സോളാര്‍ കമ്മിഷന് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കേസ് അന്വേഷണ കമ്മിഷന് ജസ്റ്റിസ് ജി.ശിവരാജന് ഉത്തരവിട്ടു. പുതുതായും വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികളും കമ്മിഷന് അഭിഭാഷകനും നല്കിയ 52 പേരുടെ പട്ടികയില്‍ മൂന്ന് പേരെ വിസ്തരിക്കേണ്ടതില്ലെന്നും കമ്മിഷന് തീരുമാനിച്ചു. 21പേരെ വീണ്ടും വിസ്തരിക്കാനും 28 പേരെ പുതുതായി വിസ്തരിക്കാനുമാണ് ഉത്തരവില്‍ പറയുന്നത്. കമ്മിഷനില്‍ ഇതിനോടകം സാക്ഷികള്‍ നല്കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എന്നാല്‍ വിസ്താര തിയതി കമ്മിഷന് പിന്നീട് പ്രഖ്യാപിക്കും. ജനുവരി 25ന് ഉമ്മന്‍ചാണ്ടിയെ കമ്മിഷന് വിസ്തരിച്ചതിനുശേഷം സരിത എസ്.നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും ഉമ്മന്‍ചാണ്ടിയുമായി അഞ്ച് തവണ ഫോണില്‍ ബന്ധപ്പെട്ടെന്നുള്ള അഡ്വ.ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നത്.
എല്ലാ ജില്ലകളിലും സോളാര്‍ പാനലുകള്‍ സൗജന്യമായി സ്ഥാപിക്കുന്ന വിവരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചിരുന്നതായും സരിത കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. പി.സി.ജോര്‍ജ്, ജിക്കുമോന്, സലിം രാജ്, എബ്രഹാം കലമണ്ണില്‍, മല്ലേലില്‍ ശ്രീധരന് നായര്‍, തോമസ് കുരുവിള, എ.ഡി.ജി.പി എ.ഹേമചന്ദ്രന്, സരിത.എസ്.നായര്‍ തുടങ്ങിയവരെയാണ് വീണ്ടും വിസ്തരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, മുന്‍മന്ത്രി കെ. ബാബു, മുന്‍ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യം, ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവ ശര്‍മ്മ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്.കെ.ബാലകൃഷ്ണന്, ഗണ്മാന്മാരായിരുന്ന പ്രദീപ്, രവി, അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി സുരേന്ദ്രന്, മുന്‍ എം.എല്‍.എ ബാബു പ്രസാദ് തുടങ്ങി 28പേരെയാണ് പുതുതായി വിസ്തരിക്കുന്നത്.
ടീം സോളാറുമായി ഇടപാട് നടത്തിയിരുന്ന ഹൈദരാബാദിലെ സുരാന വെഞ്ചേഴ്സിന്റെ പ്രതിനിധികളെയും പുതുതായി വിസ്തരിക്കും. അതേസമയം 2013ലെ നിയമസഭാ സെക്രട്ടറി, പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, നോബി അഗസ്റ്റിന് എന്നിവരെ വിസ്തരിക്കണമെന്ന അപേക്ഷ കമ്മിഷന് തള്ളി. ഇവരെ വിസ്തരിക്കാന്‍ മതിയായ വെളിപ്പെടുത്തലുകളില്ലെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. കമ്മിഷന് അഭിഭാഷകന് സി.ഹരികുമാര്‍,ലോയേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ബി.രാജേന്ദ്രന് അഡ്വ.ജോണ്‍ജോസഫ് എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ് കമ്മിഷന് ഉത്തരവ് പുറപ്പെടുവിച്ചത്.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."