എം.വി ജയരാജന്റെ ആരോഗ്യ നിലയിൽ നല്ല മാറ്റം
പരിയാരം: കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ഉണ്ടായ നേരിയ പുരോഗതി തുടരുന്നതായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതായി മെഡിക്കൽ കോളജ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കൊവിഡ് ന്യുമോണിയ ആയതിനാൽ ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കടുത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ. സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ശ്രീ ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടർന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗത്തിലും അവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ് ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ്, ഡോ അനിൽ സത്യദാസ് എന്നിവർ ചേർന്ന് ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുകയുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർ ആശുപത്രി അധികൃതരെ വിളിച്ച്, ജയരാജന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കൽ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്നും മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."