കോട്ടയം ∙ കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചു ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.
പാമ്പിനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു വാവ സുരേഷിന് കടിയേറ്റത്. മൂന്നുദിവസം മുൻപ് കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് എത്തിയത്.
ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു സുരേഷിന്റെ മുട്ടിനുമുകളിൽ കടിയേറ്റത്.