നൂറു ദിവസത്തെ ഡീപോര്‍ട്ടേഷന്‍ മരവിപ്പിച്ച ബൈഡന്റെ ഉത്തരവ് ടെക്സസ് ഫെഡറല്‍ കോടതി തടഞ്ഞു
പി.പി ചെറിയാന്‍
ടെക്സസ്: നിയമവിരുദ്ധമായി അമേരിക്കയില്‍ നുഴഞ്ഞുകയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യു.എസില്‍നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താല്‍കാലിക സ്റ്റേ. ജനുവരി 26 ചൊവ്വാഴ്ച ടെക്സസ് ഫെഡറല്‍ ജഡ്ജ് ഡ്രു ടിപ്റ്റനാണ് സ്റ്റേ ഉത്തരവിറക്കിയത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കെതിരേ ടെക്സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സണ്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.
ടെസ്‌കസിലെ സതേണ്‍ ഡിസ്ട്രിക്ട് യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ജഡ്ജിയായി ഡ്രു ടിപ്റ്റനെ നിയമിച്ചത് അന്നത്തെ പ്രസിഡന്റ് ട്രംപായിരുന്നു.
ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ആദ്യദിനം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലെ ഈ സുപ്രധാന തീരുമാനത്തിന് സ്റ്റേ നല്‍കിയത് ബൈഡന്‍ - കമലാ ഹാരീസ് ടീമിനേറ്റ കനത്ത പ്രഹരമായിരുന്നു.
ഡീപോര്‍ട്ടേഷന്‍ മരവിപ്പിച്ചുകൊണ്ട് ബൈഡന്‍ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമവിധേയമല്ല എന്നു മാത്രമല്ല മല്യന്‍ കണക്കിന് ഡോളര്‍ വര്‍ഷംതോറും നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ടെക്സസ് സംസ്ഥാനം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇവരെ ഡീപോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ഡേവിഡ് പെക്കോസ്‌കയോട് ഡീപോര്‍ട്ടേഷന്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് 14 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും ജഡ്ജി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിധിയോട് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."