കര്‍ഷകരെ അപമാനിക്കാന്‍ സൃഷ്ടിച്ച സംഘര്‍ഷം
അറുപത് ദിവസം തണുത്തുറഞ്ഞ ഡല്‍ഹി കാലാവസ്ഥയെ അതിജീവിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ സമരങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തു വരികയായിരുന്നു കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ സൈനിക പരേഡിന് സമാന്തരമായി കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സമരം ചെയ്യുന്ന സംയുക്ത കിസാന്‍ സഭ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.
മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും പൊലിസ് തന്നെയാണ് റാലി എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടതെന്നും വിഷയത്തില്‍ ഡല്‍ഹി പൊലിസിന് തീരുമാനമെടുക്കാമെന്നും സുപ്രിംകോടതി ഉത്തരവ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലിസ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളായ സിക്രി, ഗാസിപൂര്‍, സിംഗു എന്നിവിടങ്ങളില്‍ തമ്പടിച്ചിരുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ കടക്കേണ്ട റൂട്ടുകള്‍ നിശ്ചയിക്കുകയും റാലി കഴിഞ്ഞു സമര സ്ഥലങ്ങളില്‍ തന്നെ തിരിച്ചെത്താനുമായിരുന്നു ധാരണ. ജനാധിപത്യ വ്യവസ്ഥിതിയുടെ മുന്നേറ്റമായിരുന്നു കര്‍ഷകര്‍ നടത്തിയ റാലി. സമരത്തിന്റെ രീതി ശാന്തവുമായിരുന്നു.
എന്നാല്‍ മാര്‍ച്ച് തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴേക്കും നേരത്തെ നിശ്ചയിച്ചിരുന്ന റൂട്ടുകളില്‍ കൂടിയല്ലാതെയും പറഞ്ഞതില്‍ അധികം ട്രാക്ടറുകളും റാലിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ റാലിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങുകയായിരുന്നു. പല സ്ഥലങ്ങളിലും പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലിസ് ലാത്തിചാര്‍ജ് നടത്തി. കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചു. സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ മരണപ്പെടുകയും നിരവധി പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ദിവസം വരെ ഒരു അനിഷ്ട സംഭവത്തിനും ഇടനല്‍കാതെ തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായുമായിരുന്നു സമരം നടന്നിരുന്നത്. എന്നാല്‍ റാലി പെട്ടെന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് ദുരൂഹമാണ്. റാലി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റാലിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തോക്ക് ധാരിയെ കര്‍ഷക നേതാക്കള്‍ കൈയോടെ പിടിച്ചു പൊലിസിനെ ഏല്‍പിക്കുകയായിരുന്നു. റാലിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ തന്നെയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും തന്റെ കൂടെ വേറെയും ചിലര്‍ റാലിയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും പിടിക്കപ്പെട്ടയാള്‍ പൊലിസിനോട് സമ്മതിച്ചതാണ്. എന്നാല്‍ അവരെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. സമാധാനപരമായി ട്രാക്ടര്‍ റാലി നടക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നുവല്ലൊ കര്‍ഷക നേതാക്കള്‍ റാലിയില്‍ നുഴഞ്ഞുകയറി പ്രകോപനം സൃഷ്ടിക്കാന്‍ വന്ന വ്യക്തിയെ പിടികൂടി പൊലിസിനെ ഏല്‍പിച്ചിട്ടുണ്ടാവുക. പൊലിസ് നിഷ്‌ക്കര്‍ഷിച്ച പാതയിലൂടെയും റിപ്പബ്ലിക് പരേഡിന് യാതൊരു അലോസരവും സൃഷ്ടിക്കാതെയും റാലിനടത്താന്‍ നാല്‍പത് സംഘടനകള്‍ അടങ്ങുന്ന സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത് റാലി സമാധാനപൂര്‍വം നടക്കണമെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം. എന്നിട്ടും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൊലിമക്ക് മങ്ങലേല്‍പിക്കും വിധം കര്‍ഷക റാലി സംഘര്‍ഷഭരിതമായെങ്കില്‍ അതിന്റെ പിന്നില്‍ ആസൂത്രിതമായ നീക്കം ഉണ്ടായിരിക്കണം. മാത്രമല്ല ഇന്ത്യയുടെ ദേശീയ സ്മാരകമായ ചെങ്കോട്ടയില്‍ കയറി അതിന്റെ മുകളില്‍ സമരം ചെയ്യുന്ന വിവിധ സംഘടനകളുടെയും സിക്കുകാരുടെ ആദരണീയ പതാകയും നാട്ടണമെങ്കില്‍ അതിന്റെ പിന്നിലും ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. കാരണം സിക്കുകാരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ചെങ്കോട്ടയില്‍ നാട്ടിയ പതാക. ദീപാ സിദ്ദു എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് പതാക നാട്ടിയത്. ഇതയാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി എം.പി.സണ്ണി ഡിയോളുമൊന്നിച്ച് ദീപാ സിദ്ദു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും അമിത് ഷാക്കൊപ്പവും നില്‍ക്കുന്ന ഫോട്ടോ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അപ്പോള്‍ പ്രകോപനത്തിന് പിന്നില്‍ ഇത്തരം ശക്തികള്‍ പ്രവര്‍ത്തിച്ചു എന്നത് വ്യക്തമാണ്.
