പെൺകുട്ടികളെ കാണാതായ സംഭവം 'യുവാക്കൾ സഹായിക്കുക മാത്രമാണ് ചെയ്തത്; പോക്‌സോ കേസ് കെട്ടിച്ചമച്ചത്' പൊലിസിനെതിരേ ആരോപണവുമായി പെൺകുട്ടികൾ
സ്വന്തം ലേഖകൻ
കോഴിക്കോട്
വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ കുട്ടികളെ കാണാതായ സംഭവത്തിൽ പിടിയിലായ യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.
യുവാക്കൾ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പോക്‌സോ അടക്കമുള്ളവ പൊലിസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെൺകുട്ടികൾ വെളിപ്പെടുത്തി. മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും പെൺകുട്ടികൾ പറഞ്ഞു. ഇക്കാര്യം ചിൽഡ്രൻസ് ഹോമിന്റെ ഗേറ്റിനടുത്തെത്തി പെൺകുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമങ്ങളോടാണ് കുട്ടികൾ പ്രതികരിച്ചത്. പെൺകുട്ടികൾ ഉച്ചത്തിൽ ഇക്കാര്യം വിളിച്ചു പറഞ്ഞതോടെ ഗെയിറ്റിനടുത്ത് നിന്ന് ഇവരെ അധികൃതർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പെൺകുട്ടികൾ നേരത്തെ മൊഴിനൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പൊക്‌സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിക്ക് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിലാണ് പെൺകുട്ടികൾ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്.
എന്നാൽ ഇന്നലെ മാധ്യമങ്ങൾക്ക് മുമ്പിൽ പെൺകുട്ടികൾ പൊലിസിനെതിരേയും യുവാക്കൾക്കെതിരേ പൊലിസെടുത്ത കേസുകൾ കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ കൂടി അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തത വരുത്തേണ്ടി വരും.
അറസ്റ്റിലായ യുവാക്കളെ പരിചയപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊലിസിന് കൂടുതൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."