കർഷക വിരുദ്ധർ യു.പിയിൽ ജയിക്കില്ല; മതം പറഞ്ഞ് ഭിന്നിപ്പിക്കാൻ നോക്കേണ്ട: ടികായത്ത്
ലഖ്‌നൗ
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിനും ബി.ജെ.പിക്കുമെതിരേ പ്രചാരണം നയിച്ച് കർഷകർ. രാഷ്ട്രീയത്തിൽ ഇറങ്ങാതെ, കർഷക വികാരമുയർത്തി വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം നയിച്ച ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്തും യു.പിയിലുണ്ട്.
വിജയിക്കാൻ കർഷകരുടെയും ജാട്ടുകളുടെയും വോട്ട് ബി.ജെ.പിക്ക് അത്യാവശ്യമാണ്. കർഷകർക്കെതിരേയുള്ള ബി.ജെ.പിയുടെ നിലപാട് കാരണം പരമ്പരാഗത ജാട്ട് വോട്ടുകൾ നഷ്ടമായിട്ടുണ്ട്. ജാട്ടുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള അമിത് ഷായുടെ അവസാന ശ്രമവും പാളി. കേന്ദ്രസർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് ജാട്ടുകൾ എതിരായതിനാലും യു.പിയിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുമായിരുന്നു. ഈ തന്ത്രം പക്ഷേ, യു.പിയിൽ ഫലിച്ചില്ല.
അതേസമയം, ബി.ജെ.പിക്കെതിരേ കർഷകർ നേരത്തെ തുടങ്ങിവച്ച മിഷൻ യു.പിയും സജീവമാണ്. രാകേഷ് ടികായത്ത് തന്നെ ഇതിനു നേതൃത്വം നൽകുന്നു. കാർഷിക ക്ഷേമം നടപ്പാക്കുന്നവർക്കു മാത്രമേ യു.പിയിൽ ജയിക്കാനാകൂവെന്നും മതത്തെ മുൻനിർത്തിയുള്ള വർഗീയ ധ്രുവീകരണം വെറുതെയാകുമെന്നും ടികായത്ത് പറഞ്ഞു.യു.പിയിൽ കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവർക്കു ജീവിക്കാൻ യുദ്ധം ജയിച്ചേ മതിയാകൂ. വിളകൾക്ക് ഏറ്റവും കുറഞ്ഞ വിലയും ഉയർന്ന വൈദ്യുതി ബില്ലുമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇന്ധന വിലയും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കർഷകരും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ്. ജിന്ന, പാകിസ്താൻ പരാമർശങ്ങൾ ഉയർത്തി മുസ് ലിംകളെ ദേശവിരുദ്ധരാണെന്നു ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമം. അവർക്ക് ഹിന്ദുക്കളെയും മുസ് ലിംകളെയും ഭിന്നിപ്പിച്ച് നേട്ടം കൊയ്യണം. എന്നാൽ, ഇത് യു.പിയിൽ നടക്കില്ല. കാരണം, സാധാരണക്കാരും കർഷകരും അത്രയ്ക്കു ദുരിതമനുഭവിക്കുന്നുണ്ട്. താൻ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയ പാർട്ടികളുമായി അകന്നു നിൽക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
പക്ഷേ, കർഷകരുടെ വിഷയം ഉന്നയിക്കും. ഇത്തവണ ആര് യു.പിയിൽ ജയിക്കുമെന്ന് പ്രവചിക്കുന്നില്ലെന്നും ഇപ്പോഴത്തെ സർക്കാർ കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും സംസ്ഥാനത്ത് പ്രധാന പ്രശ്‌നമാണ്. തങ്ങളുടെ കുട്ടികൾക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കണം. കർഷകരും സാധാരണക്കാരും വോട്ടുചെയ്യാൻ പോകുമ്പോൾ ഇക്കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."