കുരച്ചാൽപോര ലോകായുക്ത കടിക്കണം
വീണ്ടുവിചാരം
എ. സജീവൻ
8589984450
കാനത്തിനു മാത്രമല്ല, ഇന്നാട്ടിലെ ഒട്ടുമിക്കയാളുകൾക്കും കോടിയേരി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയുടെ പൊരുള്‍ പിടികിട്ടിയിട്ടില്ല. 'ഗവര്‍ണറെ ആയുധമാക്കി സംസ്ഥാനസര്‍ക്കാരിനെ പുകച്ചുചാടിക്കാനുള്ള കേന്ദ്രനീക്കം തടയാനാണ് ലോകായുക്തയുടെ അമിതാധികാരം വെട്ടിക്കുറയ്ക്കുന്നത്' (ചിറകരിയുന്നതെന്നു സാരം) എന്നാണു കോടിയേരി പറഞ്ഞത്! കേരളത്തില്‍ ലോകായുക്ത നിലവിൽ വന്നിട്ട് വർഷം ഇരുപത്തിമൂന്നായി. ഇക്കാലയളവിൽ ലോകായുക്തയെ ആയുധമാക്കിയോ ചട്ടുകമാക്കിയോ ഏതെങ്കിലും കാലത്തെ കേന്ദ്രസര്‍ക്കാര്‍ കേരളഭരണം അട്ടിമറിക്കാൻ ശ്രമിച്ചതായി കേട്ടുകേൾവിയില്ല.
കേരളത്തിലാകെ പിരിച്ചുവിടല്‍ നടന്നത് 1959ല്‍ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്. വിമോചനസമരമായിരുന്നു നിമിത്തം. അന്നു ലോകായുക്തയില്ലെന്നു പറയേണ്ടതില്ലല്ലോ. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണറെ ഉപയോഗിച്ചു സംസ്ഥാനഭരണം അട്ടിമറിക്കാന്‍ ലോകായുക്തയുടെ ഒത്താശയൊന്നും വേണ്ടെന്നു സാരം. കാനം പറഞ്ഞപോലെ അത്തരം ഘട്ടത്തില്‍ ജനങ്ങളെ അണിനിരത്തിയാണ് പ്രതിരോധിക്കേണ്ടത്. ബംഗാളില്‍ മമത ചെയ്തത് അതാണ്.
ലോകായുക്തയും ഉപലോകായുക്തയും ഗവര്‍ണര്‍ പദവി പോലെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയനിയമനങ്ങളല്ല. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ക്കൈയിലാണ് നിയമിക്കപ്പെടുന്നത്. അതിനാല്‍ ആ സ്ഥാനത്തിരിക്കുന്നവര്‍ക്ക് കേന്ദ്രത്തിനുവേണ്ടി തലചൊറിയേണ്ട കാര്യമില്ല. അപ്പോള്‍ ലോകായുക്തയുടെ ചിറകരിയുന്നതിന് കോടിയേരി ഇപ്പോള്‍ പറയുന്ന കേന്ദ്രഭീഷണി ന്യായീകരണം യുക്തിസഹമല്ല.
ഇനി മന്ത്രി പി. രാജീവ് പറഞ്ഞ ന്യായീകരണത്തില്‍ കഴമ്പുണ്ടോയെന്നാണു പരിശോധിക്കേണ്ടത്. ഭരണഘടനാവിരുദ്ധമായതിനാലാണ് ലോകായുക്തനിയമം ഭേദഗതി ചെയ്യുന്നതെന്നാണ് രാജീവിന്റെ വിശദീകരണം. ഭരണഘടനയുടെ 164 ാം അനുച്ഛേദമനുസരിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും മറിച്ചു തീരുമാനിക്കുംവരെ മന്ത്രിക്ക് ആ സ്ഥാനത്തു തുടരാം. അങ്ങനെയെങ്കില്‍, ലോകായുക്ത ഉത്തരവിനെ തുടര്‍ന്നു മന്ത്രി രാജിവയ്ക്കണമെന്നു വരുന്നത് ഭരണഘടനാലംഘനമല്ലേ എന്നാണു ചോദ്യം.
