ലോറിയിലെ വൈക്കോലിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി രക്ഷകനായി ഷാജി പാപ്പൻ
ഡ്രൈവിങ് സീറ്റിലെത്തി അപകടം ഒഴിവാക്കിയത് നാട്ടുകാരൻ
അംജദ് ഖാൻ റശീദി
തിരുവമ്പാടി (കോഴിക്കോട്)
ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വൈക്കോൽ കെട്ടിന് തീപിടിച്ചതോടെ ഡ്രൈവർ ഇറങ്ങിയോടി. അപകടം തിരിച്ചറിഞ്ഞ നാട്ടുകാരന്റെ സാഹസിക ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. തിരുവമ്പാടി കോടഞ്ചേരി ടൗണിൽ ഇന്നലെ ഉച്ചയോടെയാണ് നാടിനെ മുൾമുനയിലാക്കിയ സംഭവമുണ്ടായത്.
കർണാടകയിൽനിന്ന് പുറപ്പെട്ട ലോറി കോടഞ്ചേരി ടൗണിന് 200 മീറ്റർ സമീപത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി രാജേഷും സഹായിയും കോടഞ്ചേരി ടൗണിൽ വാഹനം നിർത്തി ഓടിരക്ഷപ്പെട്ടു.
ഇതോടെ തീ ആളിപ്പടരാൻ തുടങ്ങി. തൊട്ടടുത്ത മസ്ജിദിൽനിന്നും മറ്റും വെള്ളമെടുത്ത് നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നാട്ടുകാരനായ ഷാജി വർഗീസ് ഡ്രൈവറുടെ സീറ്റിലെത്തി വാഹനമോടിച്ച് അപകടം ഒഴിവാക്കുകയായിരുന്നു.
ജീവൻ പണയംവച്ച് ലോറിയിൽ കയറിയ ഷാജി വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി. ഗ്രൗണ്ടിൽ ലോറി പലവട്ടം ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണ് അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് തീപിടിച്ച കെട്ടുകൾ മാറ്റി.
പിന്നീട് കോടഞ്ചേരി പൊലിസിന്റെയും മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണച്ചു. തീപിടിത്തത്തിൽ ലോറിയുടെ കാബിന് കേടുപറ്റിയിട്ടുണ്ട്. വൈദ്യുതി ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് കാരണം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന. കോടഞ്ചേരി ടൗണിലെ വ്യാപാരിയും ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."