സമരക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം?, സമരപ്പന്തല്‍ ഒഴിപ്പിക്കാന്‍ നീക്കം; പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിലെ സംഭവങ്ങള്‍ക്കു പിന്നാലെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാസിപ്പൂരിലെ സമരപ്പന്തലില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കര്‍ഷകരോട് പൊലിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഡി.എം ഉള്‍പെടെ പ്രമുഖ ഉദ്യോഗസ്ഥര്‍ സമരപ്പന്തലിന് സമീപം എത്തിയതായി കര്‍ഷകര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നീട് അവര്‍ പുലര്‍ച്ചെ ഒരുമണിയോടെ പിരിഞ്ഞു പോവുകയും ചെയ്തു. സിംഗു അതിര്‍ത്തിയിലും പൊലിസിന്റെ സാന്നിധ്യം കൂട്ടിയിട്ടുണ്ട്. അതേസമയം, മുന്‍കരുതല്‍ എന്ന നിലക്കാണ് പൊലിസിന്റെ സാന്നിധ്യം കൂട്ടിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വരെ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദീപ് സിദ്ദുവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലിസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. ദര്‍ശന്‍ പാല്‍ ഉള്‍പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ഷകരും പൊലിസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചത്. പൊലിസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലിസ് വാദം.
ഇതുവരെ കേസില്‍ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."