കേരളത്തില്‍ ഇങ്ങനെ രാജിവയ്‌ക്കേണ്ടി വന്നത് കെ.ടി ജലീലിനാണല്ലോ. ലോകായുക്ത വിധി റദ്ദാക്കി കിട്ടാന്‍ ജലീല്‍ സുപ്രിംകോടതി വരെ പോയി. എന്നിട്ടും രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ചില്ല, ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന്. പിന്നെങ്ങനെയാണ് ഭരണഘടനാവിരുദ്ധത ആരോപിക്കാനാവുക. ലോകായുക്തയുടെ ഉത്തരവനുസരിച്ചു മാത്രമല്ല, ഹൈക്കോടതിയില്‍ നിന്നു ക്വാവാറന്റോ ഉത്തരവുണ്ടായാലും മന്ത്രിമാര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കഴിയില്ല.
കേരളത്തില്‍ ലോകായുക്ത നിയമം പാസാക്കിയ ചരിത്രം മനസ്സിരുത്തി പരിശോധിച്ചാല്‍ ന്യായീകരണങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. 1998ല്‍ ഓഡിനന്‍സായാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. ജനപ്രതിനിധികളുള്‍പ്പെടെ ജനസേവകരാവേണ്ടവര്‍ 'സമ്പാദ്യസേവക'രാകുന്ന ഗുരുതരാവസ്ഥ തടയാനാണ് കേന്ദ്രത്തിലെ ലോക്പാല്‍ ബില്ലിനു പിന്നാലെ നായനാര്‍ സര്‍ക്കാര്‍ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നത്. ഖജനാവ് കട്ടുമുടിക്കാന്‍ ഇത്തരം 'സേവകരെ' അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് നിയമസഭ ചേര്‍ന്നു ബില്‍ അവതരിപ്പിച്ചു പാസാക്കാന്‍ പോലും കാത്തുനില്‍ക്കാതെ ഓഡിനന്‍സ് പുറപ്പെടുവിച്ചത്. അന്നത്തെ ഓഡിനന്‍സിലും തുടർന്ന് നിയമസഭയില്‍ അന്നത്തെ നിയമമന്ത്രി ഇ. ചന്ദ്രശേഖരന്‍നായര്‍ അവതരിപ്പിച്ച ബില്ലിലും ലോകായുക്തയുടെ ഉത്തരവ് കൊള്ളാനും തള്ളാനുമുള്ള അധികാരം മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഉണ്ടാകുമെന്നുണ്ടായിരുന്നു.
എന്നാല്‍, ബില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങളെല്ലാം അതിനെ ശക്തിയുക്തം എതിര്‍ത്തു. പൊതുപ്രവര്‍ത്തകന്റെ കള്ളത്തരങ്ങള്‍ കണ്ടെത്തി ശക്തമായ ഉത്തരവു പുറപ്പെടുവിക്കേണ്ട സ്വതന്ത്രമായ സ്ഥാപനത്തിന്റെ പല്ലും നഖവും പിഴുതുമാറ്റുന്നതായിരിക്കും വിധി കൊള്ളാനും തള്ളാനുമുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്നതെന്ന് അവർ ഏകസ്വരത്തില്‍ വാദിച്ചു. അതിന്റെ ഫലമായാണ് നട്ടെല്ലുള്ള ലോകായുക്ത നിയമമുണ്ടായത്.
