നിയന്ത്രണങ്ങളുള്ള ദിവസമായതിനാൽ ഞായറാഴ്ച സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനൻസ് പ്രകാരം കേസെടുക്കും. തിരുവനന്തപുരം അടക്കമുള്ള കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ ഈ ജില്ലകളിൽ കർശനം നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളാണ് സി കാറ്റഗറിലുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും (ബി വിഭാഗം) മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ് (എ വിഭാഗം. )
പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി 9 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ സൗകര്യം അല്ലെങ്കിൽ ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടായിരിക്കുക.
മരുന്ന് കടകൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയിൽ പോകുന്നവർക്ക് വാക്സിനേഷൻ സ്വീകരിക്കാൻ പോകുന്നവർക്കും വിലക്കില്ല. ഇവർ സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കൈവശം സൂക്ഷിക്കണം. മതപരമായ ആരാധകൾ ഓൺലൈൻ മുഖേനെ മാത്രമേ നടത്താവൂ. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. വർക്ക് ഷോപ്പുകൾക്ക് അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
അവശ്യ സര്‍വീസ് ജീവനക്കാര്‍ പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയൽ കാര്‍ഡ് കരുതിയാൽ മതിയാകും. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാൻ അനുമതിയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. മൂന്‍കൂട്ടി ബുക്ക് ചെയ്തവർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും എത്താൻ അനുവാദമുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുറച്ച് സർവീസുകൾ മാത്രമായിരിക്കും കെഎസ്ആർടിസി നടത്തുക.