സഊദിയിൽ വിദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിൽ വന്‍കുറവ്
ജിദ്ദ: സഊദിയിൽ കൊവിഡ് പശ്ചാത്തലത്തിലും സ്വദേേശിവത്ക്കരണത്തിനും ഇടയിൽ തൊഴിൽ വിസകൾ അനുവദിക്കുന്നതിൽ വന് കുറവ്. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച തൊഴിൽ വിസകളുടെ എണ്ണം 57.8 ശതമാനം തോതിൽ കുറഞ്ഞത്. 2020 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വ്യക്തികൾക്കുമായി ആകെ 4,46,130 തൊഴിൽ വിസകളാണ് അനുവദിച്ചത്. 2019 ൽ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 10,57,315 വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അനുവദിച്ച വിസകളിൽ 6,11,185 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രണ്ടും മൂന്നും പാദങ്ങളിലാണ് തൊഴിൽ വിസകളുടെ എണ്ണം കുത്തനെ കുറഞ്ഞത്.
ആദ്യ പകുതിയിൽ തൊഴിൽ വിസകൾ 32.8 ശതമാനം തോതിൽ കുറഞ്ഞു. ആദ്യ പകുതിയിൽ അനുവദിച്ച വിസകളിൽ 59 ശതമാനവും സ്വകാര്യ മേഖലക്കായിരുന്നു. രണ്ടാം പാദത്തിൽ വിസകളുടെ എണ്ണം 91 ശതമാനം തോതിൽ കുറഞ്ഞിരുന്നു. രണ്ടാം പാദത്തിൽ ആകെ 49,570 വിസകൾ മാത്രമാണ് അനുവദിച്ചത്. 2019 രണ്ടാം പാദത്തിൽ 5,52,430 തൊഴിൽ വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ അനുവദിച്ച വിസകളിൽ 5,02,860 എണ്ണത്തിന്റെ കുറവുണ്ടായി.
രണ്ടാം പാദത്തിൽ സ്വകാര്യ മേഖലക്ക് ആകെ 32,040 വിസകൾ മാത്രമാണ് അനുവദിച്ചത്. കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചത് വിസകളുടെ എണ്ണത്തെ ബാധിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നത് മാർച്ച് 16 ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച തൊഴിൽ വിസകൾ റദ്ദാക്കാനും വിസാ ഫീസ് തിരികെ ഈടാക്കാനും അനുവദിക്കുന്ന സംവിധാനം വിദേശ മന്ത്രാലയവുമായി സഹകരിച്ച് ഏർപ്പെടുത്തിയതായി ഏപ്രിൽ 29 ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതിനാൽ ഉപയോഗിക്കാൻ കഴിയാത്ത, വിദേശങ്ങളിലെ സഊദി എംബസികൾ വഴി പാസ്‌പോർട്ടുകളിൽ സീൽ ചെയ്ത വിസകൾ റദ്ദാക്കി ഫീസ് തിരികെ ഈടാക്കാനും സൗകര്യം ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."