ഡല്‍ഹിയുടെ രക്തം മരവിപ്പിക്കുന്ന കൊടുംതണുപ്പില്‍ തുറസായ സ്ഥലത്ത് ശാന്തമായി നടത്തിവന്ന ഒരു സമരത്തെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ കരിതേച്ച് കാണിക്കാന്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചവരെയാണ് പുറത്തു കൊണ്ടുവരേണ്ടത്. പല പ്രതിസന്ധികളെയും പ്രകോപനങ്ങളെയും അതിജീവിച്ചാണ് കര്‍ഷകസമരം അതിന്റെ മറ്റൊരു ഘട്ടമായ ട്രാക്ടര്‍ റാലിയിലേക്ക് നീങ്ങിയത്. അറുപത് ദിവസം മുന്‍പ് തുടങ്ങിയ സമരത്തെ അവഗണിച്ചു പരാജയപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആദ്യം കരുതി. എന്നാല്‍ സമരം നാള്‍ക്കുനാള്‍ കൂടുതല്‍ കര്‍ഷക പങ്കാളിത്തത്തോടെ ശക്തിപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ചര്‍ച്ചാ പ്രഹസനങ്ങള്‍ നടത്തി അവരുടെ സഹനശക്തിയെ പരീക്ഷിച്ചു. അവിടെയും പരാജയപ്പെട്ടപ്പോള്‍ സുപ്രിംകോടതിയുടെ ഇടപെടലിലൂടെ സമരം അവസാനിപ്പിക്കാമെന്ന് കരുതി. സുപ്രിം കോടതി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സമിതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞു സമിതിയെ കര്‍ഷക നേതാക്കള്‍ ബഹിഷ്‌ക്കരിച്ചപ്പോള്‍ സര്‍ക്കാരിന്റെ ആ ഉദ്യമവും പരാജയപ്പെട്ടു. ഇപ്പോഴിതാ സമാധാനപൂര്‍വം നടത്താന്‍ ഉദ്ദേശിച്ച റാലി സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുന്നു. ഇതുവഴി കര്‍ഷകര്‍ക്കെതിരേ ജനവികാരം തിരിച്ചുവിടാമെന്നും അതുവഴി കര്‍ഷകര്‍ നടത്തിവരുന്ന സമരം പരാജയപ്പെടുത്താമെന്നും ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്ത ബുദ്ധികേന്ദ്രങ്ങള്‍ കരുതിയിട്ടുണ്ടാകണം. അതിന്റെ ഭാഗമല്ലേ ശക്തമായ സുരക്ഷ നല്‍കിവരുന്ന, ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ചെങ്കോട്ടയിലേക്ക് യാതൊരു തടസവുമില്ലാതെ കര്‍ഷകര്‍ എന്നു പറയപ്പെടുന്നവര്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്. സന്ദര്‍ശകരെ പോലും കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയാണ് ചെങ്കോട്ടയിലേക്ക് പ്രവേശിപ്പിക്കാറ്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ സുരക്ഷ കൂടുതല്‍ ശക്തിപെടുത്താറാണ് പതിവ്. അത്തരം പതിവുകളും കര്‍ശന സുരക്ഷാ ഏര്‍പ്പാടുകളും ഒഴിവാക്കിയത് എന്തിനായിരുന്നു. അന്താരാഷ്ട്രാതലത്തില്‍ വരെ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന ഒരു സഹനസമരത്തെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വം ചെങ്കോട്ടയുടെ കവാടങ്ങള്‍ തുറന്നിടുകയായിരുന്നുവോ. ഇത്തരമൊരു സംഭവത്തിന്റെ പേരില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നും പാര്‍ലമെന്റ് വളയുന്നത് ഒഴിവാക്കുമെന്നായിരിക്കണം, റാലിയെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ കരുതുന്നുണ്ടാവുക. കര്‍ഷകര്‍ നടത്തിപോന്ന ജനാധിപത്യ രീതിയിലുള്ള സമരമുറകളില്‍ ഒന്നില്‍ നിന്നു പോലും അവര്‍ ഇതുവരെ പിന്‍മാറിയിട്ടില്ല എന്നതും വസ്തുതയാണ്. ഇതു കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. അവരുടെ ദൈനംദിന ജീവിതത്തെയാണ് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കുന്നത്. ഈ നിയമങ്ങളെ അംഗീകരിച്ചുകൊണ്ട് എങ്ങനെയാണവര്‍ക്ക് അന്നന്നത്തെ ആഹാരം തേടാനാവുക. അഭിമാനത്തോടെ ജീവിക്കാനാവുക. അതിനുവേണ്ടിയുള്ള അവകാശത്തിനാണവര്‍ സമരം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന കര്‍ഷകറാലി ഡല്‍ഹിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്നത് വാസ്തവമാണ്. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണക്കാരായവര്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളല്ല. തങ്ങളുടെ സംഘടനയില്‍പെട്ട ഒരാളും സംഘര്‍ഷത്തിന്റെ ഭാഗമായിട്ടില്ലെന്ന് സമരം ചെയ്യുന്ന നാല്‍പത് സംഘടനകളുടെയും നേതാക്കള്‍ ഉറച്ച സ്വരത്തില്‍ പറയുമ്പോള്‍ റാലിയെ സംഘര്‍ഷഭരിതമാക്കിയതിന്റെയും ചെങ്കോട്ടയെ അതിനുവേണ്ടി ദുരുപയോഗപ്പെടുത്തിയതിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢ ശക്തികളെ പുറത്തു കൊണ്ടു വരികയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."