ഫലസ്തീനുള്ള സഹായം പുന:സ്ഥാപിച്ചു, ബന്ധവും തുടരും: പ്രശ്‌നപരിഹാരത്തിന് 'ദ്വി രാഷ്ട്ര ഫോര്‍മുല' തന്നെ
വാഷിങ്ടണ്‍: യു.എന്‍ നല്‍കുന്ന ഫലസ്തീന്‍ സഹായ ഫണ്ടിലേക്കുള്ള പണം നല്‍കുന്നത് തുടരാന്‍ ഉത്തരവിട്ട് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവച്ച സഹായമാണ് അധികാരമേറ്റെടുത്ത് ആറാംദിനം ജോ ബൈഡന്‍ പുന:സ്ഥാപിച്ചത്. ഫലസ്തീനിയന്‍ നേതാക്കളുമായുള്ള ബന്ധവും പുന:സ്ഥാപിക്കും.
യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വെര്‍ച്വല്‍ യോഗത്തില്‍ യു.എന്‍ ആക്ടിങ് അംബാസഡര്‍ റിച്ചാര്‍ഡ് മില്‍സാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് 'ദ്വി രാഷ്ട്ര പരിഹാരം' എന്ന ഫോര്‍മുല പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യ, ജൂത രാഷ്ട്രമായി ഇസ്‌റാഈലിനെ ഉറപ്പാക്കാന്‍ ഇതാണ് മികച്ച മാര്‍ഗ'മെന്നും റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു.
'ദ്വി രാഷ്ട്ര പരിഹാര'മെന്ന ഫോര്‍മുല ഫലസ്തീനികള്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ലെങ്കിലും കടുത്ത ഇസ്‌റാഈല്‍ തീവ്രവലതുപക്ഷ നിലപാടുകള്‍ സ്വീകരിച്ച ട്രംപില്‍ നിന്ന് വ്യത്യസ്തമാണ് ബൈഡന്റെ നിലപാടുകള്‍. ട്രംപിന്റെ കാലത്ത് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ വാഷിങ്ടണിലെ ഓഫിസ് അടച്ചുപൂട്ടുകയും സഹായധനം റദ്ദാക്കുകയും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കൂടാതെ, ഗോലാന്‍ കുന്നുകളില്‍ ഇസ്‌റാഈല്‍ അധിനിവേശം യു.എസ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നയങ്ങളെല്ലാം തിരുത്തിക്കൊണ്ടാണ് ബൈഡന്‍ ഫലസ്തീനോടുള്ള സമീപനം മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."