പൊതുസ്ഥലങ്ങളിൽ കൊവിഡ് രോഗികളെ കണ്ടെത്തുന്ന ഉപകരണവുമായി സഊദി വിദ്യാർത്ഥികൾ
റിയാദ്: പൊതുസ്ഥലങ്ങളിലെത്തുന്ന കൊവിഡ് രോഗികളെ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണവുമായി സഊദി വിദ്യാർത്ഥികൾ. ജിദ്ദ ടെലികോം ആൻഡ് ഇലക്‌ട്രോണിക്‌സ് കോളേജിലെ വിദ്യാർത്ഥികളാണ് ഓട്ടോമാറ്റിക്കായി രോഗികളെ തിരിച്ചറിയാൻ സാധിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ചത്. കൊവിഡ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളായ പനി, ഉയർന്ന താപനില തുടങ്ങിയവ ഡിറ്റക്റ്റ് ചെയ്ത് രോഗിയെ തിരിച്ചറിയുന്ന പ്രത്യേക ഉപകരണമാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചത്. ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗികളെ ഇത്തരത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നത് ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്.
അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് സെൽഫോണുകളും വാലറ്റുകളും പോലുള്ള വസ്തുക്കൾ അണുവിമുക്തമാക്കാൻ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. രോഗികളെ തിരിച്ചറിഞ്ഞ് അപായ സന്ദേശം നൽകാനും സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ജിദ്ദയിലെ കോളേജ് ഓഫ് ടെലികോം ആൻഡ് ഇലക്ട്രോണിക്സിലെ വിദ്യാർത്ഥികൾ ബിരുദ പഠന പ്രൊജക്റ്റായിട്ടാണ് ഇത്തരമൊരു ഉപകരണം നിർമ്മിച്ചതെന്നും ജനങ്ങൾക്ക് ഉപയോഗപ്രദമായൊരു ഉപകരണം എന്ന ലക്ഷ്യമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്നും പ്രൊഫസർ മാജിദ് അൽ സുറിഹി അൽ ഇഖ്ബാറിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൊവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാൻ സഹായകമാകുന്ന ഒരു പദ്ധതിയെന്ന ആഗ്രഹമാണ് ടീമിന് പ്രചോദനമായതെന്ന് ഇൻഡസ്‌ട്രിയൽ ഇലക്ട്രോണിക്‌സ് ആൻഡ് ഓട്ടോമാറ്റിക് കൺട്രോൾ എഞ്ചിനീയറിങ് വിദ്യാർത്ഥി ആദിൽ അൽ തൊബൈത്തി പറഞ്ഞു. രണ്ടു മാസം കൊണ്ട് വികസിപ്പിച്ച ഉപകരണം ഇപ്പോൾ ഇപ്പോൾ മാർക്കറ്റിംഗ്, വിൽപ്പന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."