടിച്ചു തകര്‍ത്തും കര്‍ഷകരെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍ പൊലിസുകാര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ചാണ് കര്‍ഷകര്‍ ഇതിനെ നേരിട്ടത്. ഡല്‍ഹിയില്‍ പല ഭാഗത്തും പൊലിസും കര്‍ഷകരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."