ഉമ്മയെയും ഉറ്റവരെയും കണ്‍നിറയെ കണ്ട് സക്കരിയ; ഏഴാണ്ടിന്റെ മൗനം പൊട്ടിച്ചെറിഞ്ഞ് കുടുംബാംഗങ്ങള്‍
പരപ്പനങ്ങാടി: വിവാഹവീട്ടിലെ സന്തോഷത്തിലേക്കു സക്കരിയയെത്തുമ്പോള്‍ ഇരട്ടി മധുരമായിരുന്നു കുടുംബാംഗങ്ങള്‍ക്ക്. ബംഗളുരു ജയിലിലെ ഏഴു വര്‍ഷക്കാലത്തെ വാസത്തിനിടെ കൂടപിറപ്പിന്റെ വിവാഹസല്‍ക്കാരത്തിനായാണ് പരപ്പനങ്ങാടി വാണിയംപറമ്പത്തു സക്കരിയ രണ്ടു ദിവസത്തെ ഇടക്കാല ജാമ്യവുമായി ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തിയത്.ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തു 2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ ബാംഗ്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
നീണ്ട പ്രാര്‍ഥനയുമായി പൊന്നുമകന്റെ വരവു കാത്തിരുന്ന ഉമ്മയെയും സഹോദരങ്ങളെയും ഉറ്റവരെയും കണ്ടു കല്യാണവീട്ടിലെ സന്തോഷത്തിലമര്‍ന്നു സക്കരിയ. നീണ്ട ഇടവേളക്കു ശേഷം ജയിലില്‍ നിന്നും സക്കരിയയെത്തുമ്പോഴും ഉദ്യോഗസ്ഥരുടെ നിയന്ത്രണമുള്ളതിനാല്‍ എല്ലാവരോടും ഇടപഴകുന്നതിലും തടസം. വീട്ടിലും പുത്തന്‍പുരയിലെ വിവാഹ ഹാളിലും മാത്രമായിരുന്നു പോകാനുള്ള അനുമതി. കണ്ണീരിലലിഞ്ഞു പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന നാട്ടുകാരും ബന്ധുക്കളുമെല്ലാം ഉള്ളിലൊതുക്കിയ വേദനയോടെയാണു സക്കരിയയെ കാണാനെത്തിയത്. എന്നാല്‍ എല്ലാവരോടുമൊത്തു സന്തോഷവാനായി സക്കരിയ.
തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഏഴു വര്‍ഷം മുമ്പു കര്‍ണാടക പൊലിസ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്തു ബംഗ്ലൂരിലേക്കു കൊണ്ടു പോയത്. പതിനെട്ടാം വയസില്‍ വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ട സക്കരിയ ഇരുപത്തിയാറാം വയസിലും വിചാരണത്തടവുകാരനായിത്തന്നെയാണു കഴിയുന്നത്.
നിരവധി പ്രക്ഷോഭങ്ങളും ഇതിനിടയില്‍ നടന്നു. ലോക്‌സഭയിലും വിഷയം അവതരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."