കര്‍ണാടകയില്‍ അഴിമതിക്കേസില്‍ കുരുങ്ങി ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കസേരയില്‍ നിന്നു യെദ്യൂരപ്പയ്ക്കു താഴെയിറങ്ങേണ്ടി വന്നപ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം വാഴ്ത്തിയതാണ് നട്ടെല്ലുള്ള ലോകായുക്ത സംവിധാനത്തെ. അഴിമതി നിര്‍മാര്‍ജന ബ്യൂറോ രൂപീകരിച്ചു ബി.ജെ.പി അവിടത്തെ ലോകായുക്തയുടെ നട്ടെല്ലു തകർക്കുകയായിരുന്നു. ഇന്ന്, മുന്നിലെത്തുന്ന അഴിമതി പരാതികള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കു കൈമാറുന്ന 'പോസ്റ്റ്മാന്‍' പണിയിലേയ്ക്കു ചവിട്ടിത്താഴ്ത്തപ്പെട്ടു കര്‍ണാടകയിലെ ലോകായുക്ത. നിയമഭേദഗതിയിലൂടെ പല്ലും നഖവും പിഴുതെടുത്താല്‍ ഭാവിയില്‍ കേരളത്തിലും ഇത്തരം കാര്യങ്ങൾ സംഭവിക്കും.
ഇനി, നിലവിലുള്ള ലോകായുക്ത നിയമം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു തന്നെ വാദത്തിന് സമ്മതിച്ചുകൊടുക്കാം. എന്നാല്‍പ്പോലും, കാനം ചോദിച്ചപോലെ 'എന്തിനാണെന്തിനാണീ തിടുക്കം'. നിയമസഭ ചേരാന്‍ ആഴ്ചകള്‍ ബാക്കിയിരിക്കെയാണ് ഓഡിനന്‍സ് കൊണ്ടുവന്നത്. 99 അംഗങ്ങളുടെ പിന്തുണയുള്ള നിയമസഭയില്‍ ഇഷ്ടമുള്ള ഭേദഗതി അവതരിപ്പിച്ചു പാസാക്കാന്‍ പിണറായി സർക്കാരിനു കഴിയും. പ്രതിപക്ഷം അവരുടെ ന്യായങ്ങള്‍ ഉയര്‍ത്തി ചെറുക്കുമെന്നുറപ്പ്. സർക്കാരിന്റെ കൈയിലെ ആയുധങ്ങള്‍ക്കു മൂര്‍ച്ചയുണ്ടെങ്കില്‍ പ്രതിപക്ഷ വാദങ്ങളെ ചെറുത്തു തോല്‍പ്പിക്കാവുന്നതല്ലേയുള്ളൂ. അങ്ങനെ ചെയ്യുന്നതാണ് ജനാധിപത്യമര്യാദ. അതല്ലെങ്കില്‍, പ്രതിപക്ഷം ആരോപിക്കുന്നപോലെ, ഭരിക്കുന്നവരുടെ മടിയില്‍ കനമുണ്ടെന്നു പൊതുജനത്തിനും വിശ്വസിക്കേണ്ടി വരും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകായുക്തയെക്കുറിച്ച് നേരത്തേ എഴുതിയ കുറിപ്പിലെ വാചകങ്ങളാണ് ഇവിടെ സര്‍ക്കാരിനെയും ഭരണമുന്നണിയെയും ഓര്‍മിപ്പിക്കാനുള്ളത്. ആ വാചകങ്ങളിങ്ങനെയാണ്: 'ഓംബുഡ്‌സ്മാനെതിരേയുള്ള ആരോപണം, അതു കുരയ്ക്കും പക്ഷേ, കടിക്കില്ല എന്നതായിരുന്നു. ലോകായുക്ത കുരച്ചാല്‍ പോരാ, വേണ്ട സമയത്ത് കടിക്കുകയും വേണം'.
അതേ അഴിമതി തടയണമെങ്കിൽ ലോകായുക്ത കടിക്കുക തന്നെ വേണം. പക്ഷേ, പല്ലു തല്ലിക്കൊഴിച്ചാല്‍ കുരയ്ക്കാനല്ലാതെ കടിക്കാനാവില്ല!!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."