പെഗാസസ്: കേന്ദ്രത്തിൻ്റെ മൗനത്തിനർഥം?
പെഗാസസ് ചാരസോഫ്റ്റ്‌വെയർ കേന്ദ്ര സർക്കാർ ഇസ്റാഈലിൽനിന്ന് വാങ്ങിയെന്ന് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയ സ്ഥിതിക്ക് അത്തരമൊരു ഇടപാട് നടന്നിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് വാർത്ത പാർലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നറിഞ്ഞിട്ടും സർക്കാർ മൗനം തുടരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ ഹരജി സമർപ്പിക്കപ്പെടുകയുണ്ടായി.അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡും സുപ്രിം കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, സി.ബി.ഐ മുൻ ഡയരക്ടർ അലോക് വർമ തുടങ്ങിയവർ ഉൾപ്പെടെ മുന്നൂറിലധികം ഇന്ത്യക്കാരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ചു ചോർത്തിയെന്നായിരുന്നു ആരോപണം. 2021 ജൂലൈ 18 ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസമായിരുന്നു ആരോപണം ഉയർന്നത്. പെഗാസസ് നിർമാതാക്കളായ ഇസ്റാഈലിലെ എൻ.എസ്.ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നായിരുന്നു പാർലമെൻ്റിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറിയത്, വിഷയം ദേശീയ സുരക്ഷയെ ബാധിക്കുന്നതായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് പറഞ്ഞായിരുന്നു.
2017 ലെ ബജറ്റിൽ പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിഹിതം പത്തിരട്ടി കൂട്ടിയതിന് പിന്നിൽ പെഗാസസ് ഇടപാടുണ്ടെന്നാണ് ഇപ്പോഴുള്ള വെളിപ്പെടുത്തൽ. 2017ൽ 300 കോടി ഡോളറിന്റെ ഇന്ത്യാ- ഇസ്റാഈൽ പ്രതിരോധ ഇടപാടിലെ മുഖ്യഘടകങ്ങൾ പെഗാസസ് സോഫ്റ്റ് വെയറും മിസൈൽ സംവിധാനങ്ങളുമായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. 2017 ൽ നരേന്ദ്ര മോദി ഇസ്റാഈൽ സന്ദർശിച്ചതിനെത്തുടർന്നാണ് ഈ ഇടപാട് നടന്നതെന്നാണ് പറയപ്പെടുന്നത്. കനത്തതുക ചെലവിട്ട് ഇസ്റാഈലിൽനിന്നു ആയുധങ്ങൾക്കൊപ്പം പെഗാസസ് ചാര സോഫ്റ്റ് വെയർ ഇടപാടും നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
ജസ്റ്റിസ് (റിട്ട) ആർ.വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയെയാണ് സുപ്രിംകോടതി പെഗാസസ് ഇടപാട് സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തൽ നടത്തിയിട്ടുണ്ടോ എന്ന് സുപ്രിംകോടതി പല തവണ കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് കേന്ദ്രം ഉത്തരം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കാരിന്റെ ഇത്തരം വിശദീകരണങ്ങളിൽ തൃപ്തി വരാതെയാണ് സുപ്രിംകോടതി സ്വന്തം നിലക്ക് അന്വേഷണ സമിതിയെ നിയോഗിച്ചത്.
കഴിഞ്ഞ മെയിൽ, ഗസ്സയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നത് സംബന്ധിച്ച പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വോട്ടിനിട്ടപ്പോൾ ഇസ്റാഈലിന് അനുകൂലമായി, വോട്ടെടുപ്പിൽനിന്ന് ഇന്ത്യ മാറിനിന്നത് പെഗാസസ് ഇടപാടിലെ ഉപകാര സ്മരണയായിരുന്നുവെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, നാം പുലർത്തിപ്പോന്നിരുന്ന ഫലസ്തീൻ അനുകൂല നിലപാടിന് വിരുദ്ധമായി യു.എൻ സാമ്പത്തിക കൗൺസിലിൽ ഇസ്റാഈലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുകയുമുണ്ടായി. 2019 ജൂണിൽ ചേർന്ന യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ ആയിരുന്നു ഇസ്റാഈൽ വിധേയത്വം ഇന്ത്യ വോട്ടിങ്ങിലൂടെ പ്രകടിപ്പിച്ചത്. പെഗാസസ് സോഫ്റ്റ് വെയർ ഇസ്റാഈലിൽനിന്ന് വാങ്ങിയതിനെത്തുടർന്നാണ് ഇന്ത്യ യു.എന്നിൽ ഇസ്റാഈൽ അനുകൂല നിലപാട് സ്വീകരിക്കാൻ തുടങ്ങിയതെന്ന ആരോപണം പല ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്.
പെഗാസസുമായി ബന്ധപ്പെടുത്തി ഇന്ത്യയിൽ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നെങ്കിലും ഒന്നിനും ശരിയായ മറുപടി പറയാതെ കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറുകയായിരുന്നു. എൻ.എസ്.ഒയുമായി സർക്കാർ ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് രാജ്യസഭയിൽ വി. ശിവദാസൻ എം.പി ചോദ്യം ഉന്നയിച്ചപ്പോൾ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ട് മറുപടി പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ സർക്കാരിൻ്റെ മറുപടി തെറ്റായിരുന്നുവെന്നും സഭയെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പറയേണ്ടിവരും. ഇതേ ചോദ്യം സുപ്രിംകോടതിയും സർക്കാരിനോട് പലവട്ടം ചോദിച്ചതാണ്. സർക്കാർ വ്യക്തമായ മറുപടി നൽകാതെ ദേശീയസുരക്ഷ പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
ബജറ്റ് സമ്മേളനം ഇന്നാരംഭിക്കുകയാണ്. പെഗാസസ് ചാര സോഫ്റ്റ് വെയർ സർക്കാർ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ അതെല്ലാം നിരത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതായതിനാൽ കൂടുതലായിട്ടൊന്നും വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞ് സർക്കാരിന് ഇനിയും രക്ഷപ്പെടാൻ കഴിയില്ല.
രാഷ്ട്രപതിയുടെ പ്രസംഗം, ബജറ്റ് അവതരണം എന്നീ വിഷയങ്ങൾ കഴിഞ്ഞാൽ പെഗാസസിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രതിപക്ഷം അതിശക്തമായിസഭയിൽ ഉന്നയിക്കും. സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിനെതിരേ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻചൗധരി ലോക്സഭാ സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരിക്കുകയാണ്. നേരത്തെ കേന്ദ്രം ഈ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സത്യം പുറത്തു പറയാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോൾ സർക്കാർ ഇപ്പോൾ പാലിക്കുന്ന മൗനം മുറിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."