കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാന ബി.ജെ.പി നേതാവിന്റെ രാജി
ഛണ്ഡീഗഡ്: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാന ബി.ജെ.പി നേതാവ് രാംപാല്‍ മജ്‌ര രാജിവെച്ചു. മുന്‍ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് മജ്‌ര.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച രാംപാല്‍ മജ്‌ര വ്യാഴാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണ്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സമൂഹത്തിലെ മറ്റുമേഖലകളെയും പ്രതികൂലമായി ബാധിക്കും' അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭത്തിനിടെ അതിശൈത്യവും ഹൃദയാഘാതവും അപകടങ്ങളും മൂലം 150ല്‍ അധികം കര്‍ഷകര്‍ മരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഒരക്ഷരം മിണ്ടാന്‍ തയാറായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന് പറഞ്ഞ മജ്‌ര സമാധാനപരമായ കര്‍ഷകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
2019ലാണ് ഐ.എന്‍.എല്‍.ഡി വിട്ട് മജ്‌ര ബി.ജെ.പിയിലെത്തിയത്. മൂന്നുതവണ ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. അടിസ്ഥാന താങ്ങുവില സംബന്ധിച്ച നിര്‍ദേശം കാര്‍ഷിക നിയമങ്ങളില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സെപ്തംബറില്‍ മജ്‌ര